കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ തലയ്ക്കടികൊന്ന് കനാലില്‍ തള്ളിയത്.
മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്റ്റേറ്റിനുള്ളില്‍ അനന്തു കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെനേരം കാത്തു. സുഹൃത്തുക്കള്‍ മടങ്ങിയതിനുശേഷം എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. കുറെ ദൂരം തോളില്‍ ചുമന്ന ശേഷം വലിച്ചിഴച്ചാണു മൃതദേഹം കനാലില്‍ എത്തിച്ചത്. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പൊലീസ് കണ്ടെത്തി. മൂന്ന് തവണ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചതായി പ്രതി പൊലീസിന് മൊഴി നല്‍കി. കോന്നി ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീകുമാറിനെ (37) പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

