ശബരിമല ദര്‍ശനത്തിനായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.
കേസ് പരിഗണിക്കുന്നതിനായി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തും. ഹെലികേരള എന്ന വെബ്‌സൈറ്റിലാണ് ശബരിമലയിലേക്ക് ദിനം പ്രതി സര്‍വീസ് നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. കൊച്ചിയിലെ ഹെലിപ്പാഡില്‍ നിന്ന് നിലയ്ക്കലിലെ ഹെലിപ്പാഡിലേക്ക് ദിവസവും രണ്ടു തവണ സര്‍വീസ് നടത്തുമെന്നാണ് പരസ്യത്തിലുള്ളത്. എല്ലാ ദിവസവും രാവിലെ എട്ടിനും 8.45 നും കൊച്ചിയില്‍ നിന്ന് നിലയ്ക്കലിലേക്കു സര്‍വീസ് നടത്തും. ഒരു മണിക്കൂര്‍ കൊണ്ട് നിലയ്ക്കലില്‍ എത്തും. അവിടെ നിന്ന് കാറില്‍ ഭക്തരെ പമ്പയില്‍ എത്തിക്കും. തുടര്‍ന്ന് ഡോളിയില്‍ സന്നിധാനത്തെത്തിക്കും. ദര്‍ശനം കഴിഞ്ഞ് അന്നു തന്നെ മടങ്ങുന്ന ഭക്തരെ വൈകിട്ട് അഞ്ചുമണിയോടെ കൊച്ചിയില്‍ തിരിച്ചെത്തിക്കുമെന്നാണ് വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുള്ളത്. ഇതിനായി ഒരാള്‍ക്ക് 45,000 രൂപ എന്നതാണ് നിരക്ക്.
ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

