അമൽ നീരദിൻ്റെ പെണ്ണുങ്ങൾ

Cinema

അഞ്ജലി അനിൽകുമാർ

———————————————————

മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ സമ്മാനിച്ച സംവിധായകനാണ് അമൽനീരദ്. തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബിഗ് ബി’യിൽ അത്രകാലം മോളിവുഡ് പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേക്കിങ് സ്‌റ്റൈൽ ആണ് അമൽ തിരഞ്ഞെടുത്തത്. അക്കാലത്ത് അത് സ്വീകരിക്കപ്പെട്ടില്ലെങ്കിലും കാലം പോകെ യുവ പ്രേക്ഷകർ ‘ബിഗ് ബി’യെ ഏറ്റെടുത്തു. ഇപ്പോൾ മലയാളത്തിലെ ഒരു കൾട്ട് കൊമേഴ്‌സ്യൽ മൂവിയാണത്. ഏറ്റവുമൊടുവിൽ ‘ഭീഷ്മപർവ്വ’ത്തിൽ വരെ, ആ ‘അമൽ സ്‌റ്റൈൽ ഓഫ് മേക്കിങ്’ ആണ് നമ്മൾ കണ്ടത്…ആവർത്തിക്കുന്ന ചില ചേരുവകൾ വിമർശനങ്ങൾക്കിടയാക്കുന്നുണ്ടെങ്കിലും ടോട്ടാലിറ്റിയിൽ അമൽനീരദിൻ്റെ സിനിമകൾ വേറിട്ട ദൃശ്യാനുഭവങ്ങളാണെന്നതിൽ തർക്കമില്ല!
അതൊക്കെയവിടെ നിൽക്കട്ടേ. അമലിൻ്റെ മേക്കിങ് സ്‌റ്റൈലിനെക്കുറിച്ചല്ല, അമൽ നീരദ് സിനിമകളിലെ പെണ്ണുങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ‘ബിഗ് ബി’യിലെ മേരി ടീച്ചർ മുതൽ ‘ഭീഷ്മ പർവ്വ’ത്തിലെ റേച്ചൽ വരെ ഉറപ്പുള്ള എത്രയെത്ര പെൺകഥാപാത്രങ്ങളാണ് അമലിൻ്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിയത്…
അമൽ നീരദിൻ്റെ സിനിമകളിൽ സൗന്ദര്യാനുഭൂതികൾക്കു മാത്രമുള്ളതല്ല പെണ്ണുങ്ങൾ. അവർ വ്യക്തിത്വമുള്ളവരും കരുത്തുള്ളവരുമാണ്. അവർക്ക് തീരുമാനങ്ങളുണ്ട്. സ്വാധീനവും ചങ്കുറപ്പുമുണ്ട്. കരയാനല്ല, പൊരുതാനാണ് അവർ പ്രേക്ഷകരെ പ്രേരിപ്പിക്കുക… ‘ബിഗ് ബി’യിൽ നഫീസ അലി അവതരിപ്പിച്ച മേരി ജോൺ കുരിശിങ്കൽ, മംമ്ത മോഹൻദാസിൻ്റെ റിമി ടോമി, ‘സാഗർ ഏലിയാസ് ജാക്കി’യിൽ ശോഭന അവതരിപ്പിച്ച ഇന്ദു, ‘അൻവറി’ൽ മംമ്ത മോഹൻദാസ് അവതരിപ്പിച്ച ആയിഷ ബീഗം, ‘ബാച്ച്‌ലർ പാർട്ടി’യിൽ നിത്യ മേനോൻ അവതരിപ്പിച്ച നീതു, ‘ഇയ്യോബിൻ്റെ പുസ്തക’ത്തിൽ പത്മപ്രിയ അവതരിപ്പിച്ച റാഹേൽ, ലെന അവതരിപ്പിച്ച കഴലി, ‘വരത്തനി’ൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പ്രിയ പോൾ, ‘ഭീഷ്മ പർവ്വ’ത്തിൽ നദിയ മൊയ്തു അവതരിപ്പിച്ച ഫാത്തിമ, അനഘ അവതരിപ്പിച്ച റേച്ചൽ എന്നിങ്ങനെ ഉദാഹരണങ്ങൾ നിരവധി. ഇവരൊന്നും അതാത് സിനിമകളിൽ വെറും നോക്കുകുത്തികളല്ല. കഥാഗതിയിൽ നിർണായക സ്വാധീനമുള്ള സെൻട്രൽ ക്യാരക്ടറുകളാണ്. ഇതിലൊക്കെയെന്താ ഇത്ര വലിയ അതിശയം എന്നു ചിന്തിക്കുന്നവരുമുണ്ടാകാം. അവരോടാണ് പറയുവാനുള്ളത്. അതായത്, കോമേഴ്‌സ്യൽ സിനിമയുടെ ചട്ടക്കൂടിനുള്ളിൽ ഏറെക്കുറേ പുരുഷ വീരപരിവേഷങ്ങളിൽ നിലയുറപ്പിക്കുന്ന സംവിധായകനാണ് അമൽ. എന്തിനും അതീതനായ നായകൻ എന്ന കച്ചവട സാധ്യതയാണ് അമലിൻ്റെ സിനിമകളുടെ യു.എസ്.പി. അങ്ങനെയൊരു പാറ്റേണിൽ സിനിമ ഒരുക്കുന്ന ആളെ സംബന്ധിച്ച് പെൺപ്രാധാന്യം ആഖ്യാനത്തിൽ കൊണ്ടുവരേണ്ടതുണ്ടോ എന്നു ചിന്തിക്കാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. അവിടെയാണ് അമൽ വേറിട്ടു നിൽക്കുന്നത്. മേൽ വിവരിച്ച ആൺ ആഘോഷങ്ങൾക്കൊപ്പം പെൺകരുത്തിനെക്കൂടി അദ്ദേഹം തൻ്റെ സൃഷ്ടികളോടു ചേർക്കുന്നു. അതിൽ നിന്നാണ്, ”നല്ല ബുദ്ധിയുള്ള പിള്ളേരായിട്ട് തന്നെയാ മേരി ടീച്ചറ് ഞങ്ങളെ വളർത്തിയത്. സായിപ്പേ…നിനക്കില്ലാതെ പോയതും അങ്ങനെയൊരു അമ്മയെയാണ്…” (ബിഗ് ബി) എന്നതുൾപ്പടെയുള്ള എവർഗ്രീൻ ഡയലോഗുകൾ ഉണ്ടാകുന്നതും…
‘ഭീഷ്മപർവ്വ’ത്തിലേക്ക് വന്നാൽ തൻ്റെ പ്രിയപ്പെട്ടവനെ കൊന്നു തള്ളിയവരോട് കോംപ്രമൈസുകൾക്ക് വഴങ്ങാത്ത റേച്ചൽ എന്ന പെണ്ണിനെ കാണാം. അവൾക്ക് തീരുമാനങ്ങളുണ്ട്: നിലപാടുകളും. ചെറുതോ വലുതോ എന്ന് സ്‌ക്രീൻ ടൈമിൻ്റെ പരിമിതികൾക്കുള്ളിലല്ല, ഒരൊറ്റ ഡയലോഗോ നോട്ടമോ മതി ഒരു കഥാപാത്രം അനശ്വരമാകാൻ. ആ മാജിക്ക് വശമുള്ള സംവിധായകനാണ് അമൽ നീരദ്. അതാണ് അദ്ദേഹത്തിൻ്റെ മിടുക്കും. ദൃശ്യഭാഷ വശമുള്ള നല്ല സിനിമാറ്റോഗ്രാഫറും പുതുമ തേടുന്ന സംവിധായനുമായി അദ്ദേഹം തന്റെ സിനിമായാത്ര തുടരുമ്പോൾ ഇനിയും പ്രതീക്ഷിക്കാം, പെണ്ണത്തമുള്ള ഉഗ്രൻ കഥാപാത്രങ്ങളെ….

Leave a Reply

Your email address will not be published. Required fields are marked *