രാജ്യത്തെ എല്ലാ തടവ് പുള്ളികള്‍ക്കും ആധാര്‍ എടുക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കുന്നത്. ആധാര്‍ പദ്ധതിയില്‍ തടവുകാരെ ഉള്‍പ്പെടുത്തുന്നതിന് തിരിച്ചറിയല്‍ രേഖയായ പ്രിസണേഴ്‌സ് ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് (പിഐഡി) മതിയെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
തടവ് പുള്ളികള്‍ക്ക് ആധാര്‍ നല്‍കാനുള്ള പ്രചാരണ പരിപാടികള്‍ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍, ആധാറില്‍ ഉള്‍പ്പെടുന്നതിനുള്ള മതിയായ തിരിച്ചറിയില്‍ രേഖകള്‍ പലരുടെയും കൈവശം ഇല്ലാതിരുന്നത് കൊണ്ട് പദ്ധതി പ്രതീക്ഷിച്ചത് പോലെ മുന്നോട്ടു നീങ്ങിയില്ല. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇപ്പോള്‍ ബന്ധപ്പെട്ട ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ ഒപ്പോടു കൂടിയ പിഐഡി തിരിച്ചറിയല്‍ രേഖയായ് അംഗീകരിക്കാമെന്ന് യുഐഡിഎഐ സമ്മതിച്ചത്.
നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 148 സെന്‍ട്രല്‍ ജയിലുകളും 424 ജില്ലാ ജയിലുകളും 564 സബ്ജയിലുകളും 32 വനിത ജയിലുകളും 5.5 ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ദുര്‍ഗുണ പരിഹാര പാഠശാലകളും ഉള്‍പ്പടെ 1319 തടവ് കേന്ദ്രങ്ങളാണുള്ളത്. ഈ തടവുകാരെ ഒന്നടങ്കം ആധാര്‍ പദ്ധതിയുടെ കീഴിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ ജയിലുകളും ആധാര്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തു നല്‍കിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ജയില്‍ വകുപ്പാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടത്. തടവ് പുള്ളികളെ കോടതികളില്‍ ഹാജരാക്കുമ്പോഴും ജയിലിലേക്കു തിരിച്ചെത്തിക്കുമ്പോഴും ചികിത്സയ്ക്കും മറ്റും ജയിലിനും പുറത്തേക്ക് മാറ്റേണ്ടി വരുമ്പോഴും നടപടിക്രമങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തി വേണം. സൗജന്യ നിയമസഹായം, പരോള്‍, താത്കാലിക വിട്ടയക്കല്‍, വിദ്യാഭ്യാസ, തൊഴില്‍ പരിശീലനം, ജയില്‍ മോചനം എന്നിവയ്ക്കും ഇനി ആധാറുമായി ബന്ധിപ്പിച്ചേ പാടുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. തടവുകാരെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ തിരിച്ചറിയില്‍ രേഖയായും ആധാര്‍ മാത്രമേ സ്വീകരിക്കൂ.
തടവുകാര്‍ക്ക് ആധാര്‍ നല്‍കുമ്പോള്‍ പ്രിസണ്‍ ഇന്‍ഡക്ഷന്‍ രേഖയിലുള്ള ആദ്യ പേര് മാത്രം ചേര്‍ത്താലും മതിയാകും. ജനന തീയതിയും പിഐഡിയിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താം. ബന്ധുത്വം തെളിയിക്കുന്ന വിവരങ്ങള്‍ അഥവാ ആരുടെ മകനോ മകളോ എന്നത് വിലാസത്തിനൊപ്പം ചേര്‍ക്കേണ്ടതില്ല. സ്ഥിരം മേല്‍വിലാസും ഇപ്പോഴത്തെ മേല്‍വിലാസവും പിഐഡിയില്‍ ഉണ്ടെങ്കില്‍ സ്ഥിരം മേല്‍വിലാസമാണ് ആധാറില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്.

