വീട് വിട്ടിറങ്ങിയ 17 -കാരിയായ ഒറ്റപ്പാലം സ്വദേശിനിയെ രാസലഹരി നല്കി പീഡിപ്പിച്ച ശേഷം പെണ്‍വാണിഭ സംഘത്തിന് വിറ്റ കേസിന്റെ അന്വേഷണം ചാത്തന്നൂര്‍ എ സി പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്.
പാലക്കാട് എസ്പി. ആര്‍. വിശ്വനാഥ് മേല്‍നോട്ട ചുമതല വഹിക്കും. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ ജബാറും ഒറ്റപ്പാലത്തെ പോലീസ് ഉദ്യോഗസ്ഥരുമടക്കം ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക.
വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ പരിചയപ്പെട്ട ഇരിങ്ങാലക്കുട അപാദന്‍ ഹൗസില്‍ ഡോണല്‍ വില്‍സല്‍ (26) ആണ് മുഖ്യപ്രതി. ഈയാള്‍ കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഡോണല്‍, പെണ്‍കുട്ടിയെ പാരിപ്പള്ളി എഴിപ്പുറത്തെ ചെരുപ്പ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന വാടകവീട്ടില്‍ എത്തിച്ച് മൂന്ന് ദിവസം പീഡിപ്പിച്ചു. ഇവിടെ വച്ച് പലര്‍ക്കും കൈമാറുകയും ചെയ്തു. പാരിപ്പള്ളിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ ഒളിവിലാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ച ശേഷം സെക്‌സ് മാഫിയാസംഘത്തിന് വിറ്റതായാണ് ആരോപണം. തിരുവനന്തപുരത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെണ്‍കുട്ടിയെ ആദ്യം എത്തിച്ചതും പീഡിപ്പിച്ചതും പാരിപ്പള്ളിയില്‍ വച്ചായതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല ചാത്തന്നൂര്‍ എസി പി യ്ക്ക് കൈമാറിയത്. തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ഒറ്റപ്പാലം പോലീസിന് കൈമാറുകയായിരുന്നു.

