വെറുപ്പിക്കുന്ന
കഥാപാത്രങ്ങൾ

Cinema


എസ്തപ്പാൻ


മലയാളസിനിമയിൽ എക്കാലത്തും പുരുഷകേന്ദ്രീകൃത കഥാപാത്രങ്ങളുടെ കുത്തൊഴുക്കാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും നായകകഥാപാത്രത്തിന്റെ ഇഷ്ടാനുസരണം നിന്നുകൊടുക്കുന്ന പാവകളായിട്ടാണ് കാണുന്നത്. സ്‌ക്രീനിൽ തങ്ങൾക്ക് എഴുതിവെച്ചിരിക്കുന്ന ഡയലോഗ് പറഞ്ഞുപോകുന്ന ജീവനില്ലാത്ത കഥാപാത്രങ്ങളുടെ കൂട്ടമാണ് കൂടുതലും സംഭവിക്കുന്നത്. അപൂർവ്വമായി മാത്രം പുറത്തുവരുന്ന സ്ത്രീ കേന്ദ്രീകൃത സിനിമകൾ പലപ്പോഴും ബോക്‌സ് ഓഫീസിൽ തകർന്നുവീണ് നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കുന്നതിനാൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ എക്കാലത്തും നിർമ്മാതാക്കൾ വിമുഖത കാട്ടിയിരുന്നു. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും സ്ഥിതി മറിച്ചല്ല . അവിടെ സൂപ്പർസ്റ്റാർഡം കുറെക്കൂടി വേരുറപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ ഇപ്പോൾ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ട്. നയൻതാര. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെത്തിയ അവരിന്ന് കോടികൾ വിലമതിക്കുന്ന താരമാണ്. താരത്തിന്റെ പല സിനിമകളും തമിഴ്‌നാട്ടിൽ സൂപ്പർ ഹിറ്റാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സ്വീകാര്യയാണ് നയൻതാര.
മലയാളസിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്നത് സാക്ഷാൽ മഞ്ജു വാര്യരാണ്. കല്യാൺ പോലുള്ള വമ്പൻ ബ്രാന്റുകളുടെ മോഡൽ ആയി തിളങ്ങുന്നതുകൊണ്ടും അവരുടെ സ്വകാര്യജീവിതത്തിൽ ഉണ്ടായ ഒറ്റപ്പെടലുകളിൽ നിന്നും കരുത്താർജിച്ച വ്യക്തി എന്ന നിലയിലും പൊതു സ്വീകാര്യത അവർക്കുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്.
പക്ഷെ ആ കരുത്ത് അവർ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്ക് ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നല്ല സിനിമകൾ തീർച്ചയായും നെഞ്ചേറ്റുന്ന മലയാളി മോശം സിനിമകളെ അതേപോലെ തള്ളിക്കയുകയും ചെയ്യും. മോഹൻലാൽ സിനിമയായ ആറാട്ടിനു സംഭവിച്ച ദുരന്തം നാമെല്ലാം കണ്ടതാണ്. ആരാലും ചോദ്യം ചെയ്യപ്പെടാതിരുന്ന മോഹൻലാൽ എന്ന നടനെ പ്രേക്ഷകർ പോസ്റ്റുമാർട്ടം ചെയ്ത സിനിമയാണ് ആറാട്ട്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ കരിയറിലും നിഴൽ വീഴ്ത്തിക്കൊണ്ടാണ് ആറാട്ട് ട്രോൾ ചെയ്യപ്പെട്ടത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ സംഭവിച്ച ആദ്യത്തെ ദുരന്തമായിരുന്നു ഒടിയൻ. ഒടിയനുവേണ്ടി പ്രായം കുറയ്ക്കുവാൻ അദ്ദേഹം ചെയ്ത ശസ്ത്രക്രിയ വേണ്ടവിധം വിജയിച്ചില്ല. നവരസങ്ങൾ വിരിഞ്ഞിരുന്ന ആ മുഖ ത്തെ ജീവനില്യായ്മ പ്രേ ക്ഷകർ വേദനയോടെയാണ് നോക്കിക്കാണുന്നത്. ഒടുവിൽ ഹരിശ്രീ അശോകനെപ്പോലെ മോഹൻലാൽ സ്ഥി രമായി താടിവെച്ച് അഭിനയിക്കേണ്ട ഗതികേടിൽ എത്തിച്ചേർന്നു. പ്രായം കടന്നുവരുമ്പോൾ അതിനനുസരിച്ച് റോൾമാറി നായകവേഷത്തിൽ തിളങ്ങിയ എത്രയോ നടീനടന്മാർ ലോകസിനിമയിൽത്തന്നെയുണ്ട്. ഉദാഹരംണം ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായിരുന്ന സീൻ കോണറി. അദ്ദേ ഹം പ്രായമായപ്പോൾ ചെയ് ത സിനിമക ളും ഹിറ്റായി. പ്രായ ത്തെ സ്വീകരിക്കുവാൻ നമ്മുടെ നടീനടന്മാർക്ക് മടിയാണ്. അവർ ഇപ്പോ ഴും കൊച്ചുകുട്ടികളുടെ അച്ഛനായും ഇ പ്പോഴും കല്യാണം കഴിക്കാത്ത ക്രോണി ക് ബാച്ചിലറായും അരങ്ങ് തകർക്കാനാ ണ് ശ്രമം. കാലം മാറിയതും പ്രേക്ഷകരുടെ അഭിരുചികൾ മാറിയതൊന്നും അറിഞ്ഞമട്ടേയില്ല.
കഥാപാത്രങ്ങളെ തെരഞ്ഞടുക്കുന്നതിൽ മറ്റു പലർക്കും സംഭവിക്കുന്ന അബദ്ധം മഞ്ജുവാര്യർക്കും സംഭവിച്ചതായിക്കാണാം. അവരുടെതായി അടുത്തിടെ പുറത്തുവന്ന സിനിമകളിലെല്ലാം ഓവർ ആക്ടിങിന്റെയും കഥാപാത്രങ്ങളെ ഉൾക്കൊള്ളാനാവാതെ അസഹനീയ അഭിനയം കാഴ്ചവെയ്ക്കുന്നതും കാണുവാൻ സാധിക്കും.
മേരീ ആവാസ് സുനോ എന്ന ജയസൂര്യ സിനിമയിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവരുടെ ആവശ്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. യാതോരു പുതുമയും ഇല്ലാത്ത ദുർബലമായ ഒരു കഥാതന്തുവിൽ അവർക്കൊന്നും ചെയ്യാനില്ല. ആ കഥാപാത്രത്തെ മലയാളസിനിമയിൽ ആർക്കും അവതരിപ്പിക്കുവാനാവും. മേരീ ആവാസ് സുനോ തീയേറ്റർ റിലീസായിരുന്നു. തീയേറ്ററിൽ വന്നതുംപോയതും ആരുമറിഞ്ഞില്ല. നിർമ്മാതാവിന്റെ കൈയ്യും കാലും പൊള്ളിയെന്നു സാരം. വൈകാതെ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ വന്നപ്പോഴാണ് ഈ എസ്തപ്പാൻപോലും സിനിമ കണ്ടത്.
അടുത്ത ദുരന്തം ജാക്ക് ആന്റ് ജിൽ. സന്തോഷ് ശിവന്റെ എക്കാലത്തെയും മോശം സിനിമയായി ജാക്ക് ആന്റ് ജിൽ. ഫോർട്ടുകൊച്ചി ഭാഷ മാത്രം വശമുള്ള സൗബിനും ഏറെ വിമർശനം ഏറ്റുവാങ്ങി. സി.ബി.ഐ 5 ൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രം ഇപ്പോഴും ട്രോൾമഴയിൽ കുളിച്ചുനിൽ ക്കുകയാണ്. കുമ്പളങ്ങിനൈറ്റ് പോലെ തനിക്ക് വഴങ്ങുന്ന കഥാപാത്രങ്ങളെ അ വതരിപ്പിക്കുവാൻ സൗബിൻ ഇനിയെങ്കിലും ശ്രദ്ധകാണിച്ചില്ലെങ്കിൽ വലിയ വീഴ്ചയാണ് അദ്ദേഹത്തെയും കാത്തിരിക്കുന്നത്. ജാക്ക് ആ ന്റ് ജിൽ പോലെ അഭിനയംകൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ച മഞ്ജുവിന്റെ അടുത്ത സിനിമ സംവിധാനം ചെയ്തത് മഞ്ജുവിന്റെ സഹോദരൻ മധുവാര്യർ. വാര്യർക്ക് സംവിധാനപ്പണി പറ്റിയ പണിയല്ല(അഭിനയം പണ്ടേ തിരിച്ചറിഞ്ഞതാണ്.) എന്നു ബോധ്യമാകാൻ ലളിതം സുന്ദരം എന്ന സിനിമ തന്നെ ധാരാളം. ലളിതമാകാം പക്ഷെ ഇത്രേം ലളിതമാകരുത് എന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തതുകൊണ്ട് സഹോദരിയും നിർമ്മാതാവും സിനിമയിൽ മാരകഅഭിനയം കാഴ്ചവെയ്കുകയും ചെയ്ത മഞ്ജുവിന്റെ കൈപൊള്ളാതെ രക്ഷപ്പെട്ടു എന്നു വേണമെങ്കിൽ പറയാം.
സഹിഷ്ണതയില്ലാത്ത മലയാളിപ്രേക്ഷകരെ തൃപ്തിപ്പെടുത്തി സിനിമയെടുക്കുക അത്ര എളുപ്പമല്ല. മലയാളസിനിമയിലെ കമലാഹാസനാണ് പൃഥ്വിരാജെന്ന് ബോളിവുഡ്ഡ് നടൻ വിവേക് ഒബ്‌റോയ് പ്രഖാപിച്ചതിനു പിന്നാലെ വന്ന ട്രോളുകൾ പെറ്റതള്ളപോലും സഹിക്കില്ല. ന്യായമായതിനെ സ്വീകരിക്കുകയും ന്യായമല്ലാത്ത എന്തിനെയും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ പൊരിക്കുകയും ചെയ്യുന്ന മലയാള പ്രേക്ഷകരിൽ തീയേറ്ററിൽ പോയി സിനിമ കാണുന്നത് പുതിയ തലമുറമാത്രമാണ്. ബാക്കിയുള്ളവർ തങ്ങളുടെ വീടിനുള്ളിലെ ഹോംതീയേറ്ററിലേക്ക് മാറിക്കഴിഞ്ഞു. കാലം മാറുന്നതനുസരിച്ച് സൂപ്പർസ്റ്റാർ ആയാലും ലേഡിസൂപ്പർസ്റ്റാർ ആയാലും തങ്ങൾക്ക് താങ്ങാവുന്നതേ ഉയർത്താവൂ.

Leave a Reply

Your email address will not be published. Required fields are marked *