ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജിയാണ് ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം. ജോഷിമഠില്‍ ഭൂമി ഇടിയലും മഴയും തീര്‍ത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് നിലവില്‍ സമീപപ്രദേശങ്ങളില്‍ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തില്‍ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍.
ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബര്‍ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠ് നഗരത്തില്‍ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നര്‍സിങ് മന്ദിര്‍ എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുള്ള ഇടിച്ചില്‍ ഉണ്ടാകുന്നുവെന്നും ഐഎസ്ആര്‍ഒയുടെ പഠനത്തില്‍ പറയുന്നു.
ജോഷിമഠിലെ വിള്ളല്‍ ഉണ്ടായ വീടുകളില്‍ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്ന മലാരി ഇന്‍ ഹോട്ടല്‍ ഇന്ന് പൊളിച്ചു മാറ്റല്‍ ആരംഭിക്കും. റൂര്‍ക്കി സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

