കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

Kerala Politics

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. രണ്ട് ദാർശനികരുടെ കൂടിക്കാഴ്ചനടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടെന്നാണ് തലക്കെട്ട്
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം.
രണ്ട് ദാർശനികരുടെ കൂടിക്കാഴ്ച നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ‘
നോക്കൂ, എത്ര മഹത്തായ ദിവസമായിരുന്നത്.
1922 നവംബർ 15 നാണ് രവീന്ദ്രനാഥ ടാഗോർ തന്റെ സന്തതസഹചാരി സി.എഫ്.ആൻഡ്രൂസിനൊപ്പം ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കാണുന്നത്.
ടാഗോറും ശ്രീനാരായണഗുരും കവികളാണെന്നതും ഈ കൂടിക്കാഴ്ചയുടെ മഹത്വം വർദ്ധിപ്പിക്കുന്നു.

ഗുരുവിന്റെ സന്ദേശങ്ങളിൽ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണല്ലോ.

ലോകശ്രദ്ധനേടിയ രണ്ട് മഹാത്മാക്കളുടെ കൂടിക്കാഴ്ച്ചക്ക് വേദിയായ ശിവഗിരിമഠം നൂറ്റാണ്ടിന്റെ അപൂർവ്വ സമാഗമം വിപുലമായി ആഘോഷിക്കുകയാണ്.

ഈ ചരിത്രകൂടിക്കാഴ്ചയുടെ കഥ ഇതിനോടകം നിങ്ങളെല്ലാവരും വായിച്ചറിഞ്ഞിട്ടുണ്ടാവും. വാർത്തകളിലൂടെ കടന്നുപോയപ്പോൾ ഒരു നൂറ്റാണ്ടുമുൻപുള്ള കേരളത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത.
ഈ സമാഗമം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കേരളത്തിന്റെ അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ, ചരിത്രം വീണ്ടും ഓർമ്മിക്കപ്പെടുമ്പോഴാണ് നമ്മളെങ്ങനെ നമ്മളായി എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്.
ഒരു ചരിത്രശേഷിപ്പിൽ നിൽക്കുമ്പോൾ ആ കാലത്തെ മുൻപിൽ കാണുവാനും സാധിക്കണം. അപ്പോഴാണ് എത്രയോ മഹത്തായ കർമ്മകാണ്ഡങ്ങളിലൂടെ ഉരുവംകൊണ്ട നമ്മുടെ സാംസ്‌ക്കാരിക ഉന്നതിയെക്കുറിച്ച് നമുക്ക് അഭിമാനിക്കുവാൻ കഴിയുന്നത്.
ടാഗോറിനെപ്പോലെയും ശ്രീനാരായണഗുരുവിനെപ്പോലെയുള്ള മഹത്തുക്കൾ ഉഴുതുമറിച്ച ഭൂമികയിലാണ് സ്വാതന്ത്ര്യത്തിന്റെ സുഗന്ധത്തിനായുള്ള വിത്തുകൾ മുളച്ചുവന്നത്.

വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർഥമുള്ള പര്യടനത്തിനിടെ തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോർ തിരുവനന്തപുരത്തെത്തിയത്.അത് 1922 നവംബർ 8ന്. പിന്നീടാണ് ഗുരുവിനെ ദർശിക്കാൻ ശിവഗിരിയിലെത്തുന്നത്.
ഇവർക്ക് ഇടയിൽ ദ്വിഭാഷിയായി മഹാകവി കുമാരനാശാനും.
അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ടാഗോർ തിരികെ മടങ്ങും മുൻപ് സന്ദർശന ഡയറിയിൽ ഇങ്ങനെ കുറിച്ചു : ശ്രീനാരായണ ഗുരുവിനേക്കാൾ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല.

അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരനു സുഖത്തിനായ് വരേണം…. ‘
എന്ന ഗുരുവചനവും

Where the mind is led forward by thee into everwidening thought and action
Into that heaven of freedom, my Father, let my coutnry awake.

(എവിടെയന്തരംഗത്തെ നയിപ്പുനീ
സതതം വ്യാപിക്കും ചിന്താകർമ്മങ്ങളിൽ ,
അവിടെ മുക്തിതൻ സ്വർഗ്ഗരാജ്യത്തിലേ
ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!)
ടാഗോറിന്റെ ഗീതാഞ്ജലിയിലെ 35ാം ഖണ്ഡികയിലെ അവസാന കവിവാക്യവും

ഒരു നൂറ്റാണ്ടിനിപ്പുറവും പരസ്പരപൂരകങ്ങളായി ഈ സൗന്ദര്യാരാമത്തിൽ സുഗന്ധം പരത്തുന്ന കാവ്യശകലങ്ങളായി കാലാതീതമായി നിലകൊള്ളുകയാണ്. അത് ചരിത്രാതീതകാലത്തോളം നിലനിൽക്കയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *