ആവാസവ്യൂഹം
ആധുനികോത്തര ആഖ്യാനകത്തിന്റെ
വൈരുദ്ധ്യാത്മക ആഖ്യാനം

Cinema


എ.ചന്ദ്രശേഖർ
മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും പത്മരാജൻ പുരസ്‌കാരവും നേടിയ ആവാസവ്യൂഹം എന്ന ചിത്രത്തെപ്പറ്റി
പല തലത്തിൽ വ്യാഖ്യാനിക്കാവുന്ന സിനിമയാണ് കൃഷാന്ദ് സംവിധാനം ചെയ്ത് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രധാന അവാർഡുകളും പ്രേക്ഷകപരുസ്‌കാരവും നേടിയ ആവാസവ്യൂഹം. മാധ്യമങ്ങളിൽ വന്ന നിരൂപണങ്ങളും ആസ്വാദനവും വിലയിരുത്തിയാൽ ഈ വൈവിദ്ധ്യപൂർണമായ വൈരുദ്ധ്യം വ്യക്തമാവും. ആവാസവ്യൂഹത്തെ പാരിസ്ഥിതിക കാഴ്ചപ്പാടോടെ കണ്ടവരുണ്ട്, ശാസ്ത്രകഥാചിത്രമായി തിരിച്ചറിഞ്ഞവരുണ്ട്. രണ്ടുമല്ല മാജിക്കൽ റിയലിസമായി മനസ്സിലാക്കിയവരുമുണ്ട്. വാസ്തവത്തിൽ ഇതിനെല്ലാം പഴുതുകളിട്ട, ഇതെല്ലാം കൂടിച്ചേരുന്നതാണ് ആവാസവ്യൂഹം എന്ന ചലച്ചിത്രം. ഒരുപക്ഷേ അതുതന്നെയാണ് ഈ സിനിമയെ സവിശേഷമാക്കുന്നതും.
സമാനതകളില്ലാത്ത തിരക്കഥയാണ് ആവാസവ്യൂഹത്തിന്റെ നട്ടെല്ല്. സിനിമയെപ്പറ്റിയുള്ള പരമ്പരാഗതമായ എല്ലാ സങ്കല്പങ്ങളെയും അത് തിരസ്‌കരിക്കുന്നു. യഥാതഥമായ ഒരു ഡോക്യുമെന്ററിയുടെ ആഖ്യാനശൈലിയിൽ തുടങ്ങി അയഥാർത്ഥ്യങ്ങളുടെ മായികതലങ്ങളിലേക്ക് നീണ്ട് ജീവിതം പോലെ സങ്കീർണമായി യാഥാർത്ഥ്യത്തിനും കല്പനയ്ക്കുമിടയിലൂടെ ഇണ(ഴ)പിരിഞ്ഞ് കടങ്കഥയുടെ തലത്തിലേക്കു നീങ്ങുന്നതാണ് ആവാസവ്യൂഹത്തിന്റെ നറേറ്റീവ്. ആദ്യാവസാനം നിലനിർത്തിയിട്ടുള്ള പരി/അപ/ആക്ഷേപ ഹാസ്യത്തിന്റെ നേർത്ത തലം കേക്കിനു മേൽ ഐസിങ് പോലെ നിലകൊള്ളുന്നു. ആധുനികോത്തരമായ ചലച്ചിത്രസമീപനം നിർവഹണത്തിലും ചലച്ചിത്ര ദർശനം ഉള്ളടക്കത്തിലും വച്ചുപുലർത്തുന്നു എന്നതാണ് സമകാലിക സിനിമയിൽ ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. നിശ്ചയമായും പോയ വർഷത്തെ ഏറ്റവും മികച്ച ചിത്രമേതെന്ന അന്വേഷണത്തിന് രണ്ടാമതൊരു ബദൽ ആലോചിക്കേണ്ട ആവശ്യം പോലും അസ്ഥാനത്താക്കുന്നുണ്ട് ആവാസവ്യൂഹം.
നാഷനൽ ജ്യോഗ്രാഫിക്ക് പോലൊരു ശാസ്ത്ര ചാനലിനു വേണ്ടിയോ മറ്റോ ചിത്രീകരിക്കുന്ന പരിസ്ഥിതി ഡോക്യുമെന്ററിയുടെ ചട്ടക്കൂട്ടിലാണ് ആവാസവ്യൂഹത്തിന്റെ സമാരംഭം. ഒരു പ്രശ്‌നത്തിന്റെയും അതുമായി ബന്ധപ്പെട്ട മറ്റുചില സംഭവങ്ങളുടെയും വിദഗ്ധാഭിപ്രായങ്ങളും സാക്ഷ്യമൊഴികളുമടങ്ങുന്ന വീഡിയോ റിപ്പോർട്ടാഷിന്റെ ഘടനയാണ് അതു പിന്തുടരുന്നത്. ഒരു ഘട്ടത്തിൽ ഇതൊരു ഡോക്യുമെന്ററിയോ ഡോക്യുഫിക്ഷനോ ആണെന്നുപോലും പ്രേക്ഷകർ ധരിച്ചുപോയേക്കാം. കേരളത്തിലെ ചില സവിശേഷ ജീവിവർഗത്തെക്കുറിച്ചുള്ള കണക്കും വസ്തുതകളും വിവരിക്കുന്ന ഡോക്യുമെന്ററി പോലെയാണ് സിനിമയുടെ പുരോഗതി. അതിൽ പുതുവൈപ്പിനിലെ പാരിസ്ഥിതികപ്രതിസന്ധി മുതൽ പശ്ചിമഘട്ടത്തിലെ ജന്തു ജീവിവർഗങ്ങൾ നേരിടുന്ന വംശനാശഭീഷണിവരെയുള്ള വിഷയങ്ങൾ പറഞ്ഞുപോകുന്നുണ്ട്.
വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവികളെക്കുറിച്ചുള്ള ആധികാരികമായ കഥനത്തിനിടയിലും കറുത്ത ചിരിയിലൊളിപ്പിച്ച വൈരുദ്ധ്യങ്ങളുടെ ഒരു ശ്രേണിതന്നെ ജന്തുശാസ്ത്ര, പരിസ്ഥിതിശാസ്ത്ര വിദഗ്ധരുടെ ‘ബൈറ്റു’കളിൽ തെളിഞ്ഞുകാണാം. ആഖ്യാനവും വ്യാഖ്യാനവും തമ്മിലുള്ള വ്യത്യാസം, കാഴ്ചയും കാഴ്ചപ്പാടും തമ്മിലെ വൈരുദ്ധ്യം, അതാണ് നർമ്മത്തിന്റെ നേർത്ത നൂലിൽ കോർത്ത് ഈ ഖണ്ഡത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജീവികളെക്കുറിച്ചുള്ള ആഖ്യാനം പതിയേ ജീവികളെ വേട്ടയാടുന്നതിനെപ്പറ്റിയാവുകയും അതുപിന്നെ വേട്ടയ്‌ക്കെത്തിയ,ആരെന്നോ എന്തെന്നോ അറിയാത്ത കേന്ദ്രകഥാപാത്രത്തിലേക്ക് നീളുകയുമാണ്. അവിടം തൊട്ട് ബൈറ്റുകളുടെ സ്വഭാവം മാറുന്നു. അത് സവിശേഷസിദ്ധികളുള്ള കാണാതായ ജോയി (രാഹുൽ രാജഗോപാൽ) എന്ന ഒരാളെപ്പറ്റിയുള്ള ഉദ്വേഗം നിറഞ്ഞ അന്വേഷണമായിത്തീരുന്നു. അതോടെ, സിനിമ കുറ്റാന്വേഷണത്തിന്റെയോ ത്രില്ലറിന്റെയും പരിധി കടന്ന് ശാസ്ത്രകഥാചിത്രത്തിന്റെയോ അതിഭൗതികചിത്രത്തിന്റെയോ ആഖ്യാനശൈലി കൈവരിക്കുകയാണ്. ചില പ്രത്യേക