ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും
ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.
നാല് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.
30 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. ടിക്കറ്റും ഹയ്യാ കാര്‍ഡുമുള്ളവര്‍ക്ക് മാത്രമാണ് ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശനം. ടൂര്‍ണമെന്റിന് മുന്‍പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ഫിഫ സംഘത്തിന് പൂര്‍ണതൃപ്തിയാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 12.30 വരെയുള്ള സമയങ്ങളിലാണ് കിക്കോഫ്.

