ശ്രീലങ്കൻ തമിഴ് രാഷ്ട്രീയം
വെള്ളിത്തിര പറയുമ്പോൾ

Cinema

എ.ചന്ദ്രശേഖർ

യുദ്ധവും ഭീകരവാദവും ദൃശ്യമാധ്യമങ്ങൾക്ക് ലോകത്തെല്ലാ ഭാഷയിലും എല്ലാക്കാലത്തും ഇഷ്ടവിഷയമാണ്.ഇന്ത്യയ്ക്കു സ്വാതന്ത്ര്യസമരം തൊട്ട് പഞ്ചാബ്, കശ്മീർ, ഗുജറാത്ത്
പ്രശ്‌നങ്ങൾ വരെ വിഷയമാക്കി എത്രയോ സിനിമകൾ വന്നു,ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള തർക്കങ്ങളും കമ്പോള/സമാന്തരസിനിമകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തിൽപ്പോലും കാർഗിലിനെ അധികരിച്ചു വരെ സിനിമകളുണ്ടായിരിക്കുന്നു. ശ്രീലങ്കൻ ആഭ്യന്തരകലാപവും തമിഴ് തീവ്രവാദവും ആസ്പദമാക്കിയും വിവിധ ഇന്ത്യൻ ഭാഷകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമകളുണ്ടായിട്ടുണ്ട്. അവയിൽ ചുരുക്കം ചിലതു മാത്രമാണു ശ്രീലങ്കൻ തമിഴരുടെ രാഷ്ട്രീയം അഭിസംബോധന ചെയ്തത്. സന്തോഷ് ശിവന്റെ ആദ്യ സിനിമയായ ടെററിസ്റ്റും, മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാളുമടക്കമുള്ള ഇതര സിനിമകളെല്ലാം ദ്വീപിലെ തമിഴ് പ്രശ്‌നം
പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് വൈയക്തികാനുഭവങ്ങളുടെ വൈകാരികതയാണ് പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്. വർഷങ്ങൾക്കിപ്പുറം, സമകാലിക ഇന്ത്യൻ സിനിമയിൽ വ്യത്യസ്ത ഭാഷകളിലായി യാദൃശ്ചികമെന്നോണം ഏതാണ്ട് ഒരേ കാലയളവിൽ തന്നെ, ശ്രീലങ്കൻ തമിഴ് പ്രശ്‌നം വീണ്ടും ഉയർന്നുവരുമ്പോൾ നമ്മുടെ സിനിമ ഈ വിഷയത്തെ എങ്ങനെ സമീപിച്ചു എന്ന
തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം.
തൊടുപുഴക്കാരൻ രാജേഷ് ടച്ച് റിവർ സിംഹള ഭാഷയിൽ സംവിധാനം ചെയ്ത ഇൻ ദ നെയിം ഓഫ് ബുദ്ധ (2002) ആണ് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളുടെ രാഷ്ട്രീയം സമഗ്രതയോടെ അവതരിപ്പിച്ച ആദ്യകാല ഇന്ത്യൻ സിനിമകളിലൊന്ന്. കലാപകലുഷിതമായ ശ്രീലങ്കയിൽ ശിവ എന്ന തമിഴ് ഡോക്ടർക്ക് നേരിടേണ്ടിവന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് കൽപിത കഥയുടെ ചട്ടക്കൂടിൽ രാജേഷ് ചലച്ചിത്രമാക്കിയത്. ദ്വീപുരാഷ്ട്രത്തിലെ ആഭ്യന്തര കലാപമൊതുക്കാൻ ഇന്ത്യയിൽ നിന്നു സമാധാന സേനയെത്തിയശേഷം അവിടെ നടക്കുന്ന ഭീകരതയാണു രാജേഷ് തന്റെ സിനിമയ്ക്കു വിഷയമാക്കിയത്. തലമുറകളായി ലങ്കയിൽ ജനിച്ചു വളർന്ന, ജന്മം കൊണ്ട് ശ്രീലങ്കക്കാരും വംശം കൊണ്ടു മാത്രം തമിഴരായിപ്പോയ ജനസമൂഹത്തെയപ്പാടെ തീവ്ര ഭീകരവാദികളെന്ന മുൻവിധിയോടെയാണ് ഇന്ത്യൻ സേന കൈകാര്യം ചെയ്തത്. അതിരൂക്ഷമായ ഏറ്റുമുട്ടലുകൾക്കിടയിൽ ഇന്ത്യൻ സൈന്യം നേടിയ മുന്നേറ്റത്തിനിടെ സാധാരണക്കാരായ തമിഴ് ജനങ്ങളുടെ മേൽ നടന്ന മൃഗീയമായ ക്രൂരതകളുടെയും അതിക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നേർച്ചിത്രമായിരുന്നു ഇൻ ദ നെയിം ഓഫ് ബുദ്ധ കാണിച്ചു തന്നത്. തിരക്കഥയിലെ പാളിച്ചകളും കന്നി സംവിധായകന്റെ കൈകുറ്റപ്പാടുകളുമുണ്ടായിരുന്നെങ്കിലും ധീരമായ നിലപാടുകളുടെ പേരിൽ രാജ്യാന്തര ശ്രദ്ധ നേടിയ സിനിമയായിരുന്നു അത്. അമിത നാടകീയതയും കച്ചവടത്തിനായുള്ള ഒത്തുതീർപ്പുകളുമാണ് ഇൻ ദ് നെയിം ഓഫ് ബുദ്ധയെ അതർഹിക്കുന്ന ഗൗരവത്തിലേക്ക് എത്താതെ പോകാൻ കാരണം. അപക്വമായ താരനിർണയവും പ്രതികൂലമായി. എന്നാലും, മലയാളികളായ ജെയിൻ ജോസഫ്, രഞ്ജൻ ഏബ്രഹാം തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ കൂട്ടു സംരംഭമായിരുന്ന ചിത്രം ഇംഗ്ലണ്ടിലേക്കും ഫ്രാൻസിലേക്കും ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കും ജീവനും കൊണ്ട് രാഷ്ട്രീയാഭയം തേടുന്ന ലങ്കൻ അഭയാർത്ഥികളുടെ നിസ്സഹായാവസ്ഥയിലേക്കു കൂടി ക്യാമറ തിരിക്കുന്നതിൽ ഏറെക്കുറേ വിജയിക്കുക തന്നെ ചെയ്തു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധായകനാകാൻ തെരഞ്ഞെടുത്തത് മാതൃഭാഷാ സിനിമയായിരുന്നില്ല. മറിച്ച്, തമിഴിലാണ് അദ്ദേഹം ദേശീയ ബഹുമതി വരെ നേടിയ ടെററിസ്റ്റ് (1998)സംവിധാനം ചെയ്തത്. ലങ്കൻ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യബോംബാവാൻ വിധിക്കപ്പെടുന്ന മല്ലി(അയേഷ ധാർക്കർ) എന്നൊരു പത്തൊമ്പതുകാരിയുടെ അനുഭവങ്ങളാണ് ടെററിസ്റ്റ്. ടച്ച്‌റിവറിന്റെ സിനിമയേക്കാൾ നാലു വർഷം മുമ്പേ പുറത്തിറങ്ങിയ ടെററിസ്റ്റിലെ നായിക തന്റെ അനുജനെ ക്രൂരമായി കൊന്ന സഖ്യസേനയ്‌ക്കെതിരേയാണ് സ്വയം ചാവേറാവുന്നത്.രാജീവ് ഗാന്ധി വധത്തിൽ പ്രതിയായ മനുഷ്യബോംബ് ധനുവിൽ നിന്നു പ്രചോദനുൾക്കൊണ്ട പാത്രാവിഷ്‌കാരമായിരുന്നു മല്ലിയുടേത്. ലങ്കയിലെ തമിഴരോടുള്ള സിംഹളരുടെ സമീപനവും സൈനിക ഇടപെടലും നിഷ്‌കളങ്കയായൊരു യുവതിയെ തീവ്രവാദിയാക്കുന്നതെങ്ങനെ എന്നാണ് സന്തോഷ് പറയാൻ ശ്രമിച്ചത്.സന്തോഷ് ശിവനെപ്പോലെ ട്രീറ്റ്‌മെന്റിൽ ശ്രദ്ധിക്കുന്ന ഒരു ചലച്ചിത്രകാരൻ തീവ്രവാദം പോലൊരു വിഷയം തെരഞ്ഞെടുക്കാൻ കാരണം അതിന്റെ ആക്ഷൻ/ദൃശ്യസാധ്യതകളാണ്. അക്കാര്യത്തിൽ ടെററിസ്റ്റ് രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനം തന്നെയായിത്തീരുന്നുമുണ്ട് മനോഹര ദൃശ്യഖണ്ഡങ്ങളാൽ സമ്പന്നമായ ടെററിസ്റ്റിൽ പക്ഷേ, തമിഴ് പ്രശ്‌നം അടിത്തട്ടിൽ നിർത്തിക്കൊണ്ട് മിലി എന്ന വ്യക്തിയുടെ ജീവിതവും പ്രതികാരവാഞ്ഛയും അവളുടെ ധർമ്മസങ്കടവുമൊക്കെയാണ് ആവിഷ്‌കരിക്കപ്പെട്ടത്.അതുകൊണ്ടുതന്നെ അത് ലോകത്തെവിടെയും സമാന പോരാട്ടങ്ങളിൽ പങ്കാളിയാവേണ്ടിവരുന്ന ഏതൊരു സമപ്രായക്കാരിയുടെയും അനുഭവമായിത്തീരുന്നു. സിനിമ അങ്ങനെ സാർവലൗകികമായ പ്രസക്തിയും പ്രസിദ്ധിയും നേടിയെങ്കിലും ലങ്കയിൽ തമിഴ് രാഷ്ട്രീയത്തെ അത് എത്രത്തോളം അഭിമുഖീകരിച്ചുവെന്നത് ചോദ്യം തന്നെയായി അവശേഷിച്ചു.
ശ്രീലങ്കൻ തമിഴ് വംശ പശ്ചാത്തലത്തിൽ സുജാത രംഗരാജൻ എഴുതിയ അമുതവും അവനും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിലൊരാളായ മണിരത്‌നം സംവിധാനം ചെയ്ത കന്നത്തിൽ മുത്തമിട്ടാൾ (2002) ആവട്ടെ, ആഭ്യന്തരകലാപത്തെ പിന്നണിയിൽ നിർത്തിക്കൊണ്ട് തന്റെ വൈകാരിക ശൈലിയിൽ തദ്ദേശീയമായൊരു ഇന്ത്യൻ കുടുംബഥയാണ് പറയാൻ ശ്രമിച്ചത്. എൽ. ടി. ടി. ഇ. സംഘാംഗമായ ദിലീപന്റെ (ജെ.ഡി.ചക്രവർത്തി) നിറഗർഭിണിയായ ഭാര്യ ശ്യാമ (നന്ദിത ദാസ്)യ്ക്ക് സൈനികാക്രമണത്തിനിടെ, മാങ്കുളത്തു നിന്നു രാമേശ്വരത്തേക്ക് അഭയാർത്ഥിയായി പോകേണ്ടി വരുന്നു. അവിടെ വച്ച് പ്രസവിക്കുന്ന പുലിസംഘാംഗമായ അവൾ കുട്ടിയെ ഉപേക്ഷിച്ചു കാണാതായ ഭർത്താവിനെ തേടി ലങ്കയിലേക്കു തന്നെ മടങ്ങുന്നു. ആ കുട്ടിയെ ദത്തെടുക്കുന്ന എഴുത്തുകാരനായ തിരുച്ചെൽവനും (മാധവൻ) ഭാര്യ ഇന്ദിരയും (സിമ്രാൻ) സ്വന്തം മകനൊപ്പം അവളെ പുന്നാരിച്ചുതന്നെ വളർത്തുന്നു. ഒൻപതു വർഷത്തിനു ശേഷം തന്റെ ജനനരഹസ്യമറിയുന്ന അമുദ(കീർത്തന)ത്തിന്റെ ഉറ്റവരെ കാണാനുള്ള വാശിയിൽ അവളെയും കൊണ്ട് പോരാട്ടം രൂക്ഷമായ മാങ്കുളത്തേക്കു പോവുകയാണ് തിരുച്ചെൽവവും ഇന്ദിരയും. സാഹസികശ്രമങ്ങൾക്കൊടുവിൽ സ്വന്തം അമ്മയെ കണ്ടുമുട്ടുന്ന അമുദത്തിന് അവരുടെ ജന്മാവകാശത്തേക്കാൾ ഇന്ദ്രിയുടെ കർമ്മാവകാശമാണ് വലുത് എന്നു ബോധ്യം വരുന്നതും തിരുവിനും ഇന്ദിരയ്ക്കുമൊപ്പം അവരുടെ മകളായി മദ്രാസിലേക്കു മടങ്ങുന്നതുമാണ് കഥ.
കലാപങ്ങളുടെ പശ്ചാത്തലത്തിൽ അവിസ്മരണീയങ്ങളായ ദൃശ്യകവിതകൾ രചിക്കാൻ മിടുമിടുക്കനാണ് മണിരത്‌നം. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ബോംബേ(1995), കശ്മീർ തീവ്രവാദപശ്ചാത്തലത്തിൽ നിർമിച്ച ദിൽ സേ(1998) ഒക്കെ കറകളഞ്ഞ പ്രണയകഥകളായിരുന്നു. വില്ലന്റെ സ്ഥാനത്ത് കലാപത്തെയും തീവ്രവാദത്തെയും പ്രതിഷ്ഠിച്ചുകൊണ്ടുള്ള നിലവാരമുള്ള കമ്പോള നിർമിതികളായിരുന്നു അവ. അതേ ജനുസിൽ കുറച്ചുകൂടി പ്രശ്‌നത്തിന്റെ ആഴങ്ങളിലേക്കു പോകാൻ ശ്രമിച്ച ഒന്നാണ് കന്നത്തിൽ മുത്തമിട്ടാൾ. മികച്ച തമിഴ് സിനിമയ്ക്കും ബാലതാരത്തിനും എഡിറ്റിങിനും സംഗീതത്തിനുമൊക്കെയുള്ള ദേശീയ ബഹുമതികൾ വാരിക്കൂട്ടിയ ചിത്രം ലങ്കൻ തമിഴരുടെ യഥാർത്ഥ പ്രശ്‌നങ്ങളുടെ തൊലിപ്പുറമെങ്കിലും പരാമർശിച്ചുപോയി. പുലിനേതാവായി വന്ന നന്ദിനി ദാസിന്റെ പ്രകടനമാണ് അതിന് ഏറ്റവും ഉപോൽബലകമായത്.
മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ബിജുവട്ടപ്പാറ സംവിധാനം ചെയ്ത രാമ രാവണൻ (2010) ആണ് ഈ പ്രശ്‌നത്തെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ സിനിമകളിലൊന്ന്. മാധവിക്കുട്ടിയുടെ കഥയോടോ, ശ്രീലങ്കൻ തമിഴ് രാഷ്ട്രീയത്തോടോ കാര്യമായ യാതൊരു പ്രതിബദ്ധതയും പുലർത്താത്ത ഒന്നായിരുന്നു അത്. സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിർമ്മാതാവിന്റെയും സന്ദിദ്ധാവസ്ഥ ഉടനീളം
വ്യക്തമായ സിനിമ കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷൻ-കമ്പോള സിനിമയായാണോ സ്രഷ്ടാക്കൾ വിഭാവന ചെയ്തതെന്നത് അവ്യക്തം.
തമിഴ് അസ്തിത്വമുള്ള കഥയിൽ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിതയായിരുന്നു മറ്റൊരു പ്രശ്‌നം. കഥ വായിക്കാത്ത ശരാശരി പ്രേക്ഷ കന്, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളു മൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ് ക്ഷേത്രത്തിൽ തൊഴാനെത്തുന്ന നായികയ്ക്ക് തീർഥവും പ്രസാദവും കൊടുത്ത് വള്ളുവനാടൻ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവൻ. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്…ആകെക്കൂടി ചക്കകുഴ യും പോലെ കുഴഞ്ഞ ട്രീറ്റ്മെന്റ്.സുരേഷ്ഗോപിയുടെ സാന്നിദ്ധ്യം പോലും സാധൂകരിക്കാനാവാതെ പോയൊരു സിനിമയായിരുന്നു രാമരാവണൻ.
എൽ.ടി.ടി.ഇ. സഖ്യസേന പോരാട്ടം രൂക്ഷമായ കാലത്ത് ഭാര്യാഭർത്താക്കന്മാർ എന്ന പേരിൽ ലങ്കയിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് അഭയാർത്ഥികളായി പാരീസിലേക്ക് കപ്പൽ കയറുന്ന ശിവദാസൻ(ആന്റണി യേശുദാസൻ) എന്ന തമിഴ് പുലിയുടെയും അയാൾക്കൊപ്പം പോകുന്ന യാലിനി (കാളീശ്വരി ശ്രീനിവാസൻ), അനാഥയായ ഇളയൽ എന്ന കൗമാരക്കാരിയുടെയും(ക്ലൗഡീൻ വിനസിത്തമ്പി) കഥയാണ് വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധിക്കപ്പെട്ട ഫ്രഞ്ച് സിനിമയായ ദീപന്റേത്(2015). കലാപത്തിൽ മരിച്ച ദീപന്റെ പാസ്‌പോർട്ടിൽ പാരീസിലെത്തുന്ന ശിവദാസനും അയാളുടെ കുടുംബമായി അഭിനയിക്കുന്ന യാലിനിക്കും ഇളയലിനും അവിടെ നേരിടേണ്ടി വരുന്ന അതിലും വലിയ വംശീയ കലാപത്തെപ്പറ്റിയാണ് ഴാക്ക് ഔഡ്യാർഡും തോമസ് ബിഡ്‌ഗെയിനും നോ ഡിബ്രെയും ചേർന്നു സംവിധാനം ചെയ്ത ദീപൻ ആവിഷ്‌കരിക്കുന്നത്. ലോകത്തെവിടെയും വംശന്യൂനപക്ഷം നേരിടുന്ന പീഡനവും ആക്രമണവും സമാനസ്വഭാവമുള്ളതാണെന്നു ദീപൻ കാണിച്ചുതരുന്നു. ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്ന ശിവദാസന്റെയും യാലിനിയുടെയും ബന്ധ സങ്കീർണ്ണതകൾക്കൊപ്പം, ശ്രീലങ്കൻ പ്രശ്‌നത്തെപ്പറ്റി രാജേഷ് ടച്ച് റിവർ പറഞ്ഞുവച്ചതിന്റെ ചില തുടർച്ചകളിലേക്ക് ദീപൻ കടന്നുചെല്ലുന്നു. പല കാരണങ്ങളാലും ഫ്രാൻസിലും വേട്ടയാടപ്പെടുന്ന അവർക്ക് ഏറെ സാഹസികതകൾക്കൊടുവിൽ ഇംഗ്ലണ്ടിലെത്തി സമാധാനപൂർവ്വം ജീവിക്കാനാവുന്നിടത്താണ് ദീപൻ അവസാനിക്കുന്നത്.
2009-ൽ തമിഴ് ഈഴം നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തോടെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും മടങ്ങിത്തുടങ്ങിയ ശ്രീലങ്കയിൽ നിന്നു യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു പലായനം ചെയ്ത തമിഴ് വംശജരുടെ ജന്മനാട്ടിനു പുറത്തുനിന്നുകൊണ്ടുള്ള തുടർപോരാട്ടങ്ങളാണ് അടുത്തകാലത്തിറങ്ങിയ ഒരു തമിഴ് സിനിമയിലും, ഹിന്ദി വെബ് പരമ്പരയിലും ആവിഷ്‌കരിക്കപ്പെട്ടത് എന്നതു യാദൃശ്ചികമെങ്കിലും കൗതുകകരമാണ്. ദീപൻ നിർത്തിയ ഇടത്താണ് സത്യത്തിൽ കാർത്തിക്ക് സുബ്ബരാജിന്റെ ജഗമേ തന്തിര(2021)വും, രാജ് നിധിമോരു, സുമൻ കുമാർ കൃഷ്ണ ഡി.കെ. എന്നിവർ ചേർന്നവതരിപ്പിച്ച ദ് ഫാമിലി മാൻ സീസൺ ടുവും ആരംഭിക്കുന്നത്. ലങ്കയിൽ സമാധാനം പുനഃസ്ഥാപിച്ച് ഏതാണ് രണ്ടു പതിറ്റാണ്ടിപ്പുറം ആ വിഷയം കൈകാര്യം ചെയ്യുന്ന തികച്ചും വേറിട്ട രണ്ടു ദൃശ്യാഖ്യാനങ്ങൾ ശ്രീലങ്കൻ തമിഴ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്തത് ഏതാണ്ട് ഒരേ പോലെയാണെന്നതാണു രസം. സിനിമയിലും വെബ് സീരിസിലും ലണ്ടൻ ആസ്ഥാനമായി തുടരുന്ന ലങ്കൻ തമിഴ് പ്രസ്ഥാനത്തിന് അവിടത്തെ അധോലോകവുമായാണ് ഇഴയടുപ്പം.
ധനുഷ് നായകനായ ജഗമേ തന്തിരത്തിൽ ലണ്ടൻ അധോലോകത്തിന്റെ പിന്തുണയോടെ അതിജീവിക്കാൻ ശ്രമിക്കുന്ന ഈഴത്തെയാണ് കാണിക്കുന്നത്. നിയമത്തിന്റെ വഴിയിലൂടെ, പൗരത്വരേഖകളില്ലാത്ത തമിഴ് വംശജർക്ക് അതു നേടിക്കൊടുക്കാനും അവിടെ നിന്നുകൊണ്ട് ജനാധിപത്യപരമായി ശ്രീലങ്കൻ രാഷ്ട്രീയത്തിലിടപെടാനുമുള്ള തമിഴ് ശ്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിനുള്ള എല്ലാ പിന്തുണയും നൽകുന്നത് തമിഴനായ അധോലോക നേതാവ് ശിവദാസാണ് (ജോജു ജോർജ്) അഭയാർത്ഥികളിലൊരാളായ അറ്റില്ല (ഐശ്വര്യലക്ഷ്മി)യിലൂടെയാണു ശ്രീലങ്കയിലെ തമിഴർ നേരിട്ട കൊടിയ അതിക്രമങ്ങളുടെയും മനുഷ്യാവകാശധ്വംസനത്തിന്റെയും ദൃശ്യചിത്രം അനാവരണം ചെയ്യപ്പെടുന്നത്. ആഭ്യന്തരകലാപത്തിനിടെ ജന്മനാട്ടിലുണ്ടാവുന്നൊരു ബോംബു സ്‌ഫോടനത്തിൽ സ്വന്തം ഗ്രാമമൊട്ടാകെ ചാമ്പലാവുമ്പോൾ രക്ഷപ്പെടുന്ന അപൂർവം പേരിൽപ്പെട്ടതാണ് പാട്ടുകാരിയായ അറ്റില്ലയും സഹോദരനും മകനും. ദമ്പതികളും മകനും എന്ന വ്യാജേന അവർ ലണ്ടനിലേക്കു കടക്കുന്നു. എന്നാൽ സഹോദരൻ ധീരൻ ലണ്ടനിൽ മയക്കുമരുന്നു വ്യാപാരിയായ പീറ്ററിന്റെ സ്വകാര്യ തടങ്കലിലാവുന്നതോടെ അവളുടെ ജീവിതം ചോദ്യചിഹ്നമാവുന്നു. ശിവദാസാണ് അവളെയും അനന്തരവനെയും സംരക്ഷിക്കുന്നത്. ലങ്കയിൽ നേരിടേണ്ടി വന്ന മാനസികാഘാതത്തിൽ നിന്നു പുറത്തുവന്നിട്ടില്ലാത്ത അറ്റില്ല ഉള്ളിൽ പ്രതികാരവാഞ്ഛയോടെ നടക്കുന്നവളാണ്. ശിവദാസന്റെ സംഘാംഗമായ ദീപൻ (കലൈയരശൻ) ആണ് തമിഴ് പോരാട്ടത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കഥാപാത്രം.ജനപ്രിയ നായകൻ ധനുഷിന്റെ മാസ് കച്ചവട സിനിമ എന്ന നിലയിൽ വിഭാവന ചെയ്തതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയമൊക്കെ പിന്നാമ്പുറത്തേക്കു മാറ്റിവച്ചുകൊണ്ട് ഡ്രഗ് ട്രാഫിക്കിങും അധോലോകവുമൊക്കെയായി ജഗപൊഗയാക്കുന്നതിൽ മാത്രമാണ് ജഗമേതന്തിരം ശ്രദ്ധിച്ചിട്ടുള്ളത്. ഉള്ളിൽ നോവിന്റെ കനൽ ആവഹിക്കുന്ന ശ്രീലങ്കൻ തമിഴ് പെണ്ണിന്റെ ശരീരഭാഷയോ സ്വത്വമോ ഉൾക്കൊള്ളുന്നതിൽ ജഗമേ തന്തിരത്തിലെ ഐശ്വര്യലക്ഷ്മി നടിയെന്ന നിലയ്ക്ക് പരാജയപ്പെടുന്നതു തിരിച്ചറിയണമെങ്കിൽ, ദ് ഫാമിലി മാൻ ടുവിലെ സമന്ത അക്കിനേനിയുടെ തമിഴ് പുലി രാജിയായുള്ള പരകായപ്രവേശം താരതമ്യം ചെയ്താൽ മതി.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ, ഐ എസിൽ ചേരാൻ നാടുവിട്ട മലയാളികളെ കേന്ദ്രകഥാപാത്രമാക്കി ആമസൺ പ്രൈമിൽ അവതരിപ്പിച്ച പരമ്പരയാണ് മനോജ് ബാജ്‌പേയിയും പ്രിയാമണിയും മലയാളത്തിന്റെ നീരജ് മാധവും കേന്ദ്രകഥാപാത്രങ്ങായ ദ് ഫാമിലി മാൻ. രാജ്യമൊട്ടാകെ ഒന്നാം സീസൺ നേടിയ വൻ വിജയത്തെ തുടർന്നാണ് 2021-ൽ പരമ്പരയുടെ രണ്ടാം സീസൺ അവതരിച്ചത്. ഇക്കുറി തമിഴ് തീവ്രവാദവും വംശരാഷ്ട്രീയവുമായിരുന്നു
വിഷയമാക്കിയത്. അക്കിനേനി നാഗചൈതന്യയുടെ ഭാര്യയും നടിയുമായ സമന്തയാണ് പ്രതികാരദാഹിയായ തമിഴ് തീവ്രവാദിയുടെ വേഷത്തിലെത്തുന്നത്. ലങ്കൻ ഈഴ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്കാണു രണ്ടാം സീസൺ ശ്രദ്ധയൂന്നുന്നത്. ഏറെക്കുറേ ആത്മാർത്ഥവും സത്യസന്ധവുമായി അതു പറഞ്ഞുവയ്ക്കുന്നുമുണ്ട്.
