ശബരിമലയില്‍ തിരക്കേറുന്നു. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. നിരവധി ഭക്തരാണ് ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത്.ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ട്.
12 സ്ഥലങ്ങളില്‍ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ മാത്രം 10 കൗണ്ടറുകള്‍ തുറക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് തത്സമയ ബുക്കിങ്. ബുക്കിങ്ങിന് ഫീസില്ല. രേഖകള്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധിക്കും. ആറു വയസില്‍ താഴെയുള്ളവര്‍ക്ക് ബുക്കിംങ്ങ് ആവശ്യമില്ല. ദര്‍ശനത്തിന് വരുന്നവര്‍ sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ബുക്കുചെയ്യേണ്ടത്. കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട.
sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ പേര്, ജനന തീയതി, മേല്‍വിലാസം, പിന്‍കോഡ്, തിരിച്ചറിയല്‍ രേഖ, സ്‌കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ- മെയില്‍ ഐഡി നല്‍കി പാസ് വേഡ് എടുക്കണം. ഇതു വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്‌സില്‍ ടിക്ക് ചെയ്യണം. ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
വെബ്‌സൈറ്റിലെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇ-മെയില്‍ ഐഡിയും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യണം. വിന്‍ഡോയില്‍ വെര്‍ച്വല്‍ ക്യൂ ബട്ടണ്‍ അമര്‍ത്തിയാല്‍ ദര്‍ശന സമയം തിരഞ്ഞെടുക്കാവുന്നതാണ്. 10 പേരെ ഒരു അക്കൗണ്ടില്‍ ബുക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ കൃത്യമാകണം. ഇതിനായി ‘ആഡ് പില്‍ഗ്രിം’എന്ന ബട്ടണ്‍ അമര്‍ത്തുക. ഒരോ വ്യക്തിയുടെയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. ദര്‍ശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും നല്‍കണം. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെന്ന സന്ദേശം മൊബൈലില്‍ ലഭിക്കും. കൂപ്പണ്‍ പ്രിന്റ് ചെയ്ത് കൈയില്‍ കരുതണം. ബുക്കുചെയ്ത കൂപ്പണിന്റെ കോപ്പി മൊബൈല്‍ ഫോണില്‍ കാണിച്ചാലും മതി.

