ജാഫർ. എസ്
ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജ്യർ കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും പോലീസ് സ്റ്റേഷനും എസ് ഐയും റൈറ്ററും ഐ പി സി സെക്ഷനും എഫ് ഐ ആറും വാദിയും പ്രതിയും സാക്ഷിയും കേസ് ഡയറിയും മൊഴിയും കോടതിയും മജിസ്ട്രേറ്റും സമൻസും വക്കീലും കേസുകെട്ടും ഗുമസ്തനും ബെഞ്ച് ക്ലർക്കും നീതിദേവതയും അവളുടെ തുലാസും ‘യുവറോണറും’ ‘യെസ് പ്രൊസീഡും’ ജാമ്യവും റിമാൻഡും ജയിലും ചാർജ്ജ് ഷീറ്റും പ്രോസിക്യൂഷൻ എവിഡൻസും വാദവും ക്രോസ് വിസ്താരവും മാറ്റിവെക്കലും മാറ്റിവെക്കലും മാറ്റിവെക്കലും വിധിയും ആപ്പീലും മേൽക്കോടതിയും ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജ്യർ കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും.
എല്ലാം നീതിക്ക് വേണ്ടി , നീതി ലഭിക്കാൻ വേണ്ടി , നീതി നൽകാൻ വേണ്ടി , അനീതിയിൽ നിന്ന് രക്ഷയ്ക്ക് വേണ്ടി..
എന്നിട്ടെത്രപേർക്ക് അത് കിട്ടുന്നു..?
മേൽപ്പറഞ്ഞ സങ്കീർണ -ദുരൂഹ നടപടിക്രമങ്ങളുടെയും വ്യവഹാരങ്ങളുടെയും ഇടയിൽ ഞെരിഞ്ഞമർന്നപ്രത്യക്ഷമാകുന്നത് ഇവയെക്കുറിച്ചെല്ലാം അജ്ഞരായ , അവയ്ക്ക് മുൻപിൽ നിസ്വരായ മനുഷ്യർക്കൊപ്പം #നീതി എന്ന ‘അനാദി’ സങ്കല്പം കൂടിയല്ലേ?!
കാലം തെറ്റിക്കിട്ടുന്ന നീതി , അനീതിയല്ലേ , കുറ്റവാളിയെ സംബന്ധിച്ചു പോലും..?!
‘നീതി നഷ്ടപ്പെട്ട ജനതയ്ക്ക് കാലവും നഷ്ടപ്പെടുന്നു’ എന്ന് ആനന്ദ്. ഈ സിനിമയിൽ മടലുബാറ്റും , പറിയാനായി ആടി നിന്ന ആ പല്ലും , വെള്ളക്കയും വെള്ളക്ക പോയി തട്ടിയ ഐഷാ രാവുത്തറും അവരുടെ വൈയക്തികപ്രശ്നങ്ങളും എല്ലാം ഒറ്റ നിമിഷത്തിലേക്ക് ചുരുങ്ങുമ്പോൾ അവിടേക്ക് ഐപിസിയും സി ആർ പി സിയും 326 ഉം ജാമ്യവും വിചാരണയും മാറ്റിവെക്കലും മാറ്റിവെക്കലും മാറ്റിവെക്കലും കടന്നു വരുന്നു , നീതി നടപ്പാക്കാനുള്ള നിയമത്തിന്റെ സങ്കീർണ നിമിഷങ്ങൾ പ്രവേശിക്കുമ്പോൾ പ്രതിയുടെ , വാദിയുടെ , സാക്ഷിയുടെ ഒക്കെ കാലവും അവരിൽ നിന്ന് നഷ്ടപ്പെടുന്നു..
മലയാള സിനിമ അകപ്പെട്ടു പോയ അതിനാടകീയ കോടതി രംഗങ്ങളിൽ നിന്നും അവ മുന്നോട്ട് വെച്ച നീതി/അനീതി സങ്കല്പങ്ങളിൽ നിന്നും വളരെ അപൂർവമായി മാത്രമേ അതിന് രക്ഷപ്പെടാൻ സാധിച്ചിട്ടുള്ളൂ. ‘മേൽവിലാസ’ ത്തിലെ കോടതി, സമൂഹത്തിലെ ഏറ്റവും താഴെക്കിടക്കുന്ന ഒരുവന് (പ്രതിക്ക്) നീതി നൽകാൻ കഴിയാത്ത നിയമത്തിന്റെ എട്ടുകാലി വലയ്ക്കകത്ത് ഇരുന്ന് അന്തിമ വിധി വായിക്കുമ്പോൾ , ‘ന്നാ താൻ കേസ് കൊട് ‘ ലെ കോടതി , കൊളോണിയൽ കാലം മുതൽക്കേ അതിനു മുകളിൽ പടുത്തുയർത്തപ്പെട്ട എല്ലാ സ്ഥാപനവത്കരണങ്ങളുടെയും ഗാംഭീര്യങ്ങളുടെയും പക്ഷപാതിത്വങ്ങളുടെയും അടിയിൽ നിന്ന് ഊർന്നു വന്ന് ചിരിച്ചു കൊണ്ട് മന്ത്രിയോട് (ആദ്യം വാദി , പിന്നെ പ്രതി) ചോദിക്കുന്നു , ‘ പേടിയുണ്ടോ പ്രേമേട്ടാ’ എന്ന് . എന്നിട്ട് , മതിൽ വീണ് ചത്ത കല്ലുവിന്റെ ആടിന്റെ മരണത്തിന് , കൊലക്കുടുക്കിന് പാകമാകുന്ന കഴുത്ത് ഉള്ളത് കൊണ്ട് മാത്രം അപരാധിയാക്കി മാറ്റപ്പെടുന്ന ഗോവർദ്ധനന്റെ വിധിയെ തിരുത്തിക്കൊണ്ട് കൊഴുമ്മൽ രാജീവന്റെ വ്യസനത്തിന്റെ കൃത്യമായ കാരണമായ മന്ത്രിയെ ശിക്ഷിക്കുന്നു. ഈ സിനിമയാകട്ടെ കൃത്യമായും നിയമത്തിന്റെ , നടപടിക്രമങ്ങളുടെ , ചുവപ്പുനാടയുടെ , നീരാളിക്കുടുക്കുകളിൽ പെട്ട് ‘എന്താണ് നീതി , എന്താണ് അനീതി ; ആരാണ് വാദി , ആരാണ് പ്രതി’ എന്നാർക്കും തിരിച്ചറിയാൻ സാധിക്കാത്ത വിധം സങ്കീർണവും ദുരൂഹവുമായിപ്പോയ നീതിനിർവഹണ സംവിധാനത്തിന്റെ ശരിയായ ചിത്രം ആവിഷ്കരിക്കുന്നു..
സിനിമയ്ക്കൊടുവിൽ ‘കുറ്റവാളി’ യും ‘കുറ്റകൃത്യ’ത്തിന് ഇരയാകുന്നയാളും ഇരുവരിൽ നിന്നും പിടിച്ചെടുത്ത കാലമെടുത്ത് വെച്ച് വാദിച്ച് വാദിച്ച് മാറ്റിവെച്ച് മാറ്റിവെച്ച് മാറ്റിവെച്ച് വിധിച്ചു വെച്ചു നീട്ടുന്ന ‘നീതി’ യെ നിരസിച്ച് ഇരുവരിലും അനാദിയായരുളുന്ന ‘നീതി’ പരസ്പരമേകുമ്പോൾ മൂത്തുപാകമാകാതെ വീണുപോകുന്ന , ഉള്ളു പൊള്ളയായ , ആർക്കും ഉപകരിക്കാത്ത , കാലങ്ങൾ നഷ്ടപ്പെടുത്തിയ #വെള്ളക്ക ആയി മാറുന്നു നീതിന്യായം..
പിന്നുര : സിനിമയുടെ കേന്ദ്രകഥാതന്തുവായ വെള്ളക്ക-ഐഷാറാവുത്തർ -കുഞ്ഞുമോന്റെ പല്ല് കേസ് പോലുള്ളവ മാദ്ധ്യസ്ഥത്തിലൂടെ തീർക്കുന്നതിനായാണ് 1987 ൽ നാഷണൽ ലീഗൽ സർവീസസ് ആക്ടും അതിന്റെ ഫലമായി 1995 ൽ താലൂക്ക് തലം മുതൽ ദേശീയതലം വരെയുള്ള ലീഗൽ സർവീസസ് അതോറിറ്റികൾ നിലവിൽ വന്നത് എങ്കിലും അടുത്ത കാലത്ത് മാത്രമാണ് ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചു തുടങ്ങുന്നത്. ഇന്ന് വെള്ളക്കക്കേസുകൾ പോലുള്ളവ കോടതികൾ തന്നെ അതോറിറ്റികൾക്കാണ് വിടുന്നത്.
