ബജറ്റിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി

Kerala

മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംസ്ഥാന ബജറ്റിലെ വിലവര്‍ധന പ്രഖ്യാപനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ഇന്നു രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പ്് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി എത്തി ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയത്.
മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈന്‍ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തു.
ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.
ബജറ്റ് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *