ഡോ. കാനം ശങ്കരപ്പിള്ള
കോട്ടയം മെഡിക്കൽ കം ജില്ലാ ഹോസ്പിറ്റലിൽ
രണ്ടു കൊല്ലം അസിസ്റ്റന്റ് സർജൻ ആയി ജോലി
നോക്കിയ
1970-72 കാലം. അക്കാലം സംഭവ ബഹുലമായിരുന്നു .മെഡിക്കൽ കോളേജിലെ
മറ്റേർണിറ്റി ,നേത്രവിഭാഗം / ചെവി മൂക്ക് തൊണ്ട വിഭാഗങ്ങൾ
ടൗണിലെ ജില്ലാ ആശുപത്രയിൽ തുടർന്ന് പോന്നു .
“മമ്മി” എന്ന് വിളിക്കപ്പെട്ടിരുന്ന കോഴഞ്ചേരി കാരി
മിസ്സസ് മേരി ഫിലിപ്സ് മാഡമാണ് കേരളത്തിൽ വാക്വം വഴിയുള്ള പ്രസവം പ്രചരിപ്പിച്ചത് .മാവേലിക്കരയിലും ചുറ്റുവട്ടത്തും തുടർന്ന് ഞാനും )
മെഡിക്കൽ സൂപ്രണ്ട് .കുട്ടികളുടെ വിഭാഗം
ഡോ എൽസി ഫിലിപ്സിന്റെ നേതൃത്വത്തിൽ
അവിടെ തന്നെ നിലനിന്നു . ജില്ലാ വിഭാഗത്തിലെ ഡോ ജോർജ് മാത്യു
മെഡിക്കൽ വിഭാഗം തലവൻ .ചേർത്തല പാറാട്ട് ഡോ .വർക്കി തരകൻ ,വയസ്‌കാലത്ത് രണ്ടാം വിവാഹം കഴിച്ച ഡോ വർഗീസ് ചാക്കോ ,
വൈക്കം കാരൻ ഡോ. ശിവശങ്കരപ്പിള്ള എന്നിവർ യൂണിറ്റിൽ .സർജറി വിഭാഗം തലവൻ ഡോ .വി .തോമസ് .
എൻ്റെ കസിൻ കുടയത്തൂർകാരൻ ഡോ എം സി അയ്യപ്പൻ പിള്ള ,
(പിന്നീട് യൂ.കെയിൽ നിന്ന് എഫ് ആർ സി എസ് നേടി .
ഡോ പി.ജെ ഗീവർഗീസ് സാറിൻ്റെ അയൽക്കാരനായി കൊച്ചി ആസാദ് ലെയിനിൽ വിശ്രമജീവിതം).
കറുകച്ചാൽ കൂത്രപ്പള്ളിക്കാരൻ ജോണ് ജോസഫ്പിന്നെ ഞാൻ എന്നിവർ സർജറി വിഭാഗത്തിൽ .
കാഞ്ഞിരപ്പള്ളിക്കാരൻ ഡോ കൊല്ലംകുളം കെ.എം .മാത്യു അസ്ഥിരോഗ വിഭാഗത്തിൽ .
അക്കാലത്തു ഞാൻ കുടുംബ സമേതം താമസിച്ചിരുന്നത് മണർകാട് കവലയ്ക്കു മാരുതി റബർ വർക്‌സിനു സമീപം . ഇപ്പോഴത്തെ കാർഡിഫ് ഹെൽത്ത് സെന്ററിന് സമീപം .
(കാർഡിഫ് സ്ഥാപകൻ ,കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചു വാസ്കുലാർ സർജൻ ആയ തൊടുപുഴക്കാരൻ ഡോ സജു ജോസ് ഈയിടെ എനിക്ക് വേരിക്കോസ് വെയ്‌നിനു ലാസർ ചികിത്സ നൽകി .ഇപ്പോൾ വിശ്രമം .എഴുതാൻ ധാരാളം സമയം .അയവിറക്കാനും .)
അക്കാലത്താണ് മണർകാട്ടെ എൻ്റെ വസതിയിൽ ഒരുദിവസം വൈകുന്നേരം ഒരു യുവ കോൺഗ്രസ് നേതാവ് ആരാധകരുടെ തോളിൽ ഏറി വരുന്നത് .വരവ് കണ്ടു ഞങ്ങളുടെ പൊടി കുഞ്ഞും (ഇപ്പോൾ യൂകെയിൽ സീനിയയർ കൺസൽട്ടൻറ് )
ഭാര്യശാന്തയും യും പേടിച്ചു അടുത്ത വീട്ടിൽ അഭയം തേടി .നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസമായിരുന്നു .
നിരവധി തവണ നിയമസഭയിലേക്ക് മത്സരിക്കയും തോൽക്കുകയും ചെയ്ത ഒരു സിന്ദാബാദ് കിഴവനെ മാറ്റി നിർത്തി ഒരു യുവ കോൺഗ്രസ് നേതാവ് ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസം .ആരാധകർ അദ്ദേഹത്തെ തോളിലേറ്റി കോട്ടയം ടൗണിലേക്ക് കൊണ്ടുപോയത് എൻ്റെ വാടക വീടിനു മുന്നിലൂടെ .ആരോ പറഞ്ഞു
“ജില്ലാ ആശുപത്രിയിൽ മുറിവേറ്റു കിടക്കുന്ന നമ്മുടെ കുട്ടാപ്പായിയെ ചികിസിക്കുന്ന ഡോക്ടർ താമസിക്കുന്ന വീടാണ് .ഡോക്ടറെ കണ്ടു ഒന്ന് നന്ദി പറഞ്ഞിട്ട് പോകാം .”
അങ്ങനെ കൊണ്ടുവരപ്പെട്ടവനാണ്ആ യുവനേതാവ് .
ഇറങ്ങിയ ഉടനെ പറഞ്ഞു .
“നമസ്കാരം ഡോക്ടറേ .
ഞാൻ ഉമ്മൻ ചാണ്ടി .
പുതുപ്പള്ളിയുടെ പുതിയ എം എൽ എ .
ഞങ്ങളുടെ ഒരു പ്രവർത്തകനെ ഡോക്ടർ ആണ്ചികിസിക്കുന്നത് എന്നിവർ പറയുന്നു .
കണ്ടു നന്ദി പറയാനും അയാളുടെ വിവരം തിരക്കാനും വന്നതാണ് .മോനെയും ഭാര്യയേയും പേടിപ്പിച്ചത് ക്ഷമിക്കണം.”
ഞാൻ പറഞ്ഞു .
“അറിഞ്ഞു .
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ അല്ലെ ?
ഭാവിയിൽ മുഖ്യ മന്ത്രി ആകട്ടെ .
എൻ്റെ ആശംസകൾ.”
എൻ്റെ ആശംസകൾ കൊണ്ടാവില്ലഅദ്ദേഹം രണ്ടു തവണ മുഖ്യമന്ത്രിയായി .
മാവേലിക്കര ആശുപത്രി സൂപ്രണ്ട് പദവി വഹിക്കുമ്പോൾ ഒരു മഴക്കാലത്ത് താഴെ വീണ പുരാതന മഹാരാജാസ് വാർഡ് നാലുമാസക്കാലം കൊണ്ട് സർക്കാർ ചെലവിൽ പുനർനിർമ്മിച്ച ചരിത്രം കുറിയ്ക്കാൻ സാധിച്ചത് അക്കാലത്തെ ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയാണ് കാരണം .അതിനു സഹായിച്ചത് അക്കാലത്തെ മാവേലിക്കര എം എൽ എ- എം .മുരളിയും
ഇരുവർക്കും നന്ദി .
കോട്ടയത്തെ സർവീസ് കാലത്തു തന്നെ മറ്റൊരു യുവ നേതാവിനെ കൂടി എൻ്റെ അടുത്ത് ആരാധകർ കൊണ്ടുവന്നു .ഇത്തവണ വിജയ ശ്രീലാളിതൻ ആയിരുന്നില്ല .പക്ഷെ വിജശ്രീ ലാളിതനാകാൻ ഒരു തന്ത്രം .അദ്ദേഹം തോളിൽ ആയിരുന്നില്ല .കൈകളിൽ അബോധാവസ്ഥയിൽ
ജില്ലാ ആശുപത്രിയിലെ ഒരു ഡ്യൂട്ടി ദിനം .നാലുമണി അടുക്കാറായി .അടുത്ത കോളേജിൽ നിന്നും കുറെ കുട്ടികൾ ഒരു യുവാവിനെ അബോധാവസ്ഥയിൽ കൊണ്ടുവരുന്നു .പക്ഷെ അവർ ഡ്യൂട്ടിയിലുള്ള എന്നെ രോഗിയെ പരിശോധിക്കാൻ സമ്മതിക്കുന്നില്ല .
എന്ത് ചെയ്യണം എന്നറിയാതെ ഈ.എൻ ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരാൻ “വാഴൂരാൻ” ഡോ .പി വി ജോർജിനെ അഭയം തേടി .
പിള്ളേച്ചൻ ഒന്ന് കൊണ്ടും പേടിക്കേണ്ട .
നമുക്ക് കൈകാര്യം ചെയ്യാം.
അബോധാവസ്ഥയിൽ സ്‌കൂൾ കോളേജ് കുമാരി കുമാരന്മാരെ കൊണ്ടുവരാൻ രണ്ടാണ് കാരണങ്ങൾ .
പെൺ കുട്ടിയാണെങ്കിൽ “ഹിസ്ടീരിരിയ” .
അല്പം അമോണിയാ മണപ്പിച്ചാൽ മാറും രോഗം മാറും .ആണ്കുട്ടിയാണെകിൽ “മലിംഗറിങ്” .
അത് കൈകാര്യം ചെയ്യാൻ അൽപ്പം കൂടി വിഷമമാണ് .
എങ്കിലും ഒരു കൈ നോക്കണം .കണ്പോളകൾക്കു മുകളിൽ ഒരു മർമ്മം ഉണ്ട് (supraorbital nerve) .
ആ മർമ്മത്തിൽ നല്ല സമ്മർദ്ദം കൊടുത്താൽ മതി.
പയ്യൻസ് കണ്ണ് തുറന്നു ചാടി എണീക്കും .
പക്ഷെ ഇപ്പോൾ ഒന്നും ചെയ്യേണ്ട . വാ നമുക്ക് ഹോട്ടൽ അംബാസഡറിൽ പോയി ഒരു കോഫി കുറ്റിച്ചിട്ടുവരാം .ചിന്നമ്മ നേഴ്‌സ് അതിനിടയിൽ അവരെ കൈകാര്യം ചെയ്യും .പിള്ളേച്ചൻ വിഷമിക്കേണ്ട .ഞാനേറ്റു കാര്യം”
ഞങ്ങൾ അംബാസിഡർ കാപ്പി കുട്ടി കഴിഞ്ഞു വന്നപ്പോഴേക്കും നേതാവും പരിവാരങ്ങളും സ്ഥലം വിട്ടിരുന്നു .
പക്ഷെ പിറ്റേ ദിവസത്തെ മനോരമ ,
മാതൃഭൂമി പത്രങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയി .
യുവനേതാവിൻ്റെ കാഷ്‌വാലിറ്റി കിടക്കയിൽ ശയനം മുൻപേജിൽ വാർത്താ ചിത്രം .
അടിക്കുറിപ്പ്
“ഗുണ്ടകളുടെ ഗുരുതര ആക്രമണത്തെ തുടർന്ന്
അബോധാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ കിടക്കുന്ന യുവ നേതാവ് ……….”
അന്ന് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് ആയിരുന്നു .
നേതാവ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു .
ജയം ഉറപ്പാക്കാൻ
കുട്ടികളുടെ വോട്ടു കിട്ടാൻ ഒരു രാഷ്ട്രീയ തന്ത്രം .
ഒരു മലിങ്കറിംഗ് .
വാഴൂരാൻ അറിഞ്ഞുള്ള കളി ആയിരുന്നോ എന്നറിയില്ല
പിൽക്കാലത്ത് തലശ്ശേരിയിൽ പ്രാക്ടീസ് നടത്തിയിരുന്ന വാഴൂരാൻ ഒരു വാഹനം മുട്ടി അകാലത്തിൽ അന്തരിച്ചു .
യുവനേതാവ് പിൽക്കാലത്ത് മുഖ്യമന്ത്രി സ്ഥാനത്തിനടുത്ത് എത്തി .
ഭാവി നമുക്ക് പ്രവചിക്കാനാവില്ലല്ലോ .
രാഷ്‌ടീയത്തിൽ പയറ്റാവുന്ന തന്ത്രങ്ങൾ പലത്
ഉണ്ടല്ലോ .സമയം ഇനിയും കിടക്കുന്നു .
എന്താണ് “മലിംഗറിംഗ്” ?
നമുക്കൊന്ന് നോക്കാം .
തരൂരിനോട് ചോദിക്കേണ്ട .
നമുക്ക് നോക്കാം .
“Maligenirng is pretending to have an illness
in order to get a benefit.
It is an act and not a condition”
സർവീസ് സ്‌റ്റോറികൾ ഇനിയുമുണ്ട് .
വാൽക്കഷ്ണം
—————–
കുറിപ്പ് വായിച്ച എൻ്റെ സഹപാഠി എഴുതി .
നമ്മൾ സി.എം.എസ്സിൽ 1960-61 കാലത്ത് എഫ് ബാച്ചിൽ
പഠിക്കുമ്പോൾ ഉമ്മൻ ചാണ്ടി അവിടെ തന്നെ സി ബാച്ചിൽ
പഠിച്ചിരുന്നു .
രണ്ടാമത്തെ നേതാവ് പഠിച്ചത് മറ്റേ കോളേജിൽ .
തെരഞ്ഞെടുപ്പ് ദിവസം കക്ഷി കൈ സ്ലിങ്ങിൽ തൂക്കിയാണ് നടന്നിരുന്നത് .
വിജയിച്ച വിവരം അറിഞ്ഞപ്പോൾ സ്ലിങ് ഊരിയെറിഞ്ഞ് സ്വീകരണത്തിന് തയാറായി .
പ്രിയ സുഹൃത്തേ ,
സ്ലിങ് ഞാൻ കെട്ടി വിട്ടതല്ല .നേഴ്‌സ് കെട്ടിയോ എന്നെനിക്കറിയില്ല .
ഹോട്ടൽ അംബാസിഡറിൽ നിന്ന് വന്നപ്പോൾ
കക്ഷി ഫോട്ടോ ഷൂട്ടിന് ശേഷം ആരാധകർക്കൊപ്പം സ്ഥലം വിട്ടിരുന്നു
