ഇന്ത്യന്‍ ഹോക്കി ടീം ഇന്നിറങ്ങും
.
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഒഡീഷയില്‍ തുടക്കമാകും.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്കു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. തുടര്‍ന്ന് മൂന്നു മണിക്ക് അതേ വേദിയില്‍ ഓസ്ട്രേലിയ ഫ്രാന്‍സിനെയും വൈകിട്ട് അഞ്ചുമണിക്ക് റൂര്‍ക്കേല ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്് വെയില്‍സിനെയും നേരിടും.
നാലാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാത്രി ഏഴിന് ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍. സ്വന്തം മണ്ണില്‍ ലോകകപ്പ് പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യ ജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മലയാളി താരം പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ ഗോള്‍വലയം കാക്കുന്നത്. ശ്രീജേഷിന്റെ നാലാം ലോകകപ്പാണിത്.
ശ്രീജേഷിനൊപ്പം നായകന്‍ ഹര്‍മന്‍പ്രീത്, ഉപനായകന്‍ അമിത് രോഹിഡാസ്, മധ്യനിര താരങ്ങളായ മന്‍പ്രീത് സിങ്, ഹാര്‍ദ്ദിക് സിങ്, സ്ട്രൈക്കര്‍മാരായ ആകാഷ്ദീപ് സിങ്, മന്‍ദീപ് സിങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
ഇതു നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാകുന്നത്. ഇതിനു മുമ്പ് 1982-ല്‍ മുംബൈയിലും 2010-ല്‍ ഡല്‍ഹിയിലും 2018-ല്‍ ഒഡീഷയിലുമാണ് ഇന്ത്യന്‍ മണ്ണില്‍ ഹോക്കി ലോകകപ്പ് അരങ്ങേറിയത്.

