ന്യൂ ഡൽഹി ക്രിക്കറ്റ് ടെസ്റ്റ്; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം.
പരമ്പരയിൽ 2 – 0 ന് മുന്നിൽ. ഐ സി സി യുടെ പുതിയ റാങ്കിംഗിൽ ടെസ്റ്റിലും ഇന്ത്യ ലോക നമ്പർ വൺ ആകും. 115 റൺസ് വിജയത്തിലേക്ക് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാര നങ്കൂരമിട്ടതോടെ ഓസ്ട്രേലിയയുടെ വിജയമോഹം പൊലിഞ്ഞു. പൂജാര 31 റൺസും, ശ്രീകർ ഭരത് 23 റൺസുമായി പുറത്താകാതെ നിന്നു. ട്വൻ്റി – 20 ശൈലിയിൽ ബാറ്റ് വീശിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 20 ബോളിൽ 31 റൺസെടുത്ത് റണ്ണൗട്ടായി.
ഓസ്ട്രേലിയയ്ക്കായി നാഥൻ ലിയോൺ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 113 റൺസിന് പുറത്തായിരുന്നു. 42 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയെ എറിഞ്ഞിട്ടത്. രവിചന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
43 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. ലബുഷെയ്ൻ 35 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാനായില്ല.
