സ്ഥാനം ഏറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി കളക്ടര്‍; ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കും

Kerala NEWS

മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിന്റെ വേഗം കൂട്ടാന്‍ സ്ഥാനമേറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. രാവിലെ 9.45 ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെത്തി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, പോലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്രഹ്‌മപുരത്ത് എത്തിച്ചിട്ടുള്ള മുഴുവന്‍ എസ്‌കവേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു. എസ്‌കവേറ്ററുകളുടെ ഡ്രൈവര്‍മാരെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കുന്നതിന് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബ്രഹ്‌മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പടനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. 

തുടര്‍ന്ന് അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം മാലിന്യക്കൂമ്പാരത്തിനു മുകളിലേക്ക് നടന്നു കയറിയ കളക്ടര്‍ എസ്‌കവേറ്ററുപയോഗിച്ച് നടത്തുന്ന പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. മാലിന്യപ്ലാന്റിലെ പ്രവര്‍ത്തനങ്ങളും വിശദമായി മനസിലാക്കി. മേയര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം കളക്ടര്‍ക്ക് വിശദീകരിച്ചു നല്‍കി. പുക ശമിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പ്രദേശങ്ങള്‍ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വിശദീകരിച്ചു. 

പുക അണയ്ക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി പരിശ്രമം ആവശ്യമാണെന്നും ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാലേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കും.    

പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പുകയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 

ചൊവ്വാഴ്ച മുതല്‍ പൂര്‍ണ്ണസജ്ജമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. എസ്‌കവേറ്ററുകള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. 52 എസ്‌കവേറ്ററുകളാണ് ഉപയോഗിക്കുന്നത്. 70 ശതമാനം സ്ഥലങ്ങളിലെ പുക അണച്ചു. പകല്‍ നടക്കുന്ന അതേ തീവ്രതയില്‍ രാത്രിയും പ്രവര്‍ത്തിക്കും. കാറ്റ് അനുകൂലമാകുന്നത് രാത്രിയാണ്. ജീവനക്കാര്‍ക്ക് ആവശ്യത്തിന് മാസ്‌കുകളും ലഭ്യമാക്കി. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ ആരോഗ്യവകുപ്പ് നടത്തും. ഓക്‌സിജന്‍ പാര്‍ലറിനും കണ്‍ട്രോള്‍ റൂമിനും പുറമേ സ്വകാര്യ ആംബുലന്‍സ് കൂടി സജ്ജമാക്കും. 

മാലിന്യനീക്കം സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തി തീരുമാനിക്കും. നഗരങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥ തുടരാന്‍ കഴിയില്ല. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങള്‍, റബ്ബര്‍, വര്‍ഷങ്ങളായി കിടക്കുന്ന ലെഗസി മാലിന്യങ്ങള്‍ തുടങ്ങിവയുണ്ട്. അതിനാല്‍ തീയണച്ചാലും ഉളളിലെ പുക നിലനില്‍ക്കും. അതിനാല്‍ എസ്‌കവേറ്ററിന്റെ പ്രവര്‍ത്തനം ഏറെ പ്രധാനമാണെന്നും മേയര്‍ പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കലുമായി ബന്ധപ്പെട്ട് രാത്രിയിലും തുടരുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി. രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്.

 അമ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപ്പറേഷൻ ജീവനക്കാരും പോലീസുമാണ് പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നു. 

എല്ലാ എസ്കവേറ്ററുകളും രാത്രി മുഴുവൻ പ്രവർത്തന സജ്ജമാക്കാൻ കളക്ടർ നിർദേശിച്ചു. രാത്രിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാർ സബ് കളക്ടർ പി. വിഷ്ണുരാജും ഡെപ്യൂട്ടി കളക്ടർ അനിൽ കുമാറും ഇവിടെ ക്യാംപ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *