കേരളാ കോൺഗ്രസ്സ് (എം)
രാഷ്ട്രീയത്തിൽ മിന്നും താരമായി ജോസ് കെ. മാണി

Kerala

കേരളം എപ്പോഴും കൗതുകത്തോടെ കാതോർക്കുന്ന കേരളാ കോൺഗ്രസ്സ് (എം) രാഷ്ട്രീയത്തിൽ കെ.എം മാണിയെപ്പോലെ മികവ് തെളിയിച്ച് ജോസ് കെ.മാണി. കേരളാ കോൺഗ്രസ്സ് (എം) ൻ്റെ ജന്മദിനത്തിൽ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി കേരളാ കോൺഗ്രസ്സിൻ്റെ ആകെ മുഖമായി മാറുന്നതാണ് ഈ കാലയളവിൽ കേരളം കണ്ടത്. മാണിസാറിൻ്റെ നിര്യാണത്തിനുശേഷം ഒരു നേതാവിനും അനുഭവിക്കേണ്ടി വരാത്ത കടുത്ത വെല്ലുവിളികളെയാണ് ജോസ് കെ.മാണി നേരിട്ടത്. മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിൽ ചേക്കേറുകയും സങ്കീർണ്ണമായ നിയമരാഷ്ട്രീയയുദ്ധങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി നടത്തേണ്ടിയുംവന്നു. ജോസ് കെ. മാണിയെത്തന്നെ മറുവിഭാഗം വ്യക്തിപരമായി കടന്നാക്രമിച്ച് നിരന്തരം പരിഹസിക്കുന്ന സ്ഥിതിയുണ്ടായി. യു.ഡി.എഫിൽനിന്നും കേരളാ കോൺഗ്രസ്സ് (എം) നെ പുറത്താക്കിയപ്പോൾ പുറത്താക്കിയത് കെ.എം മാണിയെ ആണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിരോധം തീർത്ത ജോസ് കെ. മാണി രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇടതുപക്ഷത്തിൻ്റെ ഭാഗമാകാൻ തീരുമാനമെടുത്തപ്പോൾ മുങ്ങുന്ന കപ്പലിലേക്കാണ് പോകുന്നത് എന്നും, പാർട്ടിയുടെ രാഷ്ട്രീയ അന്ത്യമായിരിക്കും എന്നും പലരും പ്രവചിച്ചു. എന്നാൽ 5 നിയമസഭാ സീറ്റുകൾ വാങ്ങിയെടുത്തുകൊണ്ട് തുടർഭരണത്തിന് സംഭാവന നൽകുന്ന തരത്തിൽ കരുത്ത് കാട്ടാൻ കേരളാ കോൺഗ്രസ്സ്(എം)നായി. പരമ്പരാഗത യു.ഡി.എഫ് സീറ്റുകളിൽ എൽ.ഡി.
എഫിന് വിജയം സമ്മാനിച്ചതിൽ കേരളാ കോൺഗ്രസ്സ് (എം) ന്റെ പങ്ക് സി.പി.എം നേതൃത്വംതന്നെ അംഗീകരിക്കുകയുണ്ടായി. കേരളാ കോൺഗ്രസ്സ് (എം) ഇടതുപക്ഷത്തിന്റെ ഭാഗമായപ്പോൾ മറ്റ് കേരളാ കോൺഗ്രസ്സുകളെല്ലാം അപ്രസക്തമാകുന്നതാണ് പിന്നീട് കണ്ടത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാതെ മറ്റ് കേരളാ കോൺഗ്രസ്സുകൾ നിശ്ശബ്ദമായപ്പോൾ അണികളെല്ലാം ജോസ് കെ.മാണിയുടെ കേരളാ കോൺഗ്രസ്സിൻ്റെ ഭാഗമായി. ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ ഭാരവാഹികളുടെ എണ്ണം കുറച്ചും ചിട്ടയായി മെമ്പർഷിപ്പ് പ്രവർത്തനവും നടത്തി ഇടതുപക്ഷ മാതൃകയിൽ പാർട്ടിയിൽ ദളിത്, വനിതാ, യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയും ജോസ് കെ. മാണി കൊണ്ടുവന്ന മാറ്റങ്ങൾ കേരളാ കോൺഗ്രസ്സിന് പുതിയ മുഖം നൽകി. ഇന്ന് കേരളാ കോൺഗ്രസ്സ് രാഷ്ട്രീയത്തിൻ്റെ ഏക മുഖവും, ശബ്ദവുമായി കേരള രാഷ്ട്രീയത്തിൽ ജോസ് കെ. മാണി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *