ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയും. വൈകീട്ട് 5 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. വര്‍ണശബളമായ പരിപാടികളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 3 മണിമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തോളം കാണികള്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ്. സുപ്രീം കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇവന്റ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ മൗലാവിയാണ് പ്രത്യേക പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാള്‍ ആരാധകര്‍ക്ക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അവസാനിച്ച ശേഷം ഖത്തറിലെത്താം. ഹയ്യാ കാര്‍ഡുള്ളവര്‍ക്കാണ് ഡിസംബര്‍ 2 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും, ലോകകപ്പ് സെക്യൂരിറ്റി വിഭാഗത്തിന്റെയും ഔദ്യോഗിക വക്താവായ കേണല്‍ ജാബിര്‍ ഹമൗദ് ജാബിര്‍ അല്‍ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.

