ഡല്‍ഹി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Crime

ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കറെന്ന ചെറുപ്പക്കാരിയെ അതിദാരുണമായി കൊലപെടുത്തിയ പ്രതി അഫ്താബ് പൂനെവാലയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ശ്രദ്ധ വാള്‍ക്കറിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ മെഹ്റോളിയിലെ വനമേഖലയില്‍ പോലീസ് കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും.

അതേസമയം യുവതിയെ കൊന്ന് വെട്ടിനുറുക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജ് ഫൊറന്‍സിക് സംഘം പരിശോധിച്ചു. മെഹ്റോളി പോലീസ് സ്റ്റേഷനിലെത്തിയാണ് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയത്. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയിലും ഇന്നലെ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് നടന്നു. കത്തിയും മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായുള്ള കവറുകളും ഈ കടയില്‍നിന്ന് വാങ്ങിയെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.

അഞ്ചുദിവസം കസ്റ്റഡിയില്‍വിട്ട പ്രതിയെ കര്‍ശന നിരീക്ഷണത്തിലാണ് മെഹ്റോളി പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്നത്. മറ്റൊരു കേസിലെ പ്രതിക്കൊപ്പമാണ് ഇയാളെ ലോക്കപ്പില്‍ കിടത്തിയത്. എന്നാല്‍ മുഴുവന്‍ സമയവും ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലോക്കപ്പിന് പുറത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമെടുത്താണ് പ്രതി മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. എങ്ങനെ കഷണങ്ങളാക്കണമെന്ന് പ്രതി ഗൂഗിളില്‍ തെരഞ്ഞിരുന്നു. തെളിവ് നശിപ്പിക്കാനുള്ള വഴികളും ഇന്റര്‍നെറ്റില്‍നിന്ന് മനസിലാക്കി. രക്തക്കറ അവശേഷിക്കാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്ളാറ്റിലെ തറ വൃത്തിയാക്കി.

മൃതദേഹഭാഗങ്ങള്‍ പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഓരോ ദിവസവും കവറുകള്‍ ബാഗിലാക്കി കൊണ്ടുപോവുകയും വനമേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 18 ദിവസം കൊണ്ടാണ് മുഴുവന്‍ മൃതദേഹഭാഗങ്ങളും ഉപേക്ഷിച്ചത്. തുടര്‍ന്ന് ഫ്രിഡ്ജ് വൃത്തിയാക്കി.
ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷവും മറ്റുപെണ്‍കുട്ടികള്‍ അഫ്താബിനൊപ്പം ഫ്ളാറ്റിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ചില പെണ്‍കുട്ടികളുമായി ഫ്ളാറ്റില്‍ വന്നിരുന്നതായി സമീപവാസികളും മൊഴി നല്‍കി. അടുത്തിടെ ഇവിടെ താമസം ആരംഭിച്ച ശ്രദ്ധയും അഫ്താബും അയല്‍ക്കാരുമായോ മറ്റുതാമസക്കാരുമായോ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ശ്രദ്ധയുടെ അച്ഛന്‍ വികാസ് മദന്‍ വാള്‍ക്കര്‍, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ എന്നിവര്‍ സംഭവത്തില്‍ ലൗജിഹാദ് പോലെയുള്ള ഗൂഡോലോചനകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *