2022 ഹൃദയം നിറഞ്ഞ വിജയവുമായി മോളിവുഡ്

Cinema

വിജയ ചിത്രങ്ങളിലൂടെ

2022 മലയാളം ബോക്‌സോഫീസിലും വിജയ വര്‍ഷമായിമായിരുന്നു. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം സൂപ്പര്‍ ഹിറ്റ് ആയതോടെ മികച്ച തുടക്കമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

ഭീഷ്മപര്‍വം – ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വം. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു.

പുഴു – സോണി ലൈവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പുഴു. മെയ് 13നായിരുന്നു റിലീസ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. നവാഗതയായ രതീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്തത്. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരുന്നു.

റോഷാക്ക് – മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് റോഷാക്ക്. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സിനിമയാണ് റോഷാക്ക്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. മമ്മൂട്ടിക്ക് പുറനെ ചിത്രത്തില്‍ ആസിഫ് അലി, ബിന്ദു പണിക്കര്‍, ഷറഫുദീന്‍, സഞ്ജു ശിവരാം, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജനഗണമന – ജന ഗണ മന ഗംഭീര വിജയമാണ് നേടിയത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 50 കോടിയലധികം കളക്ഷന്‍ നേടിയിരുന്നു. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ജന ഗണ മന.

ന്നാ താന്‍ കേസ് കൊട് – കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഓഗസ്റ്റ് 11ന് തിയേറ്ററില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയെന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കഥയും കാസര്‍കോട് സ്ലാങ്ങും എല്ലാം കൂടി ഒത്ത് ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ് ലഭിച്ചത്.

തല്ലുമാല – തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സ്ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പന്‍ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകളും സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ജയ ജയ ജയ ജയ ഹേ – ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും സ്ട്രീം ചെയ്യുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ സ്ട്രീമിങ്.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് – 2022ല്‍ ഇറങ്ങിയതില്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. നവംബര്‍ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ജനുവരി 1ന് അതായത് ഇന്ന് അര്‍ധരാത്രി മുതല്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.

സൗദി വെള്ളക്ക – തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണിത്. ഡിസംബര്‍ 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയപരമായും മറ്റും ബന്ധപ്പെട്ടുള്ള കേരളത്തിലെ കാലിക പ്രസ്‌കതിയുള്ള വിഷയങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. കോടതി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രം ജനുവരി ആറിന് സോണി ലിവില്‍ സ്ട്രീം ചെയ്യും.

കാപ്പ- ഷാജികൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തിയ കാപ്പ മികച്ച കളക്ഷനോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *