ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് പട സെമിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഫ്രാന്‍സിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്‌ന് പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും.

