തീയേറ്ററുകളെ വിഴുങ്ങുന്ന
ഒ.റ്റി.റ്റി

Cinema


കോവിഡ് വിമുക്ത കേരളം ഇപ്പോഴും സാധ്യമാകാത തുടരുമ്പോൾ അതിൻ്റെ തിക്ത ഫലങ്ങൾ ഏറ്റവും അധികം ബാധിച്ച മേഖലകളിലൊന്ന് സിനിമയാണ്. തീയേറ്ററുകൾ പൂർണ്ണമായി അടച്ചിടപ്പെട്ടു. നികുതിയിനത്തിൽ വലിയൊരു വരുമാനം സർക്കാരിനും നഷ്ടമായി.
ഒടുവിൽ തീയേറ്ററുകൾ തുറക്കുവാൻ സർക്കാർ തീരുമാനം വന്നപ്പോഴേക്കും നിർമ്മാതാക്കൾ കുറെക്കൂടി സുരക്ഷിതമായ മേഖലകൾ അന്വേഷിക്കുന്ന അവസ്ഥയിലേക്കു മാറി. ആമസോൺ പ്രൈം പോലെയുള്ള ഒ.റ്റി.റ്റി സംവിധാനത്തിലേക്കു മാറുവാനുള്ള ശ്രമങ്ങൾ തീയേറ്ററുകളെയും ഭാവിയിൽ മലയാള സിനിമാ വ്യവസായത്തെയും തകർത്തുകളയുമെന്ന സംശയമേ വേണ്ട.
സിനിമ എന്ന ദൃശ്യവിസ്മയം വീടിനുള്ളിലെ ടെലിവിഷൻ സെറ്റിലോ കംപ്യൂട്ടർ സ്‌ക്രീനിലോ കാണേണ്ട ഒന്നല്ല. വലിയ മൾട്ടിപ്ലസ് തീയേറ്ററുകളുടെ സൗണ്ട് സംവിധാനങ്ങളോടെ വേണം ‘മരയ്ക്കാർ’ പോലുള്ള സിനിമകൾ ആസ്വദിക്കുവാൻ.
കാണികളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ കണ്ടിരുന്ന സിനിമ നൊസ്റ്റാൾജിയ ആയി മാറുമോ എന്നാണ് പലരുടെയും ആശങ്ക.
ആമസോൺ, നെറ്റ് ഫ്‌ളിക്‌സ് പോലുള്ള വമ്പൻ പോർട്ടലുകളിൽ സബ്‌സ്‌ക്രൈബ് ചെയ്ത് വീട്ടിലെ ഹോം തീയേറ്ററിൽ ഇരുന്ന് സിനിമകൾ ആസ്വദിക്കുന്ന പുതിയ മലയാളിയെയാണ് നാമിന്ന് കാണുന്നത്. വീട് പണിയുന്നതിനൊപ്പം ഹോംതീയേറ്റർ കൂടി സെറ്റ് ചെയ്താണ് ഇടത്തരം വീടുകൾപോലും ഇപ്പോൾ നിർമ്മിക്കുന്നത്.
ഈ പോർട്ടലുകൾ നേരിട്ടു നിർമ്മിക്കുന്ന വെബ് സീരിസിൽ ഹോളിവുഡ്-ബോളിവുഡ് താരങ്ങൾ വമ്പൻപ്രതിഫലം വാങ്ങി അഭിനയിക്കുന്നു. സിനിമയെ വെല്ലുന്ന പല് വെബ് സീരീസുകളും ഇന്ന് നിലവിൽ ഉണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തീയേറ്റർ കുറവായ സംസ്ഥാനമാണ് കേരളം. വൈഡ് റിലീസിങ്ങാണ് ഇന്ന് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. കാരണം പൈറസിതന്നെ. സിനിമ ഇറങ്ങുന്ന ദിവസംതന്നെ വ്യാജനും പുറത്തിറങ്ങും. ടോറന്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെടുന്ന സിനിമകൾ നിമിഷ നേരംകൊണ്ടു പ്രചരിക്കപ്പെടും. കോടികൾ മുടക്കി നിർമ്മിച്ച സിനിമകൾ മണിക്കൂറുകൾക്കുള്ളിൽ നിലംപരിശാകും.
കോവിഡ് കാലത്താണ് ഒ.റ്റി.റ്റി റിലീസിങിലേക്കു മലയാള സിനിമകൾ മാറുന്നത്. ഫഹദ്ഫാസിൽ സിനിമകൾ ആമസോൺ പ്രൈമിൽ വലിയ വിജയം കൊയ്തു. കൂടുതൽ ആളുകൾ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ പണം മുടക്കി സബ്‌സ്‌ക്രൈബ് ചെയ്യാൻ തുടങ്ങിയതോടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മലയാളസിനിമയ്ക്കും മുൻകൂർ പണം കൊടുക്കുവാൻ തയ്യാറായി.
മലയാളസിനിമയുടെ ക്രൗഡ്പുള്ളർ ഇപ്പോഴും മോഹൻലാൽ തന്നെയാണ്. പുതിയതായി പുറത്തുവാരാൻ പോകുന്ന അഞ്ച് ലാൽ സിനിമകളും ഒ.റ്റി റ്റി പ്ലാറ്റ്‌ഫോമിലേക്കാണെന്നാണ് സൂചന. ഇത് തീർച്ചയായും തീയേറ്ററുകൾക്ക് വലിയ നഷ്ടമാണ്. ഒരു തീയേറ്റർ എന്നത് അനേകം കുടുംബങ്ങളുടെ ജീവിതമാർഗം കൂടിയാണ്. ഡിസ്ട്രിബ്യൂട്ടർ, എക്‌സിബിറ്റർ, തീയേറ്റർ ജീവനക്കാർ, ഉടമകൾ തുടങ്ങി സിനിമാ തീയേറ്ററുമായി ബന്ധപ്പെട്ട് അനേകായിരം മനുഷ്യരെ നേരിട്ടു ബാധിക്കുന്ന ഈ വിഷയം അടിയന്തിര പ്രാധാന്യത്തോ ടെ ഗവൺമെന്റ് ഏറ്റെടുക്കേണ്ടതാണ്. കേരളത്തിന്റെ ചലച്ചിത്ര സംസ്‌ക്കാരം നിലനിർത്തുകതന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *