വയോധികയുടെ സ്വര്‍ണവും പണവും കവര്‍ന്ന
ചെറുമകളും കാമുകനും അറസ്റ്റില്‍
തട്ടിയെടുത്തത് പതിനേഴര പവനും എട്ടു ലക്ഷം രൂപയും
വയോധികയുടെ പതിനേഴര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന ചെറുമകളെയും കാമുകനെയും ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചേര്‍പ്പ് പാറളം പള്ളിപ്പുറം തെക്കുംമുറിയില്‍ പുളിപ്പറമ്പില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീല (72) യുടെ സ്വര്‍ണ്ണവും പണവുമാണ് ചെറുമകളും കാമുകനും ചേര്‍ന്ന് തട്ടിയെടുത്തത്. ലീലയുടെ മകന്‍ പരേതനായ സുരേഷിന്റെ മകള്‍ ബിബിഎ ബിരുദധാരിയായ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്നില്‍ തണ്ടോല അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സുരേഷിന്റെ മരണശേഷം ലീലയും സൗപര്‍ണികയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അമ്മ വര്‍ഷങ്ങളായി മറ്റൊരിടത്താണ് താമസം. ലീലയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ ആരോഗ്യവകുപ്പില്‍ ജിവനക്കാരനായിരുന്നു. ഭാസ്‌കരന്റെ മരണത്തെ തുടര്‍ന്ന് ലീലയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ തുകയുമായി ബന്ധപ്പെട്ട ബാങ്കിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സൗപര്‍ണ്ണികയാണ്. ലീലയ്ക്ക് ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപത്തില്‍നിന്ന് നാലു തവണകളായാണ് സൗപര്‍ണിക പണം കൈക്കലാക്കിയത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നെടുത്തു. ആഭരണങ്ങള്‍ക്ക് പകരം അതേ മോഡലിലുള്ള മുക്കുപണ്ടങ്ങള്‍ തിരികെവച്ചു. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പണം വാങ്ങി. കാമുകനായ അഭിജിത്തിന്‍ന്റെ വീട് നിര്‍മാണത്തിനും കാര്‍ വാങ്ങുന്നതിനുമാണ് പണം ഉപയോഗപ്പെടുത്തിയത്.
മുക്കുപണ്ടമാണെന്നറിയാതെ ധരിച്ചതിനെ തുടര്‍ന്ന് ലീലയുടെ കാതിന് പഴുപ്പ് ബാധിച്ചപ്പോള്‍ ആഭരണങ്ങള്‍ ദീര്‍ഘകാലം അഴിച്ചുവച്ചു. കാതിലെ ദ്വാരം അടഞ്ഞുപോയി. തൃശൂരിലെ ജ്വല്ലറിയിലെത്തി വീണ്ടും ദ്വാരമിട്ട് ആഭരണം അണിയാന്‍ ശ്രമിച്ചപ്പോഴാണ് ജ്വല്ലറിക്കാര്‍ സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളെ വിളിച്ച് ബാക്കിയുള്ള ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കവര്‍ച്ച വെളിപ്പെട്ടത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ചേര്‍പ്പ് സിഐ ടി വി ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

