നിലയ്ക്കല്‍-പമ്പ റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കരുതെന്നു ഹൈക്കോടതി

LATEST NEWS

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ ബോര്‍ഡും മുദ്രയുമുള്ള വാഹനങ്ങള്‍ക്ക് ഈ ഉത്തരവു ബാധകമാണെന്നും ഹൈക്കോടതി. ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡു വച്ച് പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍ഥാടന കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വ്യക്തമാക്കി സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടു നല്‍കി. ടോയ്ലെറ്റുകള്‍ ലേലത്തില്‍ പോയിട്ടില്ലെങ്കില്‍ ഇവ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ സഹായത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമം പാലിക്കാതെ വലിയതോതില്‍ അലങ്കരിച്ച വാഹനങ്ങളില്‍ ശബരിമല യാത്ര വേണ്ട. ചരക്കു വണ്ടികളില്‍ ശബരിമല യാത്ര പാടില്ലെന്നും ഇത് ഉറപ്പാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞൂ. തീര്‍ഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നല്‍കിയ മുന്‍ ഉത്തരവുകള്‍ പാലിക്കണം. 15 സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് തീര്‍ഥാടകരെ ഇറക്കാന്‍ പമ്പ വരെ പോകാം. എന്നാല്‍ ഇവ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും ഉത്തരവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *