പാലക്കാട് മാര്‍ക്കറ്റ് റോഡിലെ ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.
പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയര്‍ ഗോഡൗണാണ് ഇന്നലെ രാത്രിയില്‍ കത്തിനശിച്ചത്. ഗോഡൗണിന് പിന്നിലായി ചവര്‍ കൂട്ടിയിട്ട് കത്തിക്കുന്നതില്‍ നിന്നുള്ള തീപിടിത്തമെന്നാണ് നിഗമനം. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്കും പടര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
മഞ്ഞക്കുളം പള്ളി റോഡിലെ ടയര്‍ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് സമീപത്തെ ഹോട്ടല്‍ ജീവനക്കാര്‍ എത്തുമ്പോഴേക്കും തീ അകത്തേക്ക് പടര്‍ന്നിരുന്നു. ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂണിറ്റുകളില്‍ നിന്നും വാഹനങ്ങളെത്തി. അണയ്ക്കും തോറും ആളിപ്പടരുന്ന മട്ടില്‍ തീ ഏറെ നേരം ആശങ്ക കൂട്ടി. സമീപത്തെ കടകളിലേക്ക് തീ പടരാതെ നോക്കിയത് അത്യാഹിതം ഒഴിവാക്കി. നഗരത്തില്‍ വെള്ളം ശേഖരിക്കാന്‍ സ്ഥാപിച്ചുള്ള 58 ഫയര്‍ ഹൈഡ്രന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തിത്തിക്കാതിരുന്നത് തീയണയ്ക്കുന്നതിനു താമസം നേരിട്ടു. മലമ്പുഴ വെള്ളവും ശേഖരിക്കാന്‍ കഴിയാതെ സര്‍വീസ് സ്റ്റേഷനുകളില്‍ നിന്നും കുഴല്‍ക്കിണറില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീകെടുത്തിയത്. ഒന്നരക്കോടിയിലേറെ രൂപയുടെ ടയറുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്.