യഥാർത്ഥത്തിലുള്ള തമിഴ് പ്രതിസന്ധി ആഴത്തിൽ തന്നെ ചിത്രം ചർച്ച ചെയ്യുന്നു. അതേ
സമയം, ഇന്ത്യൻ പ്രധാനമന്ത്രിയും (അവരൊരു ഉരുക്കുവനിതിയാണ്) ശ്രീലങ്കൻ പ്രസിഡന്റും
തമ്മിലുള്ള രാഷ്ട്രീയബന്ധവും, ചാരപ്രവർത്തനവും മറ്റും കമ്പോള മുഖ്യധാരയുടെ കടുംവർണത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും കെട്ടടങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന തമിഴ് ഈഴമുന്നേറ്റം യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളായിത്തുടരുന്ന അനുഭാവികളിലൂടെ ജനാധിപത്യ സ്വഭാവമാർജ്ജിച്ച് രാഷ്ട്രീയപോരാട്ടമായി മാറുന്നതിന്റെ ദൃശ്യസൂചനയാണു ദ് ഫാമിലി മാനിലുള്ളത്. അതേസമയം, പ്രസ്ഥാനത്തിനുള്ളിൽ തന്നെ സായുധ വിപ്ലവത്തിൽ ഇനിയും വിശ്വസിക്കുന്ന അതിതീവ്രവാദികളും നിയമവഴിയും അന്താരാഷ്ട്ര നയന്ത്രത്തിന്റെ വഴിയും തേടുന്ന ജനാധിപത്യവാദികളും തമ്മിലുള്ള ഭിന്നത കൂടി പരമ്പര സൂചിപ്പിക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നിഴൽ വീണ ഭാസ്‌കരൻ പളനിവേൽ (മൈം ഗോപി) ആണ് പരമ്പരയിലെ പ്രധാന വില്ലൻ. ലണ്ടൻ കേന്ദ്രീകരിച്ച് ഈഴം വിപ്‌ളവപ്രസ്ഥാനത്തെ ഏകോപിക്കുന്ന ഭാസ്‌കരന്റെ ലക്ഷ്യം സ്‌ഫോടനങ്ങളിലൂടെ ഇന്ത്യയെ പ്രലോഭിപ്പിച്ച് തമിഴ് പ്രശ്‌നം വീണ്ടും ലോകശ്രദ്ധയിലേക്കു കൊണ്ടുവരിക എന്നതാണ്. അയാളോടൊപ്പം ലങ്കയിൽ നിന്ന് പലായനം ചെയ്യുന്ന ഉറ്റചങ്ങാതിയും പുലി സംഘടനയിലെ ബുദ്ധിജീവിയും ചിന്തകനുമായ ദീപൻ (അഴകം പെരുമാൾ) ആവട്ടെ, ലണ്ടൻ കേന്ദ്രീകരിച്ച് സമാന്തരമായി ഒരു ലങ്കൻ ഭരണകൂടമുണ്ടാക്കി അതിന്റെ പ്രധാനമന്ത്രിയാവാനുള്ള ജനാധിപത്യവഴിയിലാണ്. ഭാസ്‌കരന്റെ നേരനുജൻ മധുരയിൽ റോയുടെ പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, പ്രതികാര ദാഹിയായി ലണ്ടൻ വിടുന്ന ഭാസ്‌കരന്റെ രാജ്യാന്തര അധോലോകസംഘടനകളുമായി ചേർന്നുള്ള ഇന്ത്യാവിരുദ്ധ നീക്കത്തെ റോ തടയുന്നതാണ് പരമ്പരയുടെ കാതൽ. തമിഴ്‌നാട്ടിൽ ശീലങ്കൻ പ്രശ്‌നത്തോട് ആഭിമുഖ്യവും സഹതാപവും വച്ചുപുലർത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ അരമനരഹസ്യങ്ങളും പരോക്ഷമായി പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം രാജ്യാന്തരതലത്തിൽ തമിഴ് പുലികൾക്കുള്ള വേരോട്ടത്തെയും പരമ്പര പരാമർശിക്കുന്നു.
പകുതിക്കു വച്ചത് സോണി വിയകോം
സംപ്രേഷണം ചെയ്ത അനിൽ കപൂർ-റ്റിസ്‌ക ചോപ്രമാരഭിനയിച്ച് റോബർട്ട് കോക്രാനും യൂൾ സർണോവും സംവിധാനം ചെയ്ത 24 എന്ന
ടെലിപരമ്പരയെപ്പോലെ വൈയക്തികമാവുന്നുണ്ട്. കശ്മീരിൽ താൻ തകർത്ത നിഷ്‌കളങ്ക കുടുംബത്തിലെ വില്ലൻ പ്രതികാരത്തിനായി തിവാരിയുടെ ടീനേജുകാരിയായ മകളെ കടത്തിക്കൊണ്ടുപോകുന്നതോടെ അവളുടെ രക്ഷയും ലങ്കൻ ഭീകരവാദികളുടെ സ്‌ഫോടനശ്രമം തടയലുമൊക്കെയായി ഉദ്വേഗജനകമാവുകയാണ് രണ്ടാം സീസൺ. ആദ്യ സീസണിൽ കേരളത്തെയും മലയാളത്തെയും ഒപ്പം കൂട്ടിയതുപോലെ തമിഴ്‌നാടിനെയും തമിഴിനെയും കൂട്ടി പാൻ-ഇന്ത്യൻ പ്രേക്ഷകരെ ഉറപ്പാക്കുന്ന പരമ്പര പ്രിയാമണിയിലൂടെ മലയാളികളെയും ഒപ്പം നിർത്തുന്നു.
സൂപ്പർ ഡീലക്‌സ് പോലെ ചുരുക്കം ചില സിനിമകളിൽ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ച സമന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകർച്ചയാണ് ദ് ഫാമിലി മാനിലെ റാണി. ജീവിതത്തിൽ അവൾ നേരിട്ട ചവർപ്പും കയ്പ്പും കൊടിയ പീഡനങ്ങളും ജഗമേ തന്തിരത്തിലെ അറ്റില്ലയുടേതിനെ അപേക്ഷിച്ച് എത്രയോ വലുതാണ്. എൽ.ടി.ടി.ഇ.യുടെ മുന്നണിപ്പോരാളികളിലൊരുവളാണവൾ. സംഘടന ചിതറുകയും നേതാക്കൾ വിദേശത്ത് അഭയം തേടുകയും ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ മിൽത്തൊഴിലാളിയായി അവസരം പാത്തു കഴിയുകയാണവൾ. സ്ത്രീയെന്ന നിലയ്ക്ക് അതിക്രമത്തിനു മുതിരുന്ന മിൽ സൂപ്പർവൈസറെ നിർദ്ദാക്ഷിണ്യം വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് കവറുകളിലാക്കി കനാലിൽ കളയുകയാണവൾ. ഹൃദയം കല്ലും ശരീരം കാരിരുമ്പുമായി സൂക്ഷിക്കുന്ന റാണിയുടെ മനസ്സിൽ അവളുടേതായൊരു ശരിയുണ്ട്. അതാണു ശ്രീലങ്കയിലെ തമിഴ് വംശജർ ഇന്ത്യൻ സേനയിൽ നിന്നും, ശ്രീലങ്കൻ ഭരണകൂടത്തിൽ നിന്നും നേരിടേണ്ടി വന്ന മനുഷ്യാവകാശ ധ്വംസനത്തിലേക്കു വെളിച്ചം വീശുന്നത്. ഒരർത്ഥത്തിൽ റാണിയും മല്ലിയും അറ്റില്ലയും ശ്യാമയും പങ്കുവയ്ക്കുന്നത് ഒരേ മാനസികാവസ്ഥയാണ്, സങ്കടങ്ങളാണ്.
തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കമ്പോള സിനിമയിൽ ശ്രീലങ്കൻ തമിഴരുടെ പ്രശ്‌നം കൈകാര്യം ചെയ്തതും, തമിഴരെ സൗത്തിന്ത്യൻസ് ആയി ഇകിഴ്ത്തുന്ന വൈരുദ്ധ്യം തുറന്നുകാണിച്ച ദ് ഫാമിലി മാനിൽ തമിഴ് പ്രശ്‌നം കുറേക്കൂടി ആഴത്തിൽ കുറേക്കൂടി ആർജ്ജവത്തോടെ അവതരിപ്പിച്ചതും രസമാണ്. ശ്രീലങ്കൻ വംശീയ പ്രശ്‌നത്തെ ഉത്തരേന്ത്യൻ ചലച്ചിത്രപ്രവർത്തകർ നോക്കികണ്ടത്ര ആഴത്തിൽപ്പോലും കാർത്തിക്ക് സുബ്ബരാജിന് ആവിഷ്‌കരിക്കാനാവാതെ പോയെന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *