ജോസ് കെ. മാണി എം.പി.
കേരളകോൺഗ്രസ് എം ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണി ബഫർസോണുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനം
രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റിനുമായി ഒരു കിലോമീറ്റർ ബഫർസോൺ ആയിരിക്കണമെന്ന് 2022 ജൂൺ മൂന്നിന് സുപ്രീം കോടതിയുടെ വിധിയുണ്ടായി. ഈ കോടതിവിധി കേരളത്തിൽ പ്രായോഗികമായി എങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ കൂടാതെ നടപ്പിലാക്കാമെന്ന വലിയ ചോദ്യത്തിനുത്തരം നൽകുക എന്ന സുപ്രധാന ബാധ്യതയാണ് നിലവിൽ സംസ്ഥാനത്തിന് നിർവഹിക്കാനുള്ളത്.
മനുഷ്യരുടെ ആവാസഭൂമിയും നിലവിലെ ജനജീവിതക്രമത്തിന്റെ താളവും നഷ്ടമാകുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്ന കർശനമായ നിലപാടിൽ ആർക്കും വിട്ടുവീഴ്ച ചെയ്യാനാവില്ല. ഈ വസ്തുത സമ്പൂർണ്ണമായി ഉൾക്കൊണ്ടാവണം
ബഫർസോൺ സംബന്ധിച്ച് കേരളം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടത്. മലയോര ജനതയുടെ കൈവശ ഭൂമിയും ഇതര റവന്യൂ ഭൂമിയും വനവത്കരിക്കാനുള്ള നീക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുടിയേറ്റ മേഖലകൾ കൃഷിഭൂമിയും ജനവാസ മേഖലകളുമായി മാറിക്കൊണ്ടിരുന്ന ഓരോ ഘട്ടത്തിലും കർഷകർക്ക് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കർഷകരെ ശത്രുപക്ഷത്തെന്നപോലെ വീക്ഷിക്കുന്നവരുടെ ചെയ്തികൾ വനാതിർത്തികളിൽ ഉണ്ടായിട്ടുണ്ട്. നിരവധിയായ വിഷയങ്ങളിൽ കൃഷിക്കാർക്ക് സമരരംഗത്തിറങ്ങേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴൊക്കെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സമീപനങ്ങളിലൂടെ മാറിമാറി വന്ന ഭരണകൂടങ്ങൾ കർഷകപക്ഷത്ത് നിലയുറപ്പിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഏതൊരു സംവിധാനത്തിന്റെയും നയങ്ങളോ ജനങ്ങളുടെ പ്രയോഗിക വിഷമതകളോ മനസ്സിലാകാത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുതത്വം എല്ലായിടത്തുമുണ്ട്. അവരുടെ പിണിയാളുകളായ ചുരുക്കം ചിലർ വനാതിർത്തി മേഖലകളിൽ കർഷകരെ എന്നും ശത്രുക്കളായി കണ്ടുകൊണ്ട് നടത്തുന്ന ഇടപെടലുകൾ ബഫർസോൺ നിർണ്ണയവുമായും ഭൂപതിവു നയവുമായും ബന്ധപ്പെട്ടുണ്ടാകുന്നു എന്നത് ഒരു യാഥാർത്ഥ്യമുമാണ്. ഇത്തരത്തിലുള്ള സമീപനങ്ങൾ കാരണം ആഴത്തിൽ ജീവിത പ്രതിസന്ധിയെ നേരിടുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളും ലക്ഷക്കണക്കിനാളുകളുമുള്ള മേഖലകളിലാണ് ബഫർസോൺ ദൈനംദിന ജീവിത പ്രശ്‌നമായി ഇപ്പോൾ ജ്വലിച്ചു നിൽക്കുന്നത് . മനുഷ്യാഭിമുഖ്യ സമീപനത്തിലൂടെ എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മാത്രമേ സുപ്രധാനമായ ഈ വിഷയം പരിഹരിക്കാനാവൂ.
കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടന്ന പഠനങ്ങളിലൂടെ 123 പരിസ്ഥിതി ലോല പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് റിപ്പോർട്ടാണ് 2018 കേരളം തയ്യാറാക്കിയത്. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു. തുടർന്ന് 119 വില്ലേജുകൾ ഈ ഗണത്തിൽ ഉൾപ്പെടുന്നവയാണെന്ന കണ്ടെത്തലിലേക്ക് എത്തി. തുടർന്നും എതിർപ്പുകൾ ഉയർന്നപ്പോൾ 92 വില്ലേജുകളായി ഇത് ചുരുങ്ങി : പരിസ്ഥിതിലോല മേഖലകളായി കണ്ടെത്തിയ ഇടങ്ങളിലെ വീടുകൾ, സ്ഥാപനങ്ങൾ , കൃഷിയിടങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതര സർക്കാർ സ്ഥാപനങ്ങളടക്കമുള്ള നിർമ്മിതികൾ,സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ, റോഡുകൾ പാലങ്ങൾ, ജലസ്രോതസ്സുകൾ എന്നിവയെല്ലാം ഈ 92 വില്ലേജുകളിലെ ജനവാസമേഖളിലുണ്ടെന്ന വസ്തുത ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു. ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നുപ്രദേശം വനഭൂമിയായും പകുതിയിലധികം പ്രദേശത്ത് ഹരിതാവരണത്തോടെയും നിലനിൽക്കുന്ന കേരളത്തിൽ മേൽപ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ സുപ്രീംകോടതിവിധി എങ്ങനെ നടപ്പിലാക്കാം എന്നത് ഒരു വലിയ വെല്ലുവിളിയാണ്. നിലനിൽക്കുന്നത് പതിറ്റാണ്ടുകൾ നീണ്ട അധ്വാന പ്രക്രിയയിലൂടെ പ്രകൃതിയോടും മണ്ണിനോടും മല്ലടിച്ച് കേരളത്തെ അന്നമൂട്ടുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസാവുകയും ചെയ്ത ജനതയാണ് പശ്ചിമഘട്ട മലനിരകളുടെ ചുറ്റിനും അധിവസിക്കുന്നത്.അവരുടെ സമ്പാദ്യങ്ങൾ എല്ലാം കവർന്നെടുക്കുകയും അവരെ അവരുടെ കൈവശ ഭൂമിയിൽ നിന്നും ജീവിച്ച പ്രദേശത്തു നിന്നും കുടിയിറക്കുന്നതുമായിട്ടുള്ള ഒന്നിനോടും ഒപ്പം നിൽക്കാൻ കേരളത്തിൽ ആർക്കും കഴിയില്ല എന്ന യാഥാർത്ഥ്യത്തിന്റെ അടിത്തറയിൽ നിന്ന് വേണം കേരളത്തിൽ ബഫർ സോൺ പ്രദേശം നിർണയിക്കേണ്ടത്.
ഈ ഘട്ടത്തിലാണ് ബഫർസോൺ സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ സാറ്റലൈറ്റ് സർവ്വേ റിപ്പോർട്ട് ചർച്ചയാകുന്നത്. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ടിലും ഭൂപടത്തിലും വ്യാപക പിശകുകളാണ് മുഴച്ചു നിൽക്കുന്നതെന്ന പരാതി വ്യാപകമാണ്.റോഡുകളും പുഴകളും പ്രാദേശിക സ്ഥലപ്പേരുകളും ഈ റിപ്പോർട്ടിലെ ഭൂപട മാപ്പിൽ രേഖപ്പെടുത്തി കാണാത്തതിനാൽ ജനങ്ങൾ വലിയ ആശങ്കയിലാണ്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും തമ്മിൽ തിരിച്ചറിയാനാവാതെ ഒരേപോലെ അടയാളപ്പെടുത്തി എന്ന ഗുരുതരമായ വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.കൂടാതെ തീരെ ചെറിയ വീടുക ഇടക്കമുള്ള ഇതര കെട്ടിട നിർമ്മിതികളും വെബ്‌സൈറ്റിലെ മാപ്പിൽ രേഖപ്പെടുത്തി കാണുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. ഇതെല്ലാം പശ്ചിമഘട്ട പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. നിലവിൽ ലഭ്യമായ സർവേ റിപ്പോർട്ട് അപൂർണ്ണവും അശാസ്ത്രീയവുമാണെന്ന് ഭൂരിപക്ഷവും വരുന്ന ജനങ്ങൾ വിശ്വസിക്കുന്നു.കൂടാതെ സാധാരണ ജനങ്ങൾക്ക് സർവ്വേ റിപ്പോർട്ടും ഭൂപടവും നോക്കിയോ വായിച്ചോ മനസ്സിലാക്കുവാൻ പ്രയാസമാണെന്ന വ്യാപക പരാതിയുമുണ്ട്. രാജ്യത്ത് വനവിസ്തൃതിയിൽ വൻവർദ്ധനം ഉണ്ടായ സംസ്ഥാനമാണ് കേരളം വനസംരക്ഷണ പ്രവർത്തനങ്ങളും കർഷകരുടെ ജാഗ്രതയും ഇക്കാര്യത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് വനം വിസ്തൃതമാവുകയാണുണ്ടാത്.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇക്കാര്യങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിലും സ്വകാര്യറവന്യൂ ഭൂമി വനവൽക്കാരിക്കാനുള്ള നീക്കങ്ങളെ സംശയത്തോടെയാണ് കർഷകർ വീക്ഷിക്കുന്നത്.ഇത് നിലവിലുള്ള പ്രതിഷേധങ്ങൾക്ക് ഇന്ധനം പകരുന്ന യാഥാർത്ഥ്യം കൂടിയാണ് .
നിലവിൽ പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് ബഹു വനം വകുപ്പ് മന്ത്രി വ്യക്തമാകിയിട്ടുണ്ട്.
ജനങ്ങൾക്ക് പ്രതിസന്ധികൾ സൃഷ്ടിക്കുന്ന യാതൊരു സമീപനവും ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്ന ബഹു. മുഖ്യമന്ത്രിയുടെ നിലപാടിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ജനങ്ങളുടെ കൈവശ ഭൂമി നഷ്ടപ്പെടുന്ന ഒരു നീക്കത്തെയും പിന്തുണയ്ക്കാനാവില്ല. നിലവിലെ കൃഷിയേയും മറ്റ് വികസന പ്രവർത്തനങ്ങളെയും ഇവയുടെ ഭാവിതുടർച്ചകളെയും തടസ്സപ്പെടുത്തുന്ന തീരുമാനങ്ങളോടെ കേരളത്തിൽ ബഫർ സോൺ നിശ്ചയിക്കാനുമാവില്ല.ഒരിഞ്ച് ഭൂമിയും ജനവാസ മേഖലകളിലെ ഒരൊറ്റ നിർമ്മിതിയും നഷ്ടമാക്കിയുള്ള ഒന്നിനോടും സന്ധി ചെയ്യാൻ ഭൂമിശാസ്ത്രപരമായ പ്രത്യേക സാഹചര്യങ്ങൾക്കൊണ്ട് സംസ്ഥാനത്തിനാവില്ല. പ്രത്യേകിച്ചും വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്ക് ചുറ്റിനുമായി കരുതൽ മേഖല നിശ്ചയിക്കുമ്പോൾ .കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയവും പ്രയോഗികവുമായ സമീപനത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ നിലവിലെ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും വനത്തിന്റെ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ പ്രായോഗികമായി കഴിയും. ദേശീയ വനനയം രാജ്യത്ത് 33% വനം സൃഷ്ടിക്കണമെന്നാണ്. ദേശീയ തലത്തിൽ ഇത് 24.62% മാത്രമാണ്. എന്നാൽ കേരളത്തിലത്54.7% ശതമാനമാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. ദേശീയ ശരാശരിയെക്കാൾ ഇരട്ടി വനാവരണവും കേരളത്തിലുണ്ട്.
സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 69.4% ഭൂമിയും നിലവിലുള്ള വിവിധ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പേരിൽ നിയന്ത്രണങ്ങളുള്ള ഭൂമിയാണ്. കേവലം 30.6% ഭൂമി മാത്രമാണ് മറ്റെല്ലാറ്റിനുമായി ലഭ്യമായിട്ടുള്ളത്. കർഷകരുടെ കൃഷി ഭൂമി എന്തിന്റെ പേരിലാണെങ്കിലും ഏറ്റെടുക്കുകയോ നിയന്ത്രണങ്ങൾ കൊണ്ടുവരികയോ ചെയ്യേണ്ട സാഹചര്യമല്ല കേരളത്തിലുള്ളത്. ഇത് പരിഗണിച്ച് സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലയിലെ ബഫർസോൺ നിശ്ചയമായും വനത്തിനുള്ളിൽ നിജപ്പെടുത്തണം. ഇക്കാര്യം സുപ്രീംകോടതിയിലും എംപവേർഡ് കമ്മറ്റിക്കു മുമ്പാകെയും കേന്ദ്ര സർക്കാർ ആവശ്യപ്പെടണം.
