
ഗോഡ് ഫാദറിലെ അഞ്ഞൂറാനെ അറിയാത്തവരാരുമുണ്ടാകില്ല. എന്നാല്‍ അദ്ദേഹം പിന്നിട്ട ജീവിതവഴിയും അനുഭവങ്ങളും അധികമാര്‍ക്കും അറിയില്ല, നാടകം ജീവിതമാക്കിയ മനുഷ്യന്‍, ജീവിതം നാടകമാക്കിയ മനുഷ്യനും! മലയാള നാടക ആചാര്യന്‍മാരില്‍ ഒരാളായിരുന്ന എന്‍. എന്‍. പിള്ളയെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ കുറിക്കാം.
1918 ഡിസംബര്‍ 27-ന് വൈക്കത്ത് ജനിച്ച എന്‍എന്‍ പിള്ളയുടെ പൂര്‍ണ്ണനാമം: എന്‍. നാരായണ പിള്ള എന്നാണ് . കോട്ടയം സി.എം.എസ്. കോളജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. അവിടെ ഒരു എസ്റ്റേറ്റ് മാനേജരായി ജോലി നോക്കി. രണ്ടാം ലോക യുദ്ധകാലത്ത്, 1939 മുതല്‍ 1945 വരെ, നേതാജിയുടെ ഐഎന്‍എയുടെ പ്രചാരണവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ ആദ്യ നാടകമായ ‘താന്തിയ തോപ്പി’ എഴുതിയത്.
1945-ല്‍ നാട്ടില്‍ തിരിച്ചെത്തി. ഒരു വര്‍ഷം കഴിഞ്ഞ് കുടുംബസമേതം ‘മലയ’യിലേക്കു പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയില്‍ താമസമാക്കി. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും ചെയ്തു. 1952-ല്‍ ‘വിശ്വകേരള കലാസമിതി’ സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും; ‘കാപാലിക’, ‘ഈശ്വരന്‍ അറസ്റ്റില്‍’,’ക്രോസ്‌ബെല്‍റ്റ്’ തുടങ്ങിയ പ്രശസ്തനാടകങ്ങള്‍; ‘നാടകദര്‍പ്പണം’, ‘കര്‍ട്ടന്‍’ എന്നീ പഠനഗ്രന്ഥങ്ങളും ‘ഞാന്‍’ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പ്രേതലോകം’ എന്ന നാടകത്തിന് 1966-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
എന്‍ എന്‍ പിള്ളയുടെ ‘പോട്ടര്‍ കുഞ്ഞാലി’, ‘ക്രോസ് ബെല്‍റ്റ്’, ‘കാപാലിക’ തുടങ്ങിയ നാടകങ്ങള്‍ സിനിമയാക്കിയിട്ടുണ്ട്. 1954-ല്‍ പുറത്തിറങ്ങിയ ‘മനസ്സാക്ഷി’, 1972-ലെ ‘മനുഷ്യബന്ധങ്ങള്‍’, 1973-ലെ ‘കപാലിക’ എന്നീ ചിത്രങ്ങളില്‍ എന്‍. എന്‍. പിള്ള, ‘ഗോഡ് ഫാദറി’ന് മുമ്പ് അഭിനയിച്ചിട്ടുണ്ട്. ‘കാപാലിക’ എന്ന നാടകത്തില്‍ അദ്ദേഹം അഭിനയിച്ച വേഷം അത് സിനിമയായപ്പോള്‍ ചെയ്തത് അദ്ദേഹം തന്നെയാണ്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ‘ഗോഡ്ഫാദര്‍’ എന്ന സിനിമയില്‍ ‘അഞ്ഞൂറാന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് ‘വെള്ളത്തിര നിറഞ്ഞാടി’. കൂടാതെ ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ ‘പെരിയവര്‍’, ‘പെദരിക്കം’ എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു. തുടര്‍ന്ന് ‘നാടോടി’ എന്ന ചിത്രത്തിലും അഭിനയിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
‘ഞാന്‍’ പിള്ളയുടെ ആത്മകഥയാണ്. കൊള്ള, കൊല, വ്യഭിചാരം, ഒളിച്ചോട്ടം തുടങ്ങി നാം പറയാനും കേള്‍ക്കാനും അറയ്ക്കുന്ന ഒട്ടേറെ കഥകള്‍ ‘ഞാന്‍’ എന്ന ആത്മകഥ പറയുന്നു. ജീവിത ദുരിതങ്ങളോട് പൊരുതി നേടിയ വിജയവും പ്രണയവും മകന്‍ വിജയരാഘവന്റെ ജനനവും വരെയാണ് ‘ഞാന്‍’ എന്ന കഥയുടെ ഉള്ളടക്കം.
എന്‍.എന്‍. പിള്ളയുടെ സഹോദരി ഓമന നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകന്‍ വിജയരാഘവന്‍ നാടകമേഖലയിലും, സിനിമയില്‍ നായകനായും പ്രതിനായകനായും സ്വഭാവനടനായും സജീവമാണ്. പെണ്‍മക്കള്‍: സുലോചന, രേണുക. 1995 നവംബര്‍ 14-ന്, 77-ാം വയസില്‍, അന്തരിച്ചു.

