ഓർമ്മകൾ
കുട്ടിക്കാലത്ത് ആദ്യം കിട്ടിയ ചികിത്സ ആയുവേദമായിരുന്നിരിക്കണം 1944 ൽ ഞാൻ ജനിച്ചവർഷം. കാനം കാഞ്ഞിരപ്പാറയിൽ ബ്രിട്ടനിൽ നിന്നുവന്ന ഡോക്ടർ റിച്ചാർഡ് എന്ന ഡോക്ടർ വീടുകളിൽ പോയി പ്രസവം എടുത്തിരുന്നു. അഞ്ച് മൈൽ സൈക്കിളിൽ സഞ്ചരിച്ചു കൊടിൽ കൊണ്ടു വലിച്ചെടുത്തതാണ് ആനിക്കാട് പള്ളിക്കത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഗോപകുമാറിനെ ഡോക്ടർ ഭൂമിയിലേക്ക് ആനയിച്ചു കൊണ്ടുവന്നത് . കൊടുങ്ങൂർ സായിപ്പിൻ്റെ ആശുപത്രിയും അതേ വർഷം( 1944) തുടങ്ങി എന്നാൽ എന്നെ അമ്മ വീട്ടിൽ കിടന്നു തനിയെ പ്രസവിച്ചു .
എൻ്റെ പിതൃസഹോദരന്മാരുടെ ഭാര്യമാർ എല്ലാം പത്തു പ്രസവിച്ചവർ .അതിനാൽ എൻ്റെ പിതാവും അവർക്കൊപ്പം ഉയർന്നു .പക്ഷെ ആറുപേരും മരണമടഞ്ഞു .ഞങ്ങൾ നാലുപേർ മാത്രം രക്ഷപെട്ടു .
പ്രസവങ്ങളിൽ ചിലത് അച്ഛൻ തന്നെയാണ് എടുത്തത് എന്ന് പിൽക്കാലത്ത് ‘അമ്മ പറഞ്ഞു .ഗർഭകാലത്ത് പ്രത്യേക പരിചരണം ഒന്നും നല്കപ്പെട്ടിരുന്നില്ല .
സാധാരണ ചെയ്യുന്ന വീട്ടുജോലികൾ ചെയ്യും ,പ്രസവ വേദന വരുമ്പോൾ കട്ടിലിൽ കിടക്കും ചിലപ്പോൾ വയറ്റാട്ടി വന്നുവെന്നു വരും .ചിലപ്പോൾ അവരെ കിട്ടിയില്ല എന്നും വരും .ആപ്പോൾ കയ്യില് കിട്ടിയ കറിക്കത്തി എടുത്ത് അച്ഛൻ മറുപിള്ള അറത്ത് മുറിക്കും .
ആദ്യ തവണ അമ്മയുടെ ശരീരത്തിലെ പൊക്കിൾ കൊടി ഭാഗം കെട്ടണമെന്ന കാര്യം അച്ഛന് അറിയില്ലായിരുന്നു .
“എന്നെ നിങ്ങൾ കൊല്ലും: എന്നലമുറ ഇട്ട കാര്യം പിൽക്കാലത്ത് അമ്മ വഴക്കു കൂടുമ്പോൾ അമ്മ വിളിച്ചു പറഞ്ഞിരുന്നു .ഹീമോ ഗ്ലോബിന് തീരെ കുറഞ്ഞ് അമ്മയുടെ കണ്പോളയുടെ ഉള് വശം പച്ചകൂമ്പാള പോലെ ആയിരുന്നു .
അക്കാലത്ത് ഫോളിക് ആസിഡ് ഗുളികകൾ ഒന്നും പ്രചാരത്തിൽ ആയിരുന്നില്ലല്ലോ .അമ്മയ്ക്ക് ഫോളിക് ആസിഡിന്റെ കുറവ് നന്നായി ഉണ്ടായിരുന്നിരിക്കണം
വിളർച്ചയും.
എനിക്ക് താഴെ മരിച്ചു പിറന്ന എൻ്റെ ഏക അനിയൻ ഇപ്പോളും സ്മരണയിൽ തെളിഞ്ഞു നിൽക്കുന്നു .
അവനു പുറത്ത് താഴെ നട്ടെല്ലിനു മുകളിൽ ബലൂൺ പോലെ ഒരുഭാഗം ഉണ്ടായിരുന്നു .
ഫോളിക് ആസിഡ് കുറവുകൊണ്ടുണ്ടാകുന്ന മെനിംഗോ സീൽ ആയിരുന്നു ആ ബലൂൺ എന്ന് മനസിലായത് പിൽക്കാലത്ത് വൈദ്യശാസ്ത്രം പഠിച്ചപ്പോൾ . പ്രസവാനന്തരം ചില നാട്ടുമരുന്നുകൾ നൽകും . അതിനു ചില പഥ്യങ്ങൾ ഉണ്ടായിരുന്നു . ചില വസ്തുക്കൾ കഴിക്കാൻ പാടില്ല .
നാട്ടിൽ ആയുർവേദ വൈദ്യന്മാർ നിരവധി ഉണ്ടായിരുന്നു മമ്പഴ അയ്യപ്പൻ നായർ ,എഴുത്തുകല്ലുങ്കൽ നാരായണൻ വൈദ്യൻ , ഐപ്പ് വൈദ്യൻ , തണുങ്ങുമ്പാറ ഐപ്പ് വൈദ്യൻ, പുത്തൻപുരയ്ക്കൽ പരാമനായർ , കൊച്ചുകളപ്പുരയിടം അനിയൻ വൈദ്യൻ ,പൊന്കുന്നത്ത് പലയ യകുന്നേൽ പി.എൻ പിള്ള വൈദ്യകലാനിധി , കൊഴുവനാൽ മേവട തമ്പാൻ വൈദ്യർ പതിനാലാം മൈലിലെ ഗോവിന്ദൻ ഗണകൻ എന്നിങ്ങനെ നിരവധി പേര് ആയുർവേദ ചികിത്സകർ ആളുണ്ടായിരുന്നു .
അച്ഛൻ്റെ മരണ ശേഷം കാൽപ്പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന എൺപതു കൊല്ലം പഴക്കമുള്ള ഒരു ചെറുബുക്കിൽ നിരവധി ആയുർവേദ കുറിപ്പടികൾ ഉണ്ടായിരുന്നു . പറമ്പിൽ മിക്ക പച്ച മരുന്നുകളും ഉണ്ടായിരുന്നു .അങ്ങാടി മരുന്ന് പതിനാലാം മെയിൽ എന്ന പുളിക്കൽ കവലയിൽ പോയി ഗോവിന്ദ ഗണകൻ്റെ അങ്ങാടി കടയിൽ നിന്ന് വാങ്ങും . മേമ്പൊടി ചേർക്കാനുള്ള വസ്തുക്കളും. എന്നിട്ടു സ്വയം മരുന്നുണ്ടാകും .
കുട്ടികൾക്ക് പനിവന്നാൽ ആദ്യം പനിക്കൂർക്ക കൊണ്ടുള്ള ഒറ്റമൂലി. കടുത്ത പനിയാണെങ്കിൽ മാത്രം പാപ്പി വൈദ്യന്റെ ഹോമിയോ തുള്ളികളും പല്ലിമുട്ടകളും അതായിരുന്നു നാല്പതുകളിൽ ചികിത്സ
ചിത്രം. കാലം മാറിയതോടെ ചികിത്സാ രീതികളും മാറി. പക്ഷെ ഒന്നോർക്കണം ആധുനിക വൈദ്യശാസ്ത്രം നമ്മുടെ നാട്ടിൽ പ്രചാരത്തിലാകുമുൻപ് ഇവിടെ ഇത്തരം നാട്ടുചികിത്സയും നാട്ടുവൈദ്യന്മാരും മാത്രം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ അതിജീവിച്ചവരാണ് നമ്മുടെ പൂർവ്വീകരിൽ പലരും.