തരം ഉഭയജീവികളെ കണ്ടെത്താൻ എത്തുന്ന ജന്തുശാസ്ത്ര ഗവേഷകരെ സഹായിക്കാൻ ഒപ്പം കൂടുന്ന ഒരാളായാണ് അയാൾ ആദ്യം അവതരിക്കുന്നത്. കാടിനെയും പുഴയേയും മനസ്സുകൊണ്ട് തൊട്ടറിഞ്ഞ ഒരാൾ. പിന്നീട് അയാളെ കാണുന്നത് മീൻപിടുത്തക്കാർക്ക് ഭാഗ്യം കൊണ്ടുവരുന്നവനായിട്ടാണ്. അയാളെയും കൊണ്ടു കായലിൽ പോകുന്നവർക്ക് പരിധിയില്ലാത്ത കോളു കിട്ടുന്നു. പ്രത്യേകതരത്തിൽ ശബ്ദമുണ്ടാക്കി ഉഭയജീവികളെ ആകർഷിക്കാൻ സിദ്ധിയുള്ള ആളാണ് ജോയി. അയാളുടെ സാന്നിദ്ധ്യം കൊണ്ടു മാത്രം മീൻകൂട്ടങ്ങൾ ആകർഷിക്കപ്പെടുന്നു. ബിസിനസ് നശിച്ച് ജീവിതം പ്രതിസന്ധിയിലായ നായിക ലിസയുടെ പിതാവിനെയും മറ്റും അയാൾ അങ്ങനെ സാമ്പത്തികമായി രക്ഷപ്പെടുത്തുന്നുണ്ട്്. തന്നെ ആശ്രയിക്കുന്നവർക്ക് ജോയ് അടിമയാണ്. എന്നാൽ, എതിർക്കുന്നവരെ അമാനുഷികമായ കരുത്തുകൊണ്ട് അയാൾ ഇല്ലാതാക്കുന്നുമുണ്ട്. അയാളുടെ സിദ്ധി തിരിച്ചറിയുന്ന മറ്റൊരാൾ അയാളെ ആകർഷിച്ച് ഒപ്പം കൂട്ടി മീൻകോരുകൾ സ്വന്തമാക്കി പണക്കാരനാകുന്നു.
ലിസി(നിലീൻ സാന്ദ്ര)യുമായുള്ള ബന്ധമാണ് ജോയിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അവൾക്ക് വിവാഹാലോചനയുമായെത്തുന്ന ചെമ്മീൻ ഫാക്ടറിയിലെ കരാറുകാരനെ അവൾ നിരസിക്കുന്നു. ജോയിയുമായുള്ള ബന്ധമാണ് അതിനു കാരണമെന്നു തിരിച്ചറിയുന്ന കരാറുകാരന്റെ ഗുണ്ടയായ സഹോദരനും കൂട്ടുകാരും ചേർന്ന് ജോയിയെ കൊല്ലാൻ പദ്ധതിയിടുന്നു. തുരുത്തിൽ രാത്രി ഒറ്റയ്ക്ക് ജോയിയെ വളയുന്ന അവർ അയാളെ വെടിവച്ചിടുകയാണ്. എന്നാൽ, തൊട്ടടുത്ത നിമിഷം അയാളുടെ ജഡം അപ്രത്യക്ഷമാവുന്നു. സത്യവും മിഥ്യയും ഇടകലർന്ന ഫാന്റസിയുടെ തലത്തിലേക്ക് ആവാസവ്യൂഹത്തിന്റെ കഥനാഖ്യാനം വഴിമാറുന്നത് അതോടെയാണ്.കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത ജോയിയെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ സ്വഭാവത്തിലേക്ക് മാറുന്ന ആഖ്യാനകം വളരെപ്പെട്ടെന്ന് സയൻസ് ഫിക്ഷൻ ഫാന്റസിയായിത്തീരുന്നു. തുരുത്തിൽ ഒറ്റയ്ക്കു താമസിക്കുന്ന മധുസ്മിത(ഗീതി സംഗീത)യുടെ വീട്ടിലാണ് ആ അദ്ഭുതം സംഭവിക്കുന്നത്. ഒരുനാൾ കായലിൽ നിന്ന് ഉഭയജീവിയായി രൂപാന്തരം പ്രാപിക്കുന്ന പരിണാമദശയിൽ എന്നു വ്യാഖ്യാനിക്കാവുന്ന വിധം ചീഞ്ഞളിഞ്ഞ് ജോയിയുടേത് എന്നു കരുതാവുന്നൊരു രൂപം അവരില്ലാത്ത സമയം അവരുടെ ഒറ്റമുറി വീട്ടിൽ അഭയം തേടുന്നു. ആ ഭീകരരൂപിയെ കണ്ടു ഭയക്കുന്ന നാട്ടുകാർ പൊലീസിനെ വിളിക്കുന്നു. ജില്ലാ അധികാരികളുടെ നിർദ്ദേശപ്രകാരം വീട് പൊലീസ് ബന്തവസിലാവുന്നു, അവിടേക്ക് വൈകുന്നേരം മടങ്ങിയെത്തുന്ന വീട്ടുടമയ്ക്കുപോലും പ്രവേശനം നിഷേധിക്കപ്പെടുന്നു. സമാന്തരമായി വെള്ളത്തിൽ നിന്ന് പൊന്തിവന്ന അദ്ഭുതകരമായ ആ ഭീകരരൂപിയെപ്പറ്റിയുളള ചർച്ചകളും മാധ്യമങ്ങളിൽ നിറയുന്നു. തടിച്ചുകൂടുന്ന ജനത്തിൽനിന്ന് കാശു പിരിച്ച് ആ രൂപത്തെ കാണാനനുവദിക്കുന്ന പൊലീസുകാരൻ, ഇത് ചെകുത്താന്റെ പരീക്ഷണമായി വ്യാഖ്യാനിച്ച് മതപ്രചാരണം നടത്തുന്ന സുവിശേഷകർ, തൽസമയ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന യുവത, പരിണാമസിദ്ധാന്തത്തിന്റെ വരെ താത്ത്വികാവലോകനത്തിലൂടെ മാധ്യമങ്ങളിലൂടെ ഈ പ്രതിഭാസത്തെ ന്യായീകരിക്കാനും എതിർക്കാനും ശ്രമിക്കുന്ന വിവിധ ശാസ്ത്രവീക്ഷണങ്ങളിൽ അന്ധമായി വിശ്വസിച്ചു കടിച്ചുതൂങ്ങുന്ന ശാസ്ത്രജ്ഞർ, അതു തന്റെ ജോയി ആണോ എന്നറിയാൻ ഒരുനോക്കു കാണാനനുവദിക്കണമെന്ന അപേക്ഷയുമായി എത്തുന്ന ലിസി…അങ്ങനെ ഇത്തരമൊരു പ്രതിഭാസം സമൂഹത്തിലുണ്ടാക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളെയും പരിഹാസത്തിന്റെ ചിരിയിലൊളിപ്പിച്ച് കൃഷാന്ദ് ആവാസവ്യൂഹത്തിൽ ആവഹിച്ചിരിക്കുന്നു. ഉത്തരം കിട്ടാത്ത പ്രഹേളികയായി അവശേഷിക്കുന്ന ജോയി എന്ന വ്യക്തിത്വം ചിത്രാന്ത്യത്തിൽ ഫ്രാൻസിലെ വിഖ്യാതമായ ജന്തുശാസ്ത്ര മ്യൂസിയത്തിലെ അപൂർവ്വജീവികളുടെ അസ്ഥികൂടങ്ങളിലൊന്നായി വാർത്താപ്രാധാന്യത്തോടെ പ്രതിഷ്ഠിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *