അഞ്ജലി അനിൽകുമാർ
പ്രണവ് മോഹൻലാലിനെ നായകനാക്കി, വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹൃദയം’ യുവപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രണയകഥയാണ്. പ്രണയത്തിന്റെ പതിവു കാഴ്ചകളെ, പലപ്പോഴായി കണ്ടു പഴകിയ ഒരു പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുന്നുവെങ്കിലും മോശമല്ലാത്ത ഒരു സിനിമയാക്കി അതിനെ പരുവപ്പെടുത്താൻ സംവിധായകനായി. പ്രണയം, വിരഹം, വിവാഹം, ഗൃഹാതുരത തുടങ്ങി ഇത്തരം സിനിമകളിൽ കാലങ്ങളായി തുടർന്നു വരുന്ന പതിവുകളൊക്കെയാണ് ഹൃദയത്തിലുമുള്ളത്. എന്നാൽ കഥാപാത്രങ്ങൾക്കനുയോജ്യരായ അഭിനേതാക്കളും വിനീത് ശ്രീനിവാസനെന്ന പണിയറിയാവുന്ന സംവിധായകനും ചേരുമ്പോൾ തിരക്കഥയിലെ അത്തരം ന്യൂനതകളൊന്നും പ്രത്യക്ഷത്തിൽ പൊന്തി വരുന്നില്ല… അതവിടെ നിൽക്കട്ടേ. ഹൃദയത്തിന്റെ നിരൂപണമല്ല, അതിലെ ഒരു കഥാപാത്രമാണ് ഇവിടെ പ്രധാനം. മായ!
മായ നായികയല്ല. സിനിമയുടെ മൊത്ത സ്വഭാവം പരിഗണിക്കുമ്പോൾ നിർണായക കഥാപാത്രവുമല്ല. എന്നാൽ മായ ജനുവിനാണ്. നമുക്കു ചുറ്റും കാണുന്ന, പ്രണയത്താൽ മുറിവേറ്റവരുടെ പ്രതിനിധി.
ദർശനയോട് (ദർശന രാജേന്ദ്രൻ) പിണങ്ങുന്ന അരുൺ (പ്രണവ്) അവളെ ചൊടിപ്പിക്കാനാണ് മായയോട് (അന്നു ആന്റണി) പ്രണയം നടിക്കുന്നത്. ദർശനയെ ചൊടിപ്പിക്കാനുള്ള ഒരു ടൂൾ മാത്രമാണ് അരുണിന് മായ. എന്നാൽ മായ അതിനെ ഗൗരവത്തോടെ പരിഗണിക്കുന്നു. അവളവനെ മനസ്സറിഞ്ഞു പ്രണയിക്കുന്നു. അതോടെ ഓരോ പ്രേക്ഷകന്റെയും ഹൃദയം മായയോടൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നിടത്താണ് ആ കഥാപാത്രം വ്യത്യസ്തമാകുന്നത്…
ദർശനയുമായി വഴക്കിട്ടതിന്റെ നൈരാശ്യം തീർക്കാൻ അരുൺ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു താനെന്ന് ഏറെ വൈകാതെ മായ മനസ്സിലാക്കുന്നതും സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറിപ്പോകുന്നതും സിനിമയിലുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ നിരാശയുടേയോ വിഷാദത്തിന്റെയോ കയത്തിലേക്കാകും ഓരോ മായമാരും (അവരിൽ ആ ൺ–പെൺ വ്യത്യാസമില്ല) ചെന്നു പതിക്കുക. സിനിമയല്ലല്ലോ ജീവിതം!
പ്രണയത്തിന്റെയോ ദാമ്പത്യത്തിന്റെയോ പിണക്കകാലങ്ങളിൽ രണ്ടു പേർക്കിടയിലെ വാശിയുടെ ഇരകളാകുന്ന ധാരാളം മായമാരുണ്ട്. പ്രണയമെന്നോ സ്‌നേഹമെന്നോ തെറ്റിദ്ധരിച്ച്, അതിലേക്കു മനസ്സും ശരീരവും സമർപ്പിച്ച്, ഒടുവിൽ ഈയാം പാറ്റകളെപ്പോലെ ചിറകുകൾ കരിഞ്ഞു വീഴുന്നവർ…
സിനിമയുടെ പരിമിതികൾക്കുള്ളിൽ നിന്ന് മായ എന്ന കഥാപാത്രത്തെ പരവാവധി കൺവിൻസിംഗ് ആയി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. മായയായി യുവനടി അന്നു ആന്റണിയുടെ പ്രകടനവും ശ്രദ്ധേയം. ‘എപ്പോഴെങ്കിലും ദർശനയെ സ്‌നേഹിച്ചതുപോലെ നീ എന്നെ സ്‌നേഹിച്ചിട്ടുണ്ടോ’ എന്ന് അരുണിനോടു ചോദിക്കുന്ന മായ ഒരു വിങ്ങലാണ്…ശ്യാമപ്രസാദിന്റെ ‘അരികെ’ എന്ന ചിത്രത്തിൽ കാമുകി ഉപേക്ഷിച്ചു പോകുന്ന നായകന് ആശ്വാസമാകുന്നത് കാമുകിയുടെ കൂട്ടുകാരിയാണെന്നതും ഇതൊടൊപ്പം ചേർത്തു വയ്ക്കാം.
‘ഹൃദയം’ കണ്ടു തീർന്നപ്പോൾ മറ്റൊരു ചിന്തയുമുണ്ടായി. മായയെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ വേണമെങ്കിൽ ഒരുക്കാമല്ലോ എന്നതാണത്. ശക്തമായ ഒരു കഥാപാത്രമാണ് അവൾ. ‘ഹൃദയ’ത്തിൽ കണ്ടിടത്തോളമുള്ള അവളുടെ ജീവിതാവസ്ഥകൾക്കും ഒരു സിനിമയിലേക്കു വികസിക്കാനുള്ള കരുത്തുണ്ട്. കലയിൽ പെണ്ണ് ഒരു കച്ചവട വസ്തു മാത്രമല്ലെന്ന തിരിച്ചറിവിലേക്ക് ലോകവും കാലവും മാറിത്തുടങ്ങിയ ഈ പുതിയ കാലത്ത് മായമാരുടെ ജീവിതം കാണാനും ആളുണ്ടെന്നത് പ്രതീക്ഷ പകരുന്നു… അതിനെ യാഥാർഥ്യമാക്കാൻ ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ…
