സന്തുഷ്ടഗ്രാമങ്ങൾ
സാദ്ധ്യമാകുമോ?

LATEST


ജോജി കൂട്ടുമ്മേൽ
വികസനം സംബന്ധിച്ച് ലോകമെങ്ങും പുതിയ സങ്കൽപ്പനങ്ങൾ രൂപപ്പെട്ടുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വികസനത്തിന്റെ ആത്യന്തികലക്ഷ്യമെന്താണ്? അത് മനുഷ്യർ സന്തോഷകരമായി ജീവിക്കുകയെന്നതുതന്നെ. സാമ്പത്തികവളർച്ചയുടേയോ മൊത്ത ആഭ്യന്തരോത്പ്പാദന(GDP)ത്തിന്റേയോ കണക്കുകൾക്കപ്പുറത്ത് യഥാർത്ഥത്തിൽ മനുഷ്യർ സന്തോഷം അനുഭവിക്കുന്നുണ്ടോ എന്നതാണ് വികസനം ജനപക്ഷവും ശാസ്ത്രീയവുമാണോ എന്ന് പരിശോധിക്കാനുള്ള ഉരകല്ല്. ഇങ്ങനെയൊരു ധാരണ വികസനത്തെക്കുറിച്ചുണ്ടായാൽ അതിന് അനുബന്ധമായി വേറെ ചില ചോദ്യങ്ങൾകൂടി ഉയർന്നുവരും.ഏറ്റവുമധികം വികസനമുള്ള പ്രദേശത്തായിരിക്കുമോ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്? അതോ ഏറ്റവും കൂടുതൽ സമ്പത്തുള്ള പ്രദേശമായിരിക്കുമോ ആ പദവിക്കർഹമാകുന്നത്? സന്തോഷം അളക്കാൻ കഴിയുമോ? ഒരു സമൂഹത്തിന്റെ സന്തോഷം അളക്കാൻ ആഗോളതലത്തിൽ ചില സൂചികകൾ രൂപപ്പെട്ടിട്ടുണ്ട്. 2022ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സ് ഇതുസംബന്ധിച്ച് വിശകലനങ്ങൾ നൽകുന്നുണ്ട്.
ആഗോളവത്ക്കരണവും പുതിയ സാമ്പത്തികനയങ്ങളും മൂന്ന് ദശകം പിന്നിട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ പരിശോധന നടക്കുന്നത്.ആഗോളവത്ക്കരണം കേവലമായ ഒരു രാഷ്ട്രീയപ്രക്രിയയോ സാമ്പത്തികനയങ്ങളുടെ സമാഹാരമോ മാത്രമല്ല. അതിലെ സാമ്പത്തികനയങ്ങൾ സമ്പന്നപക്ഷപാതിത്വമുള്ളതാണെന്ന കാര്യത്തിൽ ഇന്നാർക്കും സംശയമൊന്നുമില്ല. എന്നാൽ ആ സമ്പന്നപക്ഷപാതിത്വം മാത്രമല്ല അതിൽ അന്തർഭവിച്ചിരിക്കുന്ന പ്രശ്‌നം. അത് പുതിയ ചിന്താപദ്ധതികളും ജീവിതശൈലികളും ഉത്പ്പാദിപ്പിക്കുന്നുണ്ട്. വികസനമെന്നാൽ സാമ്പത്തികവളർച്ചയും പശ്ചാത്തലസൗകര്യങ്ങളുടെ പെരുപ്പവുമാണ് എന്ന ധാരണ വ്യാപകമായതിന്റെ പിന്നിൽ ആഗോളവത്ക്കരണത്തിന്റെ സ്വാധീനംതന്നെയാണ്.വിശേഷിച്ചും കേരളീയ പൊതുബോധത്തിൽ ഈ പ്രവണത പ്രകടമായിത്തന്നെ ദൃശ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ച ഈയൊരു ബോധതലത്തെ സ്വാധീനിക്കുകയും അതിനെ തീവ്രമാക്കുകയും ചെയ്യുന്നുണ്ട്. ഉപഭോഗസംസ്‌ക്കാരത്തെ തീവ്രമാക്കിക്കൊണ്ടാണ് ഇത് സമൂഹത്തിൽ പ്രതിപ്രവർത്തിക്കുന്നത്.
വികസനവും സന്തോഷവും അളക്കാൻ ശ്രമിക്കുമ്പോൾ ഇന്നത്തെ സവിശേഷസാഹചര്യംകൂടി കണക്കിലെടുക്കണം. ആഗോളതലത്തിൽത്തന്നെ ജനങ്ങൾക്കിയിൽ സാമ്പത്തികാസമത്വം രൂക്ഷമാകുന്നു. ഇന്ത്യയിൽ ഇത് അപകടകരമാംവിധം പ്രകടമാകുന്നുണ്ട്.

രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2020-ലെ 102-ൽനിന്ന് 2021-ൽ 142 ആയി ഉയർന്നു. ജനങ്ങളാകെ ദുരിതമനുഭവിച്ച അതിരൂക്ഷമായ ഒരു പകർച്ചവ്യാധിക്കാലത്താണിതെന്നോർക്കണം. ഇതേ കാലത്ത് ഇന്ത്യയിലെ സാമ്പത്തികമായി താഴെയുള്ള അമ്പത് ശതമാ നത്തിന്റെ പക്കൽ ആകെയുള്ള സമ്പത്തിന്റെ ആറ് ശതമാനം മാത്രമാണുണ്ടായിരുന്നത് എന്നും 2020ൽ സാമ്പത്തികമായി ഏറ്റവും മുകളിലുള്ള പത്ത് ശതമാനം പേർ ദേശീയസമ്പത്തിന്റെ 45% കൈയടക്കിവച്ചിരുന്നുവെന്നും കണക്കുകളുണ്ട്. മറ്റ് ചില പ്രധാന കണക്കുകൾ ഇനിപ്പറയുന്നവയാണ്. 2021 ൽ ഇന്ത്യയിലാകെ 20 കോടി പേർ പോഷകാഹാരക്കുറവ് അനുഭവിച്ചിരുന്നു. ഇത് ലോകത്താകെ പോഷകക്കുറവ് അനുഭവിക്കുന്നവരുടെ കാൽഭാഗം വരും. അതേകൊല്ലം ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരിൽ ഏറ്റവും കൂടുതൽ പേർ ദിവസവേതനത്തിന് ജോലി ചെയ്തവരായിരുന്നു. രണ്ടാം സ്ഥാനത്ത് സ്വയംതൊഴിൽ സംരംഭകരും മൂന്നാം സ്ഥാനത്ത് തൊഴിൽ രഹിതരുമായിരുന്നു എന്ന് 2022 ജനുവരി 4 ന്റെ ഇക്കോണോമിക്ക് ടൈംസ് ഉദ്ധരിച്ചുകൊണ്ട് ഓക്‌സ്ഫാം റിപ്പോർട്ട് പറയുന്നു. ഒറ്റവാക്യത്തിൽ പറഞ്ഞാൽ അസമത്വം ഭീമമായി വർദ്ധിക്കുന്നു.
മേൽപ്പറഞ്ഞത് ഇന്ത്യയുടെ സ്ഥതിയാണെങ്കിൽ കേരളത്തിന്റെ സ്ഥിതിയെന്താണ്? കേരളവികസനം നേരിടുന്ന ഒരു പ്രധാന പരിമിതി മുഴുവനാളുകളേയും ഉൾക്കൊള്ളാൻ അതിനാവുന്നില്ലെന്നതുതന്നെയാണ്. വികസനത്തിലും വളർച്ചയിലും സാമൂഹ്യവികാസമേഖലയിലുമൊക്കെ ലിംഗനീതി ഇപ്പോഴും അകലെയാണ്. സ്ത്രീകൾ വിവേചനം നേരിടുന്നു. ട്രാൻസ് ജന്റർ വ്യക്തികൾ അതിലും കടുത്ത വിവേചനം നേരിടുന്നു. ലിംഗസത്വം ഇന്ത്യൻ ഭരണഘടനാവാഗ്ദാനമാണ്. ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ ‘ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാൻ സഗൗരവം തീരുമാനിച്ചതായി പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സ് കഴിഞ്ഞ മാർച്ചിൽ പുറത്തുവന്നത്. ആകെ 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതിൽ ഇന്ത്യയുടെ സ്ഥാനം 136 ആണ്. സന്തോഷം അനുഭവിക്കുന്നതിൽ ഇന്ത്യൻജനതയേക്കാൾ താഴെയുള്ളത് വെറും പത്ത് രാജ്യങ്ങളിലെ ജനത മാത്രം. നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ നമ്മേക്കാൾ മുന്നിലാണ്. മുമ്പ് ദാരിദ്ര്യത്തിന് കുപ്രസിദ്ധി നേടിയിരുന്ന ചില രാജ്യങ്ങളെങ്കിലും ഇന്ത്യയേക്കാൾ മുന്നിലായിരിക്കുന്നു. ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങൾക്ക് മുമ്പാണ് ഈ കണക്കെടുപ്പ് നടന്നിട്ടുള്ളത്. ഇപ്പോൾ ഒരുപക്ഷേ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാവാം. ഇന്ത്യയിൽ പക്ഷേ കഴിഞ്ഞ വർഷത്തേതിൽനിന്ന് സന്തുഷ്ടസൂചികകളിൽ പിന്നോട്ടുപോയതായാണ് പട്ടിക കാണിക്കുന്നത്.
ഏറ്റവും സമ്പന്നമായ അമേരിക്കയോ മറ്റ് വികസിതരാജ്യങ്ങളോ അല്ല സന്തോഷസൂചികയിൽ ഒന്നാമത് നിൽക്കുന്നത്. ഈ പട്ടികയിൽ ഒന്നാമതുള്ള രാജ്യം ഫിൻലാൻഡ് ആണ്. ഡെന്മാർക്ക്, സ്വിറ്റ്‌സർലൻഡ്, ഐസ്‌ലാൻഡ്, നെതർലൻഡ്‌സ് എന്നിവയാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ വരുന്നത്. സന്തുഷ്ടിയുടെ സൂചികകൾ സാമ്പത്തികം മാത്രമല്ല എന്നതാണ് ഇതിലെ സവിശേഷമായ സംഗതി. കണ്ണഞ്ചിപ്പിക്കുന്ന പശ്ചാത്തലസൗകര്യങ്ങളോ ഉയർന്ന ഉത്പ്പാദനക്കണക്കുകളോ മാത്രമല്ല സന്തുഷ്ടിയെ നിർണ്ണയിക്കുന്നത്.ഇവിടെയും ജി.ഡി.പി ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാലതിനെ ക്രയശേഷിയിലുള്ള തുല്യതയളക്കാനാണു പയോഗിക്കുന്നത്. അതുകൂടാതെ ജനനസമയത്തുള്ള പ്രതീക്ഷിത ആയുർദൈർഘ്യം, സമൂഹത്തിന്റെ ഉദാരത, ജീവിതപ്രശ്‌നങ്ങളിൽ സാമൂഹ്യപിന്തുണാലഭ്യത, ജീവിതമാർഗ്ഗം തെരെഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയുടെ അളവ്, ദിവസങ്ങൾ പിന്നിടുന്തോറും കൂടുതൽ സന്തോഷത്തിനുള്ള/സങ്കടങ്ങൾക്കുള്ള സാദ്ധ്യത ഇവയൊക്കെ പരിഗണിച്ചാണ് സന്തുഷ്ടിയുടെ നിരക്ക് കണ്ടെത്തുന്നത്. പരമാവധി പത്തുസ്‌കോർ കിട്ടത്തക്കവിധം സൂചികകൾ ക്രമീകരിച്ചപ്പോൾ 7.821 സ്‌കോറുമായി ഫിൻലാൻഡ് ഒന്നാമതെത്തി. 2.404 സ്‌കോറുമായി അഫ്ഗാനി സ്ഥാൻ ഏറ്റവും പിന്നിലും. ഇന്ത്യയുടെ സ്‌കോർ 3.777 ആണ്. കഴിഞ്ഞ വർഷം അത് 3.819 ആയിരുന്നു. ഏറ്റവും പിന്നിലുള്ള അഫ്ഗാനിസ്ഥാൻ നേടിയത് 2.444 സ്‌കോർ ആണ്. അതായത് സന്തുഷ്ടിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് അത്രയൊന്നും മെച്ചമല്ല ഇന്ത്യ. ആനുഷംഗീകമായി ഒരു കാര്യം സൂചിപ്പിക്കുന്നത് അഭംഗിയാവില്ലെന്ന് തോന്നുന്നു. അഫ്ഗാനിസ്ഥാൻ മതതീവ്രവാദം എന്ന് വിളിക്കാവുന്ന ഒരു ആശയസംഹിതയുടെ വക്താക്കളാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ്. ഇന്ത്യയോ? മതപരമായ വിശ്വാസപ്രമാണങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സംഘടനയാണ് ഇന്ത്യൻ ഭരണകക്ഷിയേയും നിയന്ത്രിക്കുന്നത്.അവരെ ഒരു അർദ്ധഫാസിസ്റ്റ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അത് ശരിയുമാണ്.എന്നാൽ ഈ രണ്ട് തീവ്രവാദ രൂപങ്ങളും പരസ്പരം ശത്രുപക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുന്നവയുമാണ്. ഏതു മതം എന്നതല്ല, മതതീവ്രവാദം പൊതുവിൽ സന്തുഷ്ടജീവിതത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്നർത്ഥം. സന്തുഷ്ടി കുറഞ്ഞ രാജ്യങ്ങളെല്ലാം മത രാഷ്ട്രങ്ങളാണ് എന്ന് ഇതിനർത്ഥമില്ല. സൂചികയിലെ ഏറ്റവും താഴെയുള്ള രാജ്യങ്ങൾഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള ഒൻപത് രാജ്യങ്ങൾ സാംബിയ, മലാവി, ടാൻസാനിയ, സൈറ ലിയോൺ, ലെസോത്തോ, ബോട്‌സാനിയ, റുവാണ്ട, സിംബാവേ, ലെബനോൻ എന്നിവയാണ്.
മേൽപ്പറഞ്ഞ പട്ടികയിൽ കേരളമില്ല. രാജ്യങ്ങളുടെ പട്ടികയാണത്. അതുകൊണ്ട് കേരളത്തിന്റെ സന്തോഷസൂചിക എത്രയെന്നറിയാൻ ഇപ്പോൾ മാർഗ്ഗമൊന്നുമില്ല. എന്നാൽ ഈ രീതിയിൽ അളന്നാൽ കേരളത്തിന്റെ സന്തുഷ്ടി എത്രയായിരിക്കും? നമുക്കറിയില്ല. പഠിച്ചാലേ പറയാൻ പറ്റൂ. ഈ പഠനം അത്ര ലളിതവുമല്ല. പക്ഷേ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ വച്ച് നമുക്ക് ചില അനുമാനങ്ങൾ രൂപവത്ക്കരിക്കാൻ കഴിയും. പ്രതീക്ഷിത ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ നമ്മൾ മുന്നിൽത്തന്നെയാണ്. 2004-2017 കാലത്തെ കണക്കെടുപ്പനുസരിച്ച് കേരളത്തിന്റെ പ്രതീക്ഷിത ആയുർദൈർഘ്യം 75.2 വയസ്സാണ്. അഖിലേന്ത്യാ ശരാശരിയാ യ 69 വയസ്സിനേക്കാൾ വളരെ ഉയർന്നതാണിത്. ഈ കണക്കിൽ ഇന്ത്യയിൽ പ്രതീക്ഷിത ആയുർദൈർഘ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഉത്തർപ്രദേശാണ്.
3.3 കോടി വരുന്ന കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 52 ശതമാനവും സ്ത്രീകളണ്. ലിംഗപരമായ വിശകലനത്തിലും കേരളം മെച്ചപ്പെട്ട സാമൂഹികവികസനസൂചകങ്ങൾ കൈവരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സാർവത്രികപ്രാഥമികവിദ്യാഭ്യാസം, അനുകൂലമായ സ്ത്രീപുരുഷ ജനസംഖ്യാനു പാതം, പുരുഷന്മാർക്കും സ്ത്രീകൾക്കും ഉയർന്ന സാക്ഷരതാനിരക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉയർന്ന ആയുർ ദൈർഘ്യം തുടങ്ങിയ മേഖലകളിലെ പുരോഗതി അഭിമാനകരമാണ്. ഉയർന്നതലത്തിലുള്ള ഈ സാമൂഹികവികസനസൂചകങ്ങൾ ലിംഗസമത്വത്തിന് ആവശ്യമായ മുന്നുപാധിയുമാണ്. ഇവയൊക്കെ സാമൂഹ്യവികാസസൂചികയിലെ ഒന്നാം മാനമാണ്. അവയിൽ കേരളം താരതമ്യേന മികച്ചതാണ്. എന്നാൽ സാമ്പത്തികാവസരങ്ങൾ, വിഭവങ്ങൾ, ആസ്തികൾ എന്നിവയുടെ ലഭ്യതയും ഉടമസ്ഥതയും എന്ന രണ്ടാം മാനത്തിൽ അത്ര മെച്ചമൊന്നുമല്ല. തീരുമാനങ്ങൾ എടുക്കുന്നതിൽ തുല്യശബ്ദവും പങ്കാളിത്തവും എന്ന മൂന്നാംമാനത്തിലാകട്ടെ ഏറെ പിന്നിലും. നിയമനിർമ്മാണസഭകളിലെ സ്ത്രീസംവരണം ഇനിയും യാഥാർത്ഥ്യമായിട്ടില്ല.
ഒരു ദശകം മുമ്പ് വരെ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തനിരക്ക് അഖിലേന്ത്യാസ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴ്ന്നതായിരുന്നു. എന്നാൽ സമീപകാലകണക്കുകളിൽ സ്ഥിതി മെച്ചപ്പെട്ടതായി കാണുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ മേഖലയിൽ വർക്കർ പോപ്പുലേഷൻ റേഷ്യോ അഖിലേന്ത്യാതലത്തിൽ 21.8 ആണ്. അതേസമയം കേരളത്തിൽ അത് 22.4 ആണ്. എന്നാൽ 15 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കണക്കെടുത്താൽ ഈ റേഷ്യോ അഖിലേന്ത്യാതലത്തിൽ 28.7 ഉം കേരള ത്തിൽ 27.1 ഉം ആണ്. 15-നും 59-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ കാര്യത്തിൽ ഇത് യഥാക്രമം 30.9 ഉം 30.5 ഉം ആണ്.
ഇപ്പറഞ്ഞതൊക്കെ മേച്ചപ്പെട്ട സൂചികകൾ. അവയാണ് പരമ്പരാഗതവികസനവിശകലനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ ജീവിതമാർഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതയെന്താണ്? ഇതിൽ വിശേഷാൽ പഠനങ്ങളെന്തെങ്കിലും നടന്നതായി കാണുന്നില്ല. ഉയർന്ന പ്രൊഫഷണൽ യോഗ്യതയുള്ള എത്രയോ പേർ ഗതികേടുകൊണ്ട് കിട്ടുന്നജോലി സ്വീകരിക്കാൻ നിർബന്ധിതരാവുന്നു. ഉയർന്ന മാനേജ്‌മെന്റ് യോഗ്യതയുള്ളവരും ഗവേഷണ ബിരുദമുള്ളവരും സർക്കാർ ക്ലാർക്കാകാനുള്ള പരീക്ഷയെഴുതുന്നുവെങ്കിൽ ഉപജീവനമാർഗ്ഗം തെരഞ്ഞെടുക്കാനുള്ള കേരളീയയുവത്വത്തിന്റെ സാദ്ധ്യതകൾ എത്ര പരിമിതമായിരിക്കുന്നു എന്ന് മനസ്സിലാക്കണം. വാങ്ങൽശേഷിയിലെ തുല്യതയെങ്ങനെയാണ്? കേരളം ഒരു ഉപഭോഗസംസ്ഥാനമാണ്. നിരവധി ഉത്പ്പന്നങ്ങൾ ആളുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. അതുകൊണ്ട് വാങ്ങൽശേഷിയിൽ തുല്യതയുണ്ടെന്ന് കണക്കാക്കാനാവുമോ? മിക്കവാറും വാങ്ങൽശേഷിയെ നിയന്ത്രിക്കുന്നത് വായ്പ്പയാണ്. കടഭാരം സന്തുഷ്ടസൂചികയുടെ ഭാഗമായാൽ കേരളത്തിന്റെ
ഗ്രാഫ് കുത്തനെ താഴേക്ക് വരും. ജനങ്ങളുടെ മാനസികസമ്മർദ്ദം ഒരു സൂചികയാണെന്ന് നേരത്തെ പറഞ്ഞു. അത് കണക്കാക്കിയത് സാമൂഹ്യമാദ്ധ്യമങ്ങളിലെ കുറിപ്പുകൾ പരിശോധിച്ചിട്ടാണ്.അത് കേരളത്തിന്റെ സ്ഥിതി എത്ര കണ്ട് മെച്ചമാകുമെന്ന് പറയാനാവില്ല.നമ്മുടെ സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ നല്ലൊരു പങ്കും മതപരമായും രാഷ്ട്രീയമായും ചേരിതിരിഞ്ഞ് പരസ്പരം പുലഭ്യംപറയാനാണല്ലോ ഉപയോഗിക്കുന്നത്. പ്രസാദാത്മകമായ കുറിപ്പുകൾ അവിടെ വളരെ അപൂർവ്വമായേ കാണാറുള്ളു. സംഘടിതമായി മറ്റുള്ളവരെ ആക്രമിക്കുന്ന ശൈലി കേരളത്തിലെ വിവിധ രാഷ്ട്രീയകക്ഷികൾ ഫേസ് ബുക്കിലും മറ്റും പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്. എഴുതുന്നവർക്കും വായിക്കുന്നവർക്കും മാനസികസമ്മർദ്ദമേറുമെന്നതു തന്നെ അതിന്റെ ഫലം.
ഒരു കാര്യം വ്യക്തമാണ്. കേരളത്തിന്റെ സന്തോഷം അളക്കേണ്ടതുണ്ട്. അതിനുള്ള ഉപാധികൾ വികസിപ്പിക്കേണ്ടതുമുണ്ട്. അങ്ങനയേ വികസനത്തിന് ഒരു നൂതനമായ വഴി നമുക്ക് തുറക്കാനാവൂ. ജനങ്ങളുടെ മൊത്തം സന്തോഷം (ഏൃീ ൈഒമുുശില)ൈ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് വികസനത്തിൽ വേണ്ടത്. ഇതിനായി എല്ലാത്തരം അസമത്വങ്ങളും കുറയേണ്ടതുണ്ട്. ഒപ്പം അവശ്യജീവിതോപാധികൾ ഉത്പ്പാദിപ്പിക്കാനുള്ള അദ്ധ്വാന സമയം പരമാവധി കുറയ്കാൻ കഴിയണം. കളികൾക്കൊപ്പം ക്രിയാത്മകത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വേണം, സർഗ്ഗാത്മകപ്രവർത്തനങ്ങൾക്കു സമയം വേണം. സംഘർഷരഹിതമായ ജീവിതം സാദ്ധ്യമാവണം, ഒരു ജനാധിപത്യമതേതര സാമൂഹ്യസൃഷ്ടിയുണ്ടാവണം. ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വേണം. ഒറ്റച്ചോദ്യം ചോദിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
പൂക്കൾ പ്രകൃതിക്കും തേനീച്ചകൾക്കുംവേണ്ടിയുള്ളതാണ്. അത് ചെടിയിൽനിന്ന് പറിക്കുന്നത് ശരിയല്ല എന്ന് കരുതി തലയിൽ പൂവ് ചൂടാത്ത നിലമ്പൂരിലെ ചോലനായ്ക്ക പെൺകുട്ടികളായിരിക്കുമോ തമിഴ്‌നാട്ടിൽ വില കൊടുത്തുവാങ്ങി തലയിൽ നിറയെ മുല്ലപ്പൂ ചൂടി ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന നാഗരികസ്ത്രീകളായിരിക്കുമോ കൂടുതൽ സന്തോഷം അനുഭവിക്കുന്നത്. ഇത്രയേ പറയാനുള്ളൂ, വികസനം, വളർച്ച തുടങ്ങിയ പതിവ് സംജ്ഞകൾക്ക് പുതിയ നിർവചനവും പുതിയ വ്യാഖ്യാനവുമുണ്ടാകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *