തെലങ്കാനയിലെ ചാര്‍ട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയുടെ മുന്‍ ഓഡിറ്ററാണ് ബുച്ചി ബാബു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേസില്‍ കവിതയും പ്രതിയാണ്.
കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു പിന്നാലെ മദ്യനയം പിന്‍വലിച്ചു. ആംആദ്മി പാര്‍ട്ടിക്ക് 100 കോടി നല്‍കിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. സൗത്ത് ഗ്രൂപ്പിന്റെ ഓഡിറ്ററായും ബുച്ചി ബാബു ജോലി ചെയ്തിട്ടുണ്ട്. ഭാരത് രാഷ്ട്ര സമിതി നേതാവായ കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാര്‍മയിലെ ശരത് റെഡ്ഡി എന്നിവര്‍ സൗത്ത് ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് സിബിഐ പറയുന്നു. മദ്യനയം അനുകൂലമാക്കാന്‍ എഎപിക്ക് ഇവര്‍ പണം നല്‍കുകയായിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കേസില്‍ ചോദ്യം ചെയ്തിരുന്നു.

