തൃശൂര്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത്് വിഇഒ കൈക്കൂലിക്കേസില്‍ പിടിയില്‍. വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാന്‍ പഞ്ചായത്ത് മെമ്പറില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ആര്‍. വിഷ്ണുവാണ് പിടിയിലായത്. 25,000 രൂപ അനുവദിക്കാന്‍ 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് എന്നാണ് പരാതി, നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതര്‍ താക്കീത് ചെയ്തിരുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹര്‍ബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതില്‍ ആദ്യ ഗഡു 25000 രൂപ നേരത്തെ നല്‍കിയിരുന്നു. രണ്ടാം ഗഡു പാസാക്കണം എങ്കില്‍ 1000 രൂപ നല്‍കണമെന്നാണ് വി ഇ ഒ ആയ വിഷ്ണു വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടത്. വാര്‍ഡ് മെമ്പര്‍ വിഷ്ണുവിനെ വിളിച്ചെങ്കിലും കൈക്കൂലി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിനെ പഞ്ചായത്ത് മെമ്പര്‍ വിവരം അറിയിച്ചത്. ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ ആയിരം രൂപ പഞ്ചായത്ത് മെമ്പര്‍ നേരിട്ട് വിഷ്ണുവിന് നല്‍കി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു.
പത്ത് ദിവസം മുമ്പാണ് ഇയാള്‍ കയ്പമംഗംല വിഇഒ ആയി ചുമതലയേല്‍ക്കുന്നത്. രണ്ട് ദിവസം മുമ്പ് പഞ്ചായത്തിലെ ഒരാളില്‍ നിന്ന് 3000 രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു. ബി ഡി ഒയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ഇടപെട്ട് ഈ പണം തിരിച്ചു കൊടുപ്പിച്ച് താക്കീത് നല്‍കി. മുമ്പും ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപമുണ്ട്.

