ജാഫർ .എസ്
പരമ്പരാഗത മലയാള സിനിമയിൽ ആഴത്തിൽ വേരുറച്ചു പോയ കുറച്ചു കാര്യങ്ങളെയെങ്കിലും നിഷേധിക്കാൻ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്..
1. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ ‘ അതായത് ഒരാൾ ചെയ്യുന്ന തിന്മകൾക്കുള്ള പ്രതിഫലം അയാൾക്ക് കിട്ടിയേ തീരൂ , അതായത് ‘കർമ്മ’ സിദ്ധാന്തം. എത്രയോ മല്ലു വില്ലന്മാർ കർമ്മയിൽ തട്ടിവീണു ചത്ത മലയാള സിനിമയിൽ ഇതാദ്യമായി ഒരു ദുഷ്‌ടൻ തന്റെ തിന്മയുടെ പ്രതിഫലം കിട്ടാതെ വിജയിച്ചു നിൽക്കുന്നു. മനുഷ്യന്റെ ജീവിതത്തിലെ വരുംവരായ്കകൾ എന്നത് അയാളുടെ പ്രവൃത്തി / അയാളോട് ബന്ധപ്പെട്ടവരുടെ പ്രവൃത്തി /ബാഹ്യ സാഹചര്യങ്ങൾ /യാദൃശ്ചികത എന്നത് മാത്രമാണ്. മനുഷ്യൻ ചെയ്യുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾക്ക് അതിന് അനുസൃതമായ ഫലം നൽകാൻ ഒരു പുറം ഏജൻസി ഇല്ല എന്ന കിറുകൃത്യം നിഗമനം ആണ് സിനിമയുടെ അന്തർധാര എന്ന് കരുതുന്നതിൽ തെറ്റില്ല..
2. മുഖ്യ കഥാപാത്രം എന്നത് ‘നായകൻ /നായിക ‘ ആകണം എന്ന നിശ്ചയവും നായകൻ/വില്ലൻ ബൈനറികളെയും തിരസ്കരിച്ചിരിക്കുന്നു. മുകുന്ദനുണ്ണി മോഹൻലാൽ മാതൃകയിൽ വാർത്തെടുത്ത വില്ലത്തം കലർന്ന നായകനോ നായകത്വം കലർന്ന വില്ലനോ അല്ല. അയാൾ അയാൾക്ക് നായകനും അപരർക്ക് (കാണിക്കും) വില്ലനും ആണ്.
3. നായകൻ /മുഖ്യകഥാപാത്രം തിന്മ നിറഞ്ഞവൻ/ൾ ആണെങ്കിൽ അയാളുടെ കാമുകി/ഭാര്യ അതിന് നേരെ തിരിച്ചുള്ള സ്വഭാവം ഉള്ളയാൾ ആയിരിക്കുമെന്ന നിശ്ചയവും ഈ സിനിമയിൽ ഇല്ല. കുടിലതയിൽ മുകുന്ദനുണ്ണിയെ അതിശയിക്കുന്ന ആളാണ് അയാളുടെ പാർട്ണർ ഈ സിനിമയിൽ..
4.സിനിമയ്ക്ക് ഒരു സന്ദേശം വേണം എന്ന തെറ്റായ വിശ്വാസത്തിന്റെ കടയ്ക്കലും വെട്ടിയിരിക്കുന്നു. കാണിയെ സന്ദേശം നൽകി നന്നാക്കൽ അല്ല സിനിമയുടെ പണി എന്നത് ഭംഗിയായി പറഞ്ഞു..
5. എങ്ങിനെയാണ് ഒരു സിനിമ സാമ്പത്തികമായി വിജയിക്കുക എന്ന ഫോർമുലകളെ /വിശ്വാസങ്ങളെ തകിടം മറിച്ചു ഈ സിനിമ എന്ന് വേണമെങ്കിൽ പറയാം. ‘നന്മയല്ല , തിന്മയാണ് ജയിക്കുന്നത്’ (ഈ സിനിമയിൽ) എന്ന പ്രമേയം മുന്നോട്ട് വെക്കുന്ന ഒരു സിനിമ എങ്ങിനെയാണ് , നന്മയിൽ ‘വിശ്വസിക്കുന്ന’ , ‘അധർമ്മ’ ത്തെ ‘ഇഷ്‌ടപ്പെടാത്ത’ , വില്ലത്തം നിറഞ്ഞവനെങ്കിലും നായകൻ ഒടുവിൽ ധർമ്മസംസ്ഥാപനം ചെയ്യുന്ന സത്ഗുണൻ ആയിരിക്കണം എന്ന നിശ്ചയം ഉള്ള ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കാണികൾക്ക് ഇഷ്ടപ്പെട്ടു എന്നത് ചിന്തനീയമായ ഒന്നാണ്.
6.ഒരു പക്ഷേ മലയാള സിനിമ കണ്ട ഏറ്റവും കുടിലനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ ഏറ്റവും നിഷ്‌കു /സോഫ്റ്റ് ഇമേജ് ഉള്ള വിനീത് എന്ന നടനെത്തന്നെ തിരഞ്ഞെടുത്തതിൽ സംവിധായകൻ കാണിച്ച സൂക്ഷ്മത അപാരം..
പിന്നെ പറയാനുള്ളത് തിരക്കഥയെ കുറിച്ചാണ്. ഇതിവൃത്തം ഒറിജിനൽ അല്ല , ചുരുങ്ങിയത് മൂന്ന് സിനിമകളുടെയെങ്കിലും സ്വാധീനം അതിനുണ്ട് എങ്കിലും അസാധ്യസൂക്ഷ്മസുന്ദരമായ തിരക്കഥയാണ് ആ ഇതിവൃത്തത്തിൽ നിന്ന് മെനഞ്ഞെടുത്തത് എന്നതിൽ അഭിനന്ദനം നൽകാതെ വയ്യ..
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ തുടരുന്ന , മുകുന്ദനുണ്ണിയുടെ ആത്മഗതങ്ങൾ ആണ് സിനിമയുടെ ആഖ്യാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിൽ അയാളുടെ സൈക്കിക് മനോവ്യാപാരങ്ങൾ ഉണ്ട് , തീവ്രതയാർന്ന ആശനിരാശകൾ ഉണ്ട് , ലോകത്തെ/ചുറ്റുമുള്ള മനുഷ്യരെ അയാൾ കാണുന്ന വിധമുണ്ട് , അയാളുടെ ജീവിത വീക്ഷണമുണ്ട് , അയാളുണ്ട്. ഇത്തരമൊരു പരീക്ഷണം വിജയിച്ചു എന്ന് വേണം പറയാം. മുകുന്ദനുണ്ണിയുടെ ഭ്രാന്തമായ മനസ്സിന്റെ തലങ്ങൾ കൃത്യമായി ഇവ കാണിക്ക് തരുന്നുണ്ട്..
സിനിമ പ്രസരിപ്പിക്കുന്നത് തിന്മയാണ് , തിന്മ മാത്രമാണ് എന്നൊരു ചിന്ത എനിക്കില്ല. സിനിമ ഉണർത്തുന്നത് ഒരു പ്രത്യേക അസ്വസ്ഥതയാണ് , മുകുന്ദനുണ്ണി ചെയ്യുന്നതൊന്നും ഞാൻ ചെയ്യില്ല , എനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് സിനിമ/ആ അസ്വസ്ഥത കഴിയുമ്പോൾ മനസ്സിൽ അവശേഷിച്ചത്..
