നടിയും ക്ലാസിക്കൽ നർത്തകിയുമായിരുന്ന ബേല ബോസ് അന്തരിച്ചു. 79 വയസ്സായിരുന്നു. ക്ലാസിക്കൽ മണിപ്പൂരി നൃത്തരൂപത്തിൽ പരിശീലനം നേടിയ ബേല 1950 മുതൽ 1980 വരെ സിനിമാലോകത്ത് പ്രവർത്തിച്ചു. ‘ജീനേ കി റാഹ്’, ‘ശിഖർ’, ‘ജയ് സന്തോഷി മാ’ തുടങ്ങിയ സിനിമകളിലൂടെയാണ് നടി അറിയപ്പെട്ടത്. 200-ലധികം ഹിന്ദി, പ്രാദേശിക ഇന്ത്യൻ സിനിമകളിൽ അവർ അഭിനയിച്ചു. ഹെലൻ, അരുണ ഇറാനി എന്നിവർക്കൊപ്പം ആ കാലഘട്ടത്തിലെ ഏറ്റവും അറിയപ്പെടുന്ന നർത്തകിമാരിൽ ഒരാളായിരുന്നു ബേല. ബഹുമുഖ പ്രതിഭയായിരുന്നു ബോസ്. ഒരു നല്ല അഭിനേതാവും മികച്ച ക്ലാസിക്കൽ നർത്തകിയുമായിരുന്ന ബേല കവിതകളെഴുതിയിരുന്നു. വിദഗ്ദ്ധയായ ചിത്രകാരിയും ദേശീയതല നീന്തൽ താരവുമായിരുന്നു. നടനും ചലച്ചിത്ര നിർമ്മാതാവുമായ അസിസ് കുമാറിനെയാണ് നടി വിവാഹം കഴിച്ചത്.
