മമ്മൂട്ടിയുടെ ഖേദവും മലയാളിയുടെ മനസ്സും

Cinema Gossip Kerala

എസ്തപ്പാൻ

പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.

മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പാണ് മുകളിൽ ചേർത്തിരിക്കുന്നത്. ബോഡിഷെയിമിങ് ചർച്ചയാകുന്ന കാലത്തിനി നിർദോഷ ഫലിതങ്ങൾ പറയുന്നവർ ജാഗ്രതയോടെ പോയില്ലെങ്കിൽ പണികിട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും. നമ്മുടെ ഉഴവൂർവിജയനൊക്കെ ജീവിച്ചിരുന്നെങ്കിൽ പല കേസ്സുകളിൽ പെട്ടുപോകുമായിരുന്നുവെന്നു തോന്നുന്നു. കഴിഞ്ഞദിവസം സാംസ്കാരിക മന്ത്രി നിയമസഭയിൽ നടത്തിയ ഇന്ദ്രൻസ് പരാമർശവും അത്തരത്തിൽ വിവാദമായിരുന്നു. യാഥാർത്ഥത്തിൽ എന്താണ് ബോഡിഷെയിമിങ്. ആരെയെങ്കിലും അവരുടെ ശാരീരിക സവിശേഷതകൾക്കായി അപമാനത്തിനും വിമർശനത്തിനും വിധേയമാക്കുന്ന പ്രവൃത്തി അല്ലെങ്കിൽ നിഷ്ക്രിയത്വം. ബോഡി ഷേമിങ്ങിൻ്റെ വ്യാപ്തി വിശാലമാണ്, കൊഴുപ്പ് ഷേമിംഗ്, മെലിഞ്ഞതിന് ഷേമിംഗ്, ചെറിയ സ്തനങ്ങൾ, ഉയരം-നാണം, രോമത്തിൻ്റെ നാണം (അല്ലെങ്കിൽ അതിൻ്റെ അഭാവം), മുടിയുടെ നിറം, ശരീരത്തിൻ്റെ ആകൃതി, എന്നിവയിൽ മാത്രം പരിമിതപ്പെടുന്നില്ല. ഒരാളുടെ പേശീബലം (അല്ലെങ്കിൽ അതിൻ്റെ അഭാവം), ലിംഗവലിപ്പം അല്ലെങ്കിൽ സ്തനവലിപ്പം നാണക്കേട്, നോട്ടം (മുഖ സവിശേഷതകൾ), അതിൻ്റെ വിശാലമായ അർത്ഥത്തിൽ പച്ചകുത്തൽ, കുത്തിവയ്പ്പുകൾ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള ശാരീരിക അടയാളങ്ങൾ അവശേഷിപ്പിക്കുന്ന രോഗങ്ങൾ എന്നിവ ഉൾപ്പെടാം.

നമ്മുടെ നാട്ടിൽ പൊതുവേ പറയുന്ന നാട്ടുവഴക്കമുള്ള ചൊല്ലുകളും ഇപ്പോൾ കേസ്സുകൊടുക്കാവുന്ന തരത്തിലെത്തിയിരിക്കുന്നു. അരിയും തിന്ന് ആശാരിയേയും കടിച്ച് പട്ടിക്കിപ്പോഴും മുറുമുറുപ്പ് എന്ന പ്രയോഗം കേരളത്തിലുടനീളം ഇപ്പോഴും എപ്പോഴും പറയാറുണ്ട്. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്നും നായ പെറ്റിടം നാരകം നട്ടിടം നാരി ഭരിച്ചിടം തുടങ്ങിയ സ്ത്രീവിരുദ്ധ പഴക്കപഴമൊഴികളാലും സമ്പന്നമാണ് കേരളം. ഇന്ദ്രൻസ് എന്ന നടന് ഇപ്പോഴാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങിയത്. മുൻപദ്ദേഹം കൊടകമ്പിയോ, നീർക്കോലിയൊ എന്നുള്ള വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന നടനായിരുന്നു. അത് അദ്ദേഹം തന്നെ പലയിടത്തും പറഞ്ഞിട്ടുള്ളതായിരുന്നു. കേരളത്തിലുടനീളമുള്ള മെലിഞ്ഞുണങ്ങിയ മനുഷ്യർ കൊടകമ്പീന്നോ നീർക്കോലീന്നോ ഉള്ള ഇരട്ടപ്പേരുകളിൽ അപമാനിതരായിക്കൊണ്ടിരുന്നു. ഇപ്പോഴുമത് തുടരുന്നു.

കളിയാക്കൽ ഒരിക്കലും ആരോഗ്യകരമാകില്ല. മുടി കുറവുള്ള എല്ലാ മനുഷ്യരും പൊതു ഇടത്ത് അപമാനിതരാവാറുണ്ട്. വിഗ്ഗ് വെച്ച മനുഷ്യരും, നിതംബമില്ലാത്ത സ്ത്രീകളും എപ്പോഴും പരിഹാസത്തിനു പാത്രമാകും. മലയാളസിനിമയിലെ മിക്ക നടന്മാരും ഹെയർഫിക്സ് ചെയ്തവരാണ്. അതുപോലെ തൊലിവലിച്ച് മുഖത്തെപ്രായം കുറച്ചവരുമുണ്ട്. നിൻ്റെ കണ്ണിലെ തരിയെടുത്തിട്ട് മറ്റവൻ്റെ കണ്ണിലെ കരടെടുക്ക് എന്ന പ്രയോഗവും ഇവിടെ പ്രസക്തമാണ്.

പറയുമ്പോ എല്ലാം പരിഹാസങ്ങളാണ്. ചാക്യാർകൂത്തും ഓട്ടൻതുള്ളലുമൊക്കെ ബോഡിഷെയിമിങിൻ്റെ പരിധിയിൽ വന്നാൽ ഇനി അത്ഭുതപ്പെടാനില്ല. കാർട്ടൂണിസ്റ്റുകളും ജാഗ്രതയോടെ പോകേണ്ടകാലമാണ്. വിമർശനമാണ് ആർക്കും സഹിക്കാനാകാത്ത ഒന്നായിമാറിയിരിക്കുന്നത്.

സൂപ്പർസ്റ്റാറെന്നോ നേതാവെന്നോ ഉള്ള വ്യാത്യാസമില്ലാതെ ചിലർ കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുകയാണ്. ഇന്നെന്ത് വിവാദം ഉണ്ടാക്കും എന്നുഗവേഷണം നടത്തുന്ന സോഷ്യൽ ആക്ടീവിസ്റ്റുകളാണ് ഇനി പലരുടെയും ജീവിതം എന്താകുമെന്ന് തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *