എ.ചന്ദ്രശേഖർ
വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളുമാണല്ലോ സർഗാത്മകരചനകൾക്ക് പ്രചോദനം. അതത് സമൂഹങ്ങളിലെ വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളുടെയും പശ്ചാത്തലമാണ്് ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേർക്കാഴ്ചകൾ പണ്ടെന്നത്തേതിനേക്കാൾ കൂടുതൽ വാർത്തകളിൽ മാത്രമല്ല സിനിമ പോലുള്ള ആവിഷ്‌കാര മാധ്യമങ്ങളിലും വച്ചുകെട്ടുകളില്ലാതെ തുറന്ന നിലയ്ക്ക് ചർച്ചചെയ്യപ്പെടുന്നുണ്ട്. കമൽഹാസന്റെ വിരുമാണ്ടി മുതൽ പരിയാരം പെരുമാൾ, കർണൻ വരെയുള്ള സിനിമകളിൽ ഈ ജാതിരാഷ്ട്രീയത്തിന്റെ നേർചിത്രങ്ങൾ അസാമാന്യ കയ്യടക്കത്തോടെ, സാമൂഹികധാരണയെ അസ്വസ്ഥപ്പെടുത്തുംവിധം അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും മറ്റും ശക്തമായ വേരോട്ടമുള്ള കേരളത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പേ പടിയടച്ചു പിണ്ഡംവച്ചു എന്നു നാം ഊറ്റം കൊള്ളുന്ന ജാതിയുടെ രാഷ്ട്രീയം പക്ഷേ സാമൂഹികവും പാരിസ്ഥിതികവുമായ പല തലങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നു മാത്രമല്ല ദലിതരോടുള്ള പൊതു/അധികാരസമീപനം ചൂഷണത്തിന്റേതും സ്വാർത്ഥതാൽപര്യങ്ങളുടെയും പുതിയ ആട്ടിൻതോലുകളെ തേടുന്നുവെന്നതിനപ്പുറം വലിയ മാറ്റങ്ങളൊന്നം സ്വാംശീകരിച്ചിട്ടില്ലെന്നുമുള്ള പരമാർത്ഥം ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം, മാർട്ടിൻ പ്രകാട്ടിന്റെ നായാട്ട് തുടങ്ങിയ സിനിമകൾ കാണിച്ചുതരുന്നു. ആത്യന്തികമായി ദലിതർ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യതാൽപര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും സിനിമ ചർച്ചചെയ്തു തുടങ്ങുന്നു.
എന്നാൽ, ചിത്രം മുന്നോട്ടു വച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ടതോടെ ലക്ഷ്യം തെറ്റിയ അമ്പായിപ്പോയ ദുര്യോഗമാണു മാർട്ടിന്റെ നായാട്ടിനു നേരിടേണ്ടിവന്നത്. വാസ്തവത്തിൽ നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത ഒരു സിനിമയല്ല. പല അടരുകളിലായി അതു ചർച്ചയ്ക്കു വച്ച രാഷ്ട്രീയബോധങ്ങളിൽ ഒന്നു മാത്രമാണു ദളിത് പരിപ്രേക്ഷ്യം. നിയമപാലനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന, നിഷ്പക്ഷത ഏറ്റവും കൂടുതൽ കാത്തുസൂക്ഷിക്കേണ്ട പൊലീസിലെ രാഷ്ട്രീയവൽക്കരണം എന്ന തീവ്ര പ്രാധാന്യമുള്ളൊരു വിഷയത്തെയാണു നായാട്ട് ആർജ്ജവത്തോടെ അവതരിപ്പിക്കാൻ ശ്രമിച്ചത്. രാഷ്ട്രീയം, ഭരണകൂടം പൊലീസിനെ എങ്ങനെ ചട്ടുകമാക്കുന്നു എന്നു ലോക ചരിത്രത്തിൽ നിന്നു മാത്രമല്ല ഇന്ത്യാ ചരിത്രത്തിൽ നിന്നു തന്നെ പല സംഭവങ്ങളിൽ നിന്നും നമുക്കു ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയമസംവിധാനത്തെ രാഷ്ട്രീയ കക്ഷികളും അധികാരികളും എങ്ങനെയൊക്കെ ദുരുപയോഗിക്കുമെന്നു വിശകലനം ചെയ്യുന്ന ചലച്ചിത്രങ്ങളും വിവിധ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിട്ടുണ്ട്. അർദ്ധസത്യ, ഗംഗാജൽ, തലപ്പാവ് പോലുള്ള സിനിമകളിലെല്ലാം സഗൗരവം ഈ പ്രമേയം ആവിഷ്‌കരിക്കപ്പെട്ടിട്ടുമുണ്ട്.
കമ്പോള മുഖ്യധാരയിലാവട്ടെ,കാലാകാലങ്ങളിലിറങ്ങിയ അസംഖ്യം പൊലീസ് കഥകളിൽ, ജനാധിപത്യവ്യവസ്ഥയിൽ മാറി മാറി വരുന്ന അധികാരികളെ പ്രീണിപ്പിക്കുകയും അവരുടെ ഇംഗിതത്തിനൊത്തു പ്രവർത്തിക്കേണ്ടിയും വരുന്ന പൊലീസിന്റെ ഗതികേടുകൾ കടുംവർണത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ടി.ദാമോദരൻ-ഐ.വി.ശശി കൂട്ടുകെട്ടിൽ പിറന്ന ആവനാഴി (1986) മുതൽ രഞ്ജി പണിക്കർ-ഷാജി കൈലാസുമാരുടെ കമ്മീഷണറും(1994), പ്രവീൺ പ്രഭാകറിന്റെ കൽക്കി(2019)യും വരെ ഇത്തരത്തിൽ രാഷ്ട്രീയ-അധോലോക അച്ചുതണ്ടുകൾക്കെതിരേ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന അതിമാനുഷ പൊലീസ് നായകന്മാരെയാണ് അവതരിപ്പിച്ചത്. ഇതിൽ നിന്നു വിഭിന്നമായ ഒരു സമീപനം, തമാശയ്ക്കും മറ്റുമായി മാത്രം ആവിഷ്‌കരിക്കപ്പെട്ടിരുന്ന പൊലീസ് സ്റ്റേഷൻ എന്ന തിരയിടത്തെ, ആത്മാർത്ഥമായും ഒട്ടൊക്കെ സത്യസന്ധമായും പകർത്താനുള്ള ശ്രമം, ഉണ്ടായിക്കാണുന്നത് 2016ൽ എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ്. അതുവരെ നിഷ്ഠുര വില്ലന്മാരുടെയും നിയമലംഘകരായ പൊലീസുകാരുടെയും അതുമല്ലെങ്കിൽ അതിമാനുഷനായകന്മാരുടെ ഇരിപ്പിടങ്ങളായും മാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന പൊലീസ് സ്റ്റേഷനിലെ ജീവിതം അതിശയോക്തിയില്ലാതെ ദർപ്പണയാഥാർത്ഥ്യത്തിന്റെ യഥാതഥ്യതയോടെ ആക്ഷൻ ഹീറോയിൽ ആവിഷ്‌കരിക്കപ്പെട്ടു. തുടർന്നു ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തി(2016)ലും അതിഭാവുകത്വമില്ലാത്ത പൊലീസ് സ്റ്റേഷൻ നാം കണ്ടു.
യൂണിഫോമിട്ടവരെ മറ്റൊരു വർഗമായി മാറ്റിനിർത്തിയിരുന്ന അവതരണശൈലിയിലുണ്ടായ നിർണായകമായ മാറ്റമാണ് ഈ രണ്ടു സിനിമകളിലും പ്രതിഫലിച്ചത്. അവ, പൊലിസുകാരിലെ മനുഷ്യരെയാണവതരിപ്പിക്കാൻ ശ്രമിച്ചത്. പഴയകാല സിനിമകളിലെ പൊലീസുദ്യോഗസ്ഥരുടേതിൽ നിന്നു വേറിട്ട് വീട്ടിൽ റേഷൻ വാങ്ങുന്ന കാര്യം ചർച്ച ചെയ്യുന്ന, ഡ്യൂട്ടിക്കിടയിൽ കുട്ടിയെ സ്‌കൂളിൽ വിടുന്നതെങ്ങനെ എന്ന് ആശങ്കപ്പെടുന്ന, അയൽവീട്ടിലേക്ക വളർത്തുനായയെ അഴിച്ചുവിടുന്ന വീട്ടുകാരനെതിരെയുളള പരാതി പരിഹരിക്കേണ്ടി വരുന്ന സാധാരണ പൊലീസുകാരെയാണ് ഈ സിനിമകളിൽ കാണാൻ സാധിച്ചത്. ഇതിൽ നിന്ന് ഒരു പടി കൂടി മുന്നോട്ടു പോയാണു തൊണ്ടിമുതലും ദൃക്‌സാക്ഷിയും(2017) എന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ തന്റെ ഗ്രാമീണ പൊലീസ് സ്റ്റേഷൻ അവതരിപ്പിച്ചത്. ആക്ഷൻ ഹീറോയിലും കിസ്മത്തിലും തൊണ്ടിമുതലിലും കണ്ട പൊലീസ് സ്റ്റേഷൻ/പൊലീസ് ജീവിതങ്ങളുടെ കുറേക്കൂടി ഗൗരവവും രാഷ്ട്രീയമാനവുമുള്ള ആവിഷ്‌കാരമാണു നായാട്ടിലേത്.
തൊഴിൽ ജീവിതത്തിൽ പൊലീസുദ്യോഗസ്ഥർക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളുമൊക്കെയാണ് പരാമർശിക്കപ്പെട്ട ഈ മൂന്നു സിനിമകളും പറഞ്ഞതെങ്കിൽ, രാഷ്ട്രീയവും അധികാരവും ചേർന്ന്, അവർക്കു വേണ്ടി നിലനിൽക്കുന്ന പൊലീസിനെത്തന്നെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിന് വകുപ്പിനുള്ളിൽ തന്നെയുള്ള സഹപ്രവർത്തകർ ഒരേ സമയം ബലിയാടുകളും വേട്ടക്കാരും ആവുന്നെന്നുമാണ് നായാട്ട് ചർച്ച ചെയ്യുന്നത്.തൊഴിലിടത്തു നിസഹായരായിത്തീരുന്ന ശരാശരി പൊലീസുകാരന്റെ ജീവിതയാതനകൾ അർദ്ധസത്യ മുതൽ ആക്ഷൻ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട(2019) തുടങ്ങിയ സിനിമകളിലെല്ലാം നേരത്തെ കണ്ടിട്ടുള്ളതാണ്. എന്നാൽ, മുതലാളിത്ത വ്യവസ്ഥയിൽ ഒരു വ്യക്തി നേരിടുന്ന കൂലി അടിമത്തം അഥവാ തൊഴിലിലുള്ള അടിമത്തം, അതു പൊലീസ് ജോലി ആണെങ്കിൽ പോലും, അവന്റെ ജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നതു പലപ്പോഴും ചർച്ചയിൽ വരാത്ത വിഷയമാണ്. എന്ന് നായാട്ടിനെക്കുറിച്ചുള്ളൊരു ഓൺലൈൻ നിരൂപണത്തിൽ സിദ്ധാർത്ഥൻ എഴുതിയിട്ടുള്ളത് വളരെ പ്രസക്തമാണ്. വ്യവസ്ഥിതിയുടെ സംരക്ഷകർ, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. സിസ്റ്റം എങ്ങനെ അധികാരത്തെയും അധികാര സംരക്ഷകരായ നിയമപാലകരെയും ഒരേ പോലെ അഴിമതിക്കാരാക്കുന്നു എന്നാണു ചിത്രം പരിശോധിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെ അക്രമരാഷ്ട്രീയത്തിൽ പ്രവർത്തകർ ഇരകളാവുന്ന സിസ്റ്റത്തിന്റെ ദുര്യോഗത്തെപ്പറ്റി സിദ്ധാർത്ഥ ശിവയുടെ എന്നിവർ (2020) മുന്നോട്ടു വയ്ക്കുന്ന ആധികളും ആശങ്കളും നായാട്ടിന്റെ ദർശനങ്ങളോടു കൂട്ടിവായിക്കപ്പെടേണ്ടതാണ്. സിസ്റ്റം അഥവാ വ്യവസ്ഥിതി ഒരേ സമയം ഭരണകൂടത്തിനും കൊലപാതകികൾക്കും എങ്ങനെ സംരക്ഷണവും ഭീഷണിയുമാവുന്നു എന്നാണ് ഇരു ചിത്രങ്ങളും കാണിച്ചുതരുന്നത്.
ധർമ്മസംസ്ഥാപനാർത്ഥം ഒന്നോ രണ്ടോ സത്യസന്ധർ വിചാരിച്ചാൽ മാറ്റിമറിക്കാവുന്ന ഒന്നല്ല സിസ്റ്റം അഥവാ വ്യവസ്ഥിതി എന്നാണ് നായാട്ടും എന്നിവരും അരക്കിട്ടുറപ്പിക്കുന്നത്.എക്‌സിക്ക്യൂട്ടീവിന്റെയും ലെജിസ്‌ളേറ്റീവിന്റെയും ഭാഗം മാത്രമാണു പൊലീസ്. അതുകൊണ്ടുതന്നെ അവർക്കഹിതമായി ഒരു സ്വതന്ത്ര നിലപാട് ഏതു സാഹചര്യത്തിലും കൈക്കൊള്ളാനാവില്ല പൊലീസിന്.വ്യവസ്ഥിതിയുടെ തടവുകാരും സംരക്ഷകരും എന്ന വൈരുദ്ധ്യം കൈകാര്യം ചെയ്യാൻ വിധിക്കപ്പെട്ടവരാണവർ. നായാട്ടിൽ, തങ്ങൾ വേട്ടയാടുന്ന ഹെഡ് കോൺസ്റ്റബിൾ കാട്ടിൽ ആത്മഹത്യ ചെയ്തു കാണുമ്പോൾ അക്കാര്യം പുറം ലോകത്തെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഐ പി എസുകാരിയോട് ജൂനിയർ പൊലീസുദ്യോഗസ്ഥൻ ചോദിക്കുന്നത്, മാഡം ഒറ്റയ്ക്ക് എന്തു ചെയ്യുമെന്നാണ്? മനുഷ്യത്വം വച്ചു സ്‌റ്റേറ്റിനെതിരേ സംസാരിച്ച് തടവിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗതികേട് ചൂണ്ടിക്കാണിച്ചാണ് അയാളുടെ ചോദ്യം. സ്‌റ്റേറ്റ് എന്നത് രാഷ്ട്രീയാധികാരം എന്നു പുനർനിർവചിക്കപ്പെടുന്ന സാഹചര്യത്തിൽ കീഴുദ്യോഗസ്ഥന്റെ ഈ ചോദ്യത്തിനു മുന്നിൽ നിശബ്ദയാകേണ്ടിവരികയാണ് ആ മേലുദ്യോഗസ്ഥയ്ക്ക്. അതാണ് സിസ്റ്റത്തിന്റെ വിജയം. അഥവാ സിസ്റ്റം നിർമിച്ചുറപ്പിച്ചിട്ടുള്ള കുത്സിത വലയത്തിന്റെ ബലം.
സത്യമെന്തെന്നു നന്നായിട്ടറിയാവുന്ന പൊലീസുകാർ തന്നെയാണു രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങൾക്കും തെരഞ്ഞെടുപ്പുതാൽപര്യങ്ങൾക്കും ചൂട്ടുപിടിച്ചുകൊണ്ടു സ്വന്തം കൂട്ടത്തിൽപ്പെട്ട മൂന്നു പേരെ ഒറ്റികൊടുക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് യഥാർത്ഥത്തിൽ നിരപരാധികളായ മൂന്നു പൊലീസുകാർ കൊലപാതകികളെന്ന നിലയിൽ സഹപ്രവർത്തകരാൽ വേട്ടയാടപ്പെടുകയാണ്. ദളിതവിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന ആ മൂന്നംഗസംഘത്തെ ദളിത് വിഭാഗത്തിൽപ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരിൽ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. അവിടെ അതിനു ചുക്കാൻ പിടിക്കുന്നതു മൃഗീയഭൂരിപക്ഷത്തിന്റെ മേൽക്കൈയുള്ള ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയാണ്.പാർലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്.നായാട്ട് മുൻപു വന്ന പൊലീസ് സിനിമകളിൽ നിന്നു വ്യത്യസ്തമാവുന്നത് ഇങ്ങനെയുള്ള ചില ദർപ്പണയാഥാർത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളിലൂടെയാണ്. കമ്മീഷണർ മുതൽ കൽക്കിവരെയുള്ള സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളിലെ ആദർശനായകത്വം നായാട്ടിൽ കാണുന്നില്ല. പകരം, മേലധികാരികളിൽ നിന്നു ലഭിക്കുന്ന ഉത്തരവുകളുസരിക്കാൻ വിധിക്കപ്പെടുന്ന, അതിനു നിർബന്ധിതരാവുന്ന ഉദ്യോഗസ്ഥ വ്യവസ്ഥിതിയുടെ ഇരകളാണു നായാട്ടിലെ ഡിജിപി മുതൽക്കുള്ളവർ. രാഷ്ട്രീയബാഹ്യമായി പ്രവർത്തിക്കേണ്ടൊരു വകുപ്പ് രാഷ്ട്രീയാടിമത്തം കൊണ്ടു കളങ്കപ്പെടുന്നതും നിഷ്‌ക്രിയമോ ഒരുപരിധിവരെ സാമൂഹികവിരുദ്ധമോ ആയിത്തീരുന്നതെങ്ങനെ എന്നും നായാട്ട് കാണിച്ചു തരുന്നു.
നായാട്ട് പുറത്തിറങ്ങിയ വർഷം തന്നെ ഹിന്ദിയിൽ പുറത്തിറങ്ങിയ ഷേർണി എന്ന സിനിമയെപ്പറ്റിക്കൂടി പറയാതെ ഈ ലേഖനം പൂർണമാവില്ല. ദേശീയ ബഹുമതി നേടിയ ന്യൂട്ടൺ (2017) എന്ന ചിത്രത്തിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മാവോയിസ്റ്റ് ഭീഷണിയുള്ളൊരു വനപ്രദേശത്ത് റിട്ടേണിങ് ഓഫീസറായെത്തുന്ന യുവാവിനെ മുൻനിർത്തി അവതരിപ്പിച്ച അമിത് വി മസൂർക്കറിന്റെ പുതിയ ചിത്രമാണു ഷേർണി(2021). ഇന്ത്യൻ സിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത വനപാലകരുടെ ഔദ്യോഗികജീവിതം പശ്ചാത്തലമാക്കുന്ന സിനിമയാണു വിദ്യാ ബാലൻ നായികയായ ഷേർണി. അനധികൃത മരം വെട്ടുകളുടെയും നിയമവിരുദ്ധ മൃഗവേട്ടകളുടെയും ചീത്തപ്പേര് ആവശ്യലേറെ ചാർത്തപ്പെട്ടിട്ടുള്ള ഒരു ഇന്ത്യൻ സർക്കാർ വകുപ്പാണല്ലോ വനസംരംക്ഷണം. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ കേരളത്തിൽ പെരിയാർ കടുവ സങ്കേതത്തിൽ മാത്രം വർധിച്ച കടവുകളുടെ എണ്ണത്തിലൂടെ ലോകത്തെമ്പാടുമുള്ള കടുവകളുടെ എണ്ണത്തിന്റെ എൺപതുശതമാനം ഇന്ത്യയിലായിക്കഴിഞ്ഞു. ഇതേ കാലയളവിൽ കേരളത്തിലുണ്ടായ വനവിസ്തൃതിയുടെ വ്യാപനവും അഭിമാനാർഹമാണ്. അത്രമേൽ ആത്മാർത്ഥതയും അർപണബോധവുമുള്ള ഉദ്യോഗസ്ഥരുള്ള ഒരു സുദൃഢഘടനയാണ് ഇന്ത്യയിലെ വനമന്ത്രാലയത്തിന്റേത്. ഐപിഎസ് പോലെ തന്നെ ദേശീയ വനസേവനശൃംഖലയിൽപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥരിലും നല്ലൊരു പങ്ക് പ്രകൃതിസംരക്ഷകരും മൃഗസ്‌നേഹികളുമാണ്. എന്നാൽ സിസ്റ്റം/വ്യവസ്ഥിതി അവരെ നോക്കുകുത്തികളാക്കുകയാണെന്നതാണു വാസ്തവം. ഈ സിസ്റ്റത്തിന്റെ മേലറ്റത്തു പ്രതിഷ്ഠിക്കപ്പെടുന്നതോ, രാഷ്ട്രീയ/അധികാരമാണു താനും.
വലിയ മൃഗസ്‌നേഹിയൊന്നുമല്ലെങ്കിലും ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ള, സത്യസന്ധയായൊരു വനപാലകയാണു ചിത്രത്തിലെ നായിക വിദ്യാവിൻസന്റ്. വിദ്യ മലയാളിയാണെന്നത് യാദൃശ്ചികമെന്നു കരുതാൻ വയ്യ. ഉത്തരേന്ത്യൻ വനയോര ഗ്രാമത്തിൽ സ്ഥലം മാറ്റമായെത്തുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥയായ വിദ്യയ്ക്കു നേരിടേണ്ടിവരുന്ന രാഷ്ട്രീയ അധികാര സമ്മർദ്ദങ്ങളും നാട്ടുകാർക്കു ഭീഷണിയായി നാടിറങ്ങുന്നൊരു കൊലയാളി കടുവയെ തടയുന്നതിൽ അവരും വകുപ്പും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമാണു ഷേർണിയുടെ ഇതിവൃത്തം. നായാട്ടിന്റേതിനു സമാനമായി, ഷേർണിയിലും തെരഞ്ഞെടുപ്പ് സമാന്തരമായൊരു പ്രമേയതലമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. നായാട്ടിലെ പൊലീസ്-പൊലീസ് വേട്ടയിൽ തെരഞ്ഞെടുപ്പിനുള്ള പ്രാധാന്യം പോലെ, ഷേർണിയിൽ കടുവാവേട്ട ഒരു തെരഞ്ഞെടുപ്പുവിഷയമായിത്തീരുന്നു.
രണ്ടു ഭാഗത്തും വനങ്ങളാൽ ചുറ്റിക്കിടക്കുന്ന ഗ്രാമത്തിലെ ഭരണകക്ഷിക്കു കടുവയെ പിടികൂടേണ്ടത് അവരുടെ നിലനിൽപിന്റെയും പ്രതിച്ഛായയുടേയും പ്രശ്‌നമാണ്. വിദ്യയുടെ കീഴിലുള്ള പ്രതിബദ്ധരായ വനപാലകരുടെ ശ്രമം അടുത്തിടെ പ്രസവിച്ച രണ്ടു കുട്ടികളുമായി കാടിന്റെ ഒരുവശത്തു നിന്നു മറുവശത്തേക്കു നീങ്ങുന്ന കടുവയെ മനുഷ്യരിൽ നിന്നു സംരക്ഷിച്ചു സുരക്ഷിതമായി കാടുകടത്തുകയാണ്. എന്നാൽ, കടുവയുടെ ആക്രമണം ഒരു രാഷ്ട്രീയവിഷയമാക്കുന്ന ഭരണ-പ്രതിപക്ഷകക്ഷികൾക്ക് അതു ചൂടുള്ള തെരഞ്ഞെടുപ്പുവിഷയമാണ്. വനപാലകർക്കു സാധിച്ചില്ലെങ്കിൽ തങ്ങൾ കൊണ്ടുവരുന്ന സ്വകാര്യ വേട്ടക്കാരനെക്കൊണ്ട് അതു സാധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷി എംഎൽഎ. വേട്ടക്കാരുടെ കുടുംബമഹിമ നിലനിർത്തിക്കൊണ്ട് തന്റെ 25-ാമത്തെ കടുവവേട്ടഎന്ന റെക്കോർഡ് നേടുകമാത്രമാണ് വേട്ടക്കാരന്റെ താൽപര്യം. പ്രതിപക്ഷമാവട്ടെ, പൗരന്റെ ജീവൻ സംരക്ഷിക്കുന്നതിൽ പരാജിതരാവുന്ന ഭരണകൂടത്തെയും അധികാരവൃന്ദത്തെയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയവിജയത്തിനു ശ്രമിക്കുകയാണ്. ഇതിനിടെ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായ കടുവാപ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള വിദ്യയുടെയും കൂട്ടരുടെയും അവിശ്രാമമുള്ള അശ്രാന്തപരിശ്രമം പക്ഷേ, രാഷ്ട്രീയ ഇടപെടലിൽ അട്ടിമറിക്കപ്പെടുന്നു.
സ്വന്തം വകുപ്പിൽത്തന്നെ അവൾ മാതൃകയായി ആരാധിക്കുന്ന മേലുദ്യോഗസ്ഥനായ നാങ്കിയ (നീരജ് കാബി) പോലും ഒരു ഘട്ടത്തിൽ രാഷ്ട്രീയനേതൃത്വത്തിന്റെ താൽപര്യങ്ങൾക്കു ചൂട്ടുപിടിക്കുന്ന നിലപാടിലേക്കു കാലുമാറുന്നതു കണ്ട് വിദ്യ അക്ഷരാർത്ഥത്തിൽ തകർന്നുപോകുന്നുണ്ട്. എം.എൽ.എ.യുടെ ചങ്ങാതിയായ വേട്ടക്കാരന്റെ വെടിയെറ്റ കടുവ കൊല്ലപ്പെടുമ്പോൾ മനസുമടുത്തു സർസീൽ നിന്നു തന്നെ രാജിവയ്ക്കാനൊരുങ്ങുന്ന വിദ്യ, കൊല്ലപ്പെട്ട കടുവയുടെ കുട്ടികളെ കാട്ടിലൊരിടത്തു കണ്ടെത്തി എന്ന സഹപ്രവർത്തകരുടെ അറിയിപ്പു കേട്ടാണ് അതിൽ നിന്നു പിന്തിരിയുന്നത്. യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത ഭൂമിയുടെ തുല്യ അവകാശികളായ ആ കടവുക്കുട്ടികളെയെങ്കിലും സംരക്ഷിക്കാനുള്ള പ്രതീക്ഷയിൽ അനിവാര്യമായ സ്ഥലം മാറ്റത്തോടു പൊരുത്തപ്പെട്ട് സിസ്റ്റത്തിന്റെ ഭാഗമായി തുടരുന്ന വിദ്യയിലാണു ഷേർണി അവസാനിക്കുന്നത്. നായാട്ടിൽ, യമ ഗിൽഗാമേഷ് അവതരിപ്പിച്ച എസ് പി അനുരാധയ്ക്കും ഏറ്റുവാങ്ങേണ്ടിവരുന്ന ഔദ്യോഗിക വിധി ഇതുതന്നെയാണ്.
മനുഷ്യരുടെ ചൂഷണത്തിനു പാത്രമായി ആത്മപ്രതിരോധാർത്ഥം പ്രത്യാക്രമണം നടത്തിയ കടുവയെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തി അതിന്റെ സാമ്രാജ്യത്തിൽ ചെന്നു വകവരുത്തുന്ന വേട്ടസംഘത്തെപ്പോലെയാണു, നിഷ്‌കളങ്കരായ മൂന്നു സഹപ്രവർത്തകരെ രാഷ്ട്രീയ താൽപര്യങ്ങളുടെ മാത്രം സംരക്ഷണത്തിനായി തുടർച്ചയായി വേട്ടയാടി കീഴടക്കേണ്ടിവരുന്ന അനുരാധയുടെയും സംഘത്തിന്റെയും വിധി. തങ്ങൾ സംരക്ഷിക്കേണ്ട രണ്ടുപേരുടെ ജീവനാണു നായാട്ടിലും ഷേർണിയിലും യൂണിഫോമിട്ട ഈ രണ്ടു വനിതാ ഉദ്യോഗസ്ഥകൾക്കും പരോക്ഷമായാണെങ്കിലും വേട്ടയാടേണ്ടിവരുന്നത്.ഷേർണിയിൽ കടുവക്കുഞ്ഞുങ്ങളെയെങ്കിലും വനം വകുപ്പിനു സംരക്ഷിക്കാൻ സാധിക്കുന്നുവെങ്കിൽ, നായാട്ടിലാവട്ടെ അവശേഷിക്കുന്ന പൊലീസുകാരെ പ്രതികളാക്കി മുഖം രക്ഷിക്കുകയാണ് പൊലീസ് വകുപ്പ്. ജനാധിപത്യത്തിൽ മാറിമാറിവരുന്ന ഭരണങ്ങളിലും മാറാതെ തുടരുന്ന വ്യവസ്ഥിതിയുടെ റിജിഡിറ്റിയെപ്പറ്റി അനുരാധയേയും വിദ്യയേയും ബോധവൽക്കരിക്കുന്നത് സഹപ്രവർത്തകരാണ്. ഗതികേടു കൊണ്ടും സ്വന്തം നിലനിൽപിനുവേണ്ടിയും രാഷ്ട്രീയാധികാരികളുടെ എറാൻമൂളികളായിത്തീരേണ്ട ഗതികേടാണു നായാട്ടിലെ ഡിജിപിയുടേതും ഷേർണിയിലെ നാംഗിയയുടേതും. ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോർത്തുന്ന പ്രവർത്തികളാണ് അവരിൽ നിന്നു നിരന്തരമുണ്ടാവുന്നത്. അതാവട്ടെ മതത്തിന്റെയും അധികാരരാഷ്ടീയത്തിന്റെയുമടക്കമുള്ള ബാഹ്യസ്വാധീനത്താൽ സംഭവിക്കുന്നതും.
ഡോക്യൂമെന്ററിയുടെ ആഖ്യാനശൈലിയിലാണു നായാട്ടും ഷേർണിയും പിന്തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു റോഡ് മൂവിയുടെ ശൈലികൂടി ഇരുസിനിമകളും ആർജ്ജിക്കുന്നുണ്ട്. വേട്ടയാണ് രണ്ടിന്റെയും പ്രമേയം. ഒന്നിൽ മനുഷ്യൻ മൃഗത്തെ നായാടുമ്പോൾ മറ്റേതിൽ മനുഷ്യൻ മനുഷ്യനെ തന്നെ വേട്ടയാടുന്നു. ഔദ്യോഗിക നടപടിക്രമങ്ങളുടെ സൂചനകളിൽപ്പോലും വസ്തുനിഷ്ഠത പാലിച്ചുകൊണ്ട് അത്രയേറെ യഥാതഥമാക്കാനാണ് നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറും ഷേർണിയുടെ രചയിതാവ് ആസ്താ ടിക്കുവും ശ്രമിച്ചിട്ടുള്ളത്. ഡോക്യുമെന്ററിയുടെ വസ്തുനിഷ്ഠതയോടെ ആത്മനിഷ്ഠമായ പ്രമേയത്തിന് ദൃശ്യവ്യാഖ്യാനം ചമയ്ക്കുക. ഇന്ത്യൻ നവഭാവുകത്വ സിനിമയുടെ ലാവണ്യലക്ഷണങ്ങളിൽ പ്രധാനമായ ഒന്നാണിത്. ഘടനയിലും ഉള്ളടക്കത്തിലും രണ്ട് ഇന്ത്യൻ ഭാഷകളിൽ ഒരേ കാലത്തു നിർമ്മിക്കപ്പെട്ട് ഏതാണ്ട് ഒരേകാലത്തു പുറത്തിറങ്ങിയ രണ്ടു ചലച്ചിത്രങ്ങൾ തമ്മിലുണ്ടായ ഈ സാമ്യം രാജ്യത്തു നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ നേർച്ചിത്രണമെന്ന നിലയ്ക്കാണ് സാമൂഹികപ്രസക്തിയാർജ്ജിക്കുന്നത്. ജനാധിപത്യത്തിൽ ദുരന്തമായിത്തീരുന്ന രാഷ്ട്രീയ-അധികാരവ്യവസ്ഥകളെപ്പറ്റി അവ പങ്കുവയ്ക്കുന്ന ആശങ്കകൾ ഗൗരവപരിഗണനയർഹിക്കുന്നതുമാണ്. .

