നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഴുവന്‍ പ്രതികളേയും മോചിതരാക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. എല്ലാവരെയും വിട്ടയയ്ക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ആറു പേരാണ് കേസില്‍ നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നളിനിയെയും രവിചന്ദ്രനെയും കൂടാതെ, റോബര്‍ട്ട് പയസ്, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരാണ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്.
കേസിലെ മറ്റൊരു പ്രതിയായ എജി പേരറിവാളന്‍ സമര്‍പ്പിച്ച ഇളവ് ഹര്‍ജിയിലെ മുന്‍ വിധിക്ക് തുല്യമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പേരറിവാളന്‍ കേസില്‍, ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറുടെ അമിതമായ കാലതാമസം സുപ്രീം കോടതി ശ്രദ്ധിക്കുകയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.
1991 മെയ് 21നായിരുന്നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെണ്‍കുട്ടിയായിരുന്നു ചാവേര്‍. പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ നടപടി എടുത്തിരുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ ജയില്‍ മോചിതരാകുന്നത്.

