17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ. ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ് ഈ കത്തെഴുതാൻ കാരണം. എന്റെ മകൾക്ക് സ്വയംഭോഗശീലമുണ്ടെന്ന് യദൃച്ഛയാ ഞാൻ അറിയാനിടയായി. അതെനിക്കൊരു വല്ലാത്ത ഷോക്കായി. ഇതുകൊണ്ട് അവൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ഭയമുണ്ട്. അങ്കലാപ്പുമുണ്ട്. അവളെ അതേക്കുറിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
മറിയ, ചിങ്ങവനം
മറുപടി
കത്തിലൂടെ കണ്ണോടിക്കുമ്പോൾ ചെറിയൊരു സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. ‘സ്വയംഭോഗമെന്താ വല്ല ക്രിമിനൽകുറ്റവുമാണോ’ എന്ന്!
സുഹൃത്തേ, ലോകത്തിലാദ്യമായി സ്വയംഭോഗംചെയ്യുന്ന പെൺകുട്ടിയൊന്നുമല്ല താങ്കളുടെ മകൾ!
ലൈംഗികത എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്. അത് മനസ്സുമായും ശരീരവുമായും അങ്ങേയറ്റം ചേർന്നുനിൽക്കുന്നു.
ഹോർമോൺ കുത്തിനിറച്ച ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങൾ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നാട്ടിലും പെൺകുട്ടികൾ വളരെ നേരത്തേ ഋതുമതികളായിക്കൊണ്ടിരിക്കുകയാണ്. ഒൻപതുവയസ്സിലും പത്തുവയസ്സിലുമൊക്കെ ശാരീരിക പ്രായപൂർത്തിയിലെത്തുന്ന കുട്ടിക്ക് തന്റെ സ്വാഭാവിക ലൈംഗിക അഭിവാഞ്ഛ സംതൃപ്തിപ്പെടുത്തുവാൻ വിവാഹം വരെ കാത്തിരിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. ശരീരം ലൈംഗികത ആവശ്യപ്പെടുകയും അതേസമയം സാഹചര്യങ്ങൾ അത് നിഷേധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക-ശാരീരിക സംഘർഷം അതിരൂക്ഷമാണെന്നത് ഒരു ശാസ്ത്രീയസത്യമാണ്.
പല പെൺകുട്ടികളുടെയും അതിരൂക്ഷമായ ദേഷ്യം, സ്ഥലകാല ബോധം മറന്നുള്ള കോപാകുലമായ പെരുമാറ്റം, മറ്റുള്ളവരുടെ നേരിയ വിമർശനങ്ങളോടുപോലുമുള്ള കടുത്ത പ്രതികരണങ്ങൾ, നിർദ്ദോഷമായ തമാശകളോടുപോലും നിശിതമായ മനോഭാവം പുലർത്തുക, മറ്റുള്ളവരുമായി ചേർന്നുപോകാൻ സാധിക്കാതെ വരിക തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണം അവരിലെ സംതൃപ്തിപ്പെടാത്ത ലൈംഗികതൃഷ്ണയാണെന്നുള്ളത് ഒരു വസ്തുതയാണ്.
മാതാപിതാക്കളോടും ചുറ്റുമുള്ളവരോടുമൊക്കെ അകാരണമായ പകയും വെറുപ്പുമൊക്കെ പുലർത്തുന്ന പല പെൺകുട്ടികളിലും ഒളിഞ്ഞു കിടക്കുന്ന അടിസ്ഥാനകാരണം അടിച്ചമർത്തപ്പെട്ട ലൈംഗിക അഭിനിവേശമാണെന്നത് നിഷേധിച്ചിട്ടു കാര്യമില്ല.
മേൽസൂചിപ്പിച്ചതുപോലെ, സ്ത്രീഹോർമോണായ ‘ഈസ്ട്രജൻ’ നിറച്ച തീറ്റകൊടുത്ത് മുപ്പതും നാല്പതും ദിവസങ്ങൾക്കുള്ളിൽ ‘നിർബന്ധിച്ച്’ പ്രായപൂർത്തിയാക്കിയെടുക്കുന്ന ചിക്കൻ അനുബന്ധ ഭക്ഷണമാണല്ലോ കേരളീയർക്ക് ഇന്ന് പഥ്യം. ഇതേ ആഹാരം കഴിക്കുന്ന വിദേശിയായ ഒരു പെൺകുട്ടിക്ക് അവരുടെ ലൈംഗികത്വര ബോയ്ഫ്രണ്ടിനോടോ കാമുകനോടോ പങ്കുവയ്ക്കാൻ സമൂഹത്തിന്റെ അനുവാദത്തോടെതന്നെ സാധിക്കുന്നുണ്ട്.
‘അമേരിക്കയിലെ ഫുഡ് കഴിച്ചോളൂ, പക്ഷേ അടങ്ങിയൊതുങ്ങി മര്യാദയ്ക്ക് ജീവിച്ചോണം’ എന്ന മട്ടാണ് നമ്മുടെ നാട്ടിലെ സംസ്‌കാരശൈലി!
ആകെ കൺഫ്യൂഷനിലാണ് നമ്മുടെ കുട്ടികൾ മതത്തിന്റെയും അമിത സദാചാരത്തിന്റേയുമൊക്കെ ചട്ടക്കൂടുകളിൽ കഴിയുന്ന കുട്ടികളാവട്ടെ ആഴത്തിലുള്ള ലൈംഗികസമ്മർദ്ദത്തിലേക്കും കുറ്റബോധത്തിലേക്കും കൂപ്പുകുത്തി വീഴുകയും ചെയ്യും.
എന്തായാലും കൗമാരവും യൗവ്വനത്തിന്റെ ആദ്യ ഭാഗവും ആൺകുട്ടികളേക്കാൾ പെൺകുട്ടികളിലാണ് ലൈംഗിക ഉത്ക്കണ്ഠകൾ കുത്തിനിറയ്ക്കാറുള്ളത്. പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ സ്വയംഭോഗ നിരക്ക് താരതമ്യേന കൂടുതലായതാവാം അവരിൽ ഇത്തരം പ്രശ്‌നങ്ങൾ കുറവാകാൻ കാരണം.
എതിർലിംഗത്തിൽപ്പെട്ടവരുമായി ഊഷ്മളമായ സൗഹൃദങ്ങളും തുറന്ന പെരുമാറ്റശൈലികളുമൊക്കെ കൗമാര-യൗവ്വന ലൈംഗികതയെ കുറേയൊക്കെ ഉദാത്തീകരിക്കുന്നുണ്ട്. ഹൃദ്യമായ സംഗീതം കേൾക്കുക, കിളികളേയും വളർത്തുമൃഗങ്ങളേയുമൊക്കെ ഓമനിക്കുക തുടങ്ങിയവയിലൂടെ കുറേയൊക്കെ മനസ്സിനെ റിലാക്‌സ്ഡ് ആയി നിർത്താൻ സാധിക്കുന്നതാണ്.
തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (Occipital Lobe)ൽ ആൽഫാ തരംഗങ്ങൾ ഊർജ്ജസ്വലമാക്കാൻ കഴിയുന്നതുകൊണ്ട് ശ്വസനവ്യായാമമുറകളും ഒരുപരിധിവരെ ഗുണംചെയ്യുന്നുണ്ട്.
എന്തായാലും മക്കളുടെ സ്വയംഭോഗ പ്രവണതയെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്ന ഓരോ രക്ഷിതാവും അവരവരുടെ കൗമാരകാലത്തേക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.
പിന്നെ, മകളുടെ സ്വയംഭോഗം അറിയാനിടയായതൊന്നും അവളെ ബോദ്ധ്യപ്പെടുത്തി, ഉപദേശിച്ച് രംഗം ‘കുള’മാക്കരുത്. ഇതൊന്നും അറിഞ്ഞതായിപ്പോലും ഭാവിക്കേണ്ടതില്ല. വളർച്ചയുടെ ഒരു ഘട്ടംമാത്രമാണ് അതെന്ന് മനസ്സിലാക്കുക.

