താരപ്രഭാവം മാധ്യമങ്ങൾക്ക്
ചോദ്യചിഹ്നമാവുമ്പോൾ

Cinema


എ. ചന്ദ്രശേഖർ
സ്വന്തം നിലനിൽപിന് ഇതര മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നൊരു മാധ്യമവ്യവസ്ഥയാണ് സിനിമയുടേത്. അതു കൊണ്ടുതന്നെ മാധ്യമങ്ങളും താരവ്യവസ്ഥിതിയുമായുള്ള ബന്ധം അതിലോലമായ കൊടുക്കൽവാങ്ങലുകളുടേതാണ്. സിനിമയും ഇതര മാധ്യമങ്ങളുമാ യുള്ള സംഘർഷങ്ങളെപ്പറ്റി ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം.
സിനിമയ്ക്കൊരു സവിശേഷതയുണ്ട്. ആസ്വദിക്കാൻ പരിശീ ലനം ആവശ്യമില്ലാത്തതുകൊണ്ടും, ഏറെ ചെലവില്ലാത്തതു കൊണ്ടും സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ബഹുജനമാധ്യമമാണത്. അത്രതന്നെ സ്വാധീനവും ഇതര കലാമേഖ കളെ നിഷ്പ്രഭമാക്കുംവിധമുള്ള ബഹുജനസ്വീകാര്യ തയും, ചലച്ചിത്രപ്രവർത്തകർക്കുമുണ്ട്. അഭിനേതാക്കൾക്കാണ് സാങ്കേതിക, നിർവഹണപ്രവർത്തകരേ അപേക്ഷിച്ച് താര സിംഹാസനങ്ങളും കിരീടവും സ്വന്തമാകാറുള്ളത്. സിനിമയെന്ന അതിമാധ്യമത്തിന്റെ അതിയാഥാർത്ഥ്യവും ലാർജർ-ദാൻ-ലൈഫ് പ്രതിനിധാനവും സൃഷ്ടിച്ചെടുക്കുന്നതാണ് താരപ്രതിച്ഛായ. സാധാരണ പ്രേക്ഷകരുടെ സ്നേഹാശിസുകളുടെ അഷ്ടബന്ധത്തി ലുറപ്പിച്ച ഒന്നാണത്. വൻ പ്രതിഫലം ലഭിക്കുന്നുണ്ടെന്നുള്ള തുകൊണ്ടുതന്നെ, ഈ പ്രതിച്ഛായയും ചെങ്കോലും നിലനിർത്തു ന്നതിൽ താരങ്ങൾക്ക് മറ്റു മേഖലളിലേതിനേക്കാൾ ഉത്തരവാദി ത്തവും സമ്മർദ്ദവും ബാധ്യതയും കൂടുതലാണ്.
ദാമ്പത്യംപോലെ ലോലമായൊരു പാരസ്പര്യമാണ് താരവും പ്രേക്ഷകനും തമ്മിലുള്ളത്. പൊതുപ്രവർത്തനത്തിലും, നാടക നൃത്താദി അവതരണകലകളിലും കളിക്കളത്തിലുമടക്കം കലാകാരന് /കായികതാരത്തിന് ഉള്ള നേർക്കുനേർ ബന്ധമല്ല അത്. തിര ശ്ശീലയിൽ ജീവിതത്തേക്കാൾ പതിന്മടങ്ങു വലിപ്പത്തിൽ പ്രേക്ഷക ർക്കു മുന്നിൽ അവതരിക്കുന്ന താരം, തൽസമയം അവന് പ്രാപ്യ മല്ലാത്ത കാണാമറയത്ത് മറ്റൊരു സ്വകാര്യ ലോകത്താ ണെന്നതാണ് സിനിമയുടെ മാധ്യമസവിശേഷത. നേർസമ്പർക്ക മില്ലാത്ത താരത്തിന്റെ ഈ ജനസമ്മിതിക്കു മറ്റു മേഖലകളിലേ തിനേക്കാൾ വ്യാപ്തിയുണ്ട്. അതുകൊണ്ടാണ് കേവലം ഒരു സിനിമയിൽ മുഖം കാണിച്ച ആൾക്കും ഒരു രാത്രിവെളുക്കുന്ന തോടെ പൊതുസമൂഹത്തിൽ താരപ്രതിച്ഛായ കൈവരുന്നത്.
ഇതു തുറന്നു സമ്മതിക്കാൻ സന്മനസു കാണിക്കുന്ന താരങ്ങൾ കുറവാണ്. തങ്ങൾ ടിക്കറ്റിനു കൊടുക്കുന്ന അമ്പതോ നൂറോ രൂപ കൊണ്ടാണ് താരങ്ങൾ കൂടി ജീവിക്കുന്നതെന്നോർക്കണം എന്ന തരത്തിലുള്ള പ്രേക്ഷകന്റെ പ്രതികരണത്തെ, അങ്ങനെ നാട്ടുകാർ സാധനം വാങ്ങുന്നതുകൊണ്ടല്ല പലവ്യജ്ഞനക്കടക്കാരൻ ജീവിക്കുന്നത് എന്ന ഉദാഹരണം കാട്ടി പുച്ഛിച്ചു തള്ളാൻ ശ്രീനിവാസനെപ്പോലെ പ്രതിബന്ധതയുള്ളൊരു നടൻ പോലും തയാറാവുന്ന സിനിമാരംഗമാണ് നമ്മുടേത്. കൂട്ടത്തിലൊരു നടി ആക്രമിക്കപ്പെട്ടപ്പോഴോ, അയൽരാജ്യത്തൊരു പത്രപ്രവർത്തക കൊല്ലപ്പട്ടപ്പോഴോ പ്രതിഷേധത്തിന്റെ ചെറിയൊരു വരി പോലും ഉയർത്താതിരിക്കാൻ ശ്രദ്ധിച്ചവരാണ് താരങ്ങളിലധികവും.തന്നെപ്പോലൊരു അഭിനേതാവ് ഒരു ആഗോള പ്‌ളാറ്റ്‌ഫോമിൽ തലയുയർത്തിപ്പിടിച്ച് പൊതുശബ്ദത്തിന്റെ പ്രതിനിധിയായി നിലനിൽക്കുന്നത് പ്രേക്ഷകലക്ഷങ്ങളുടെ പിന്തുണയും വിശ്വാസവും ഒന്നുകൊണ്ടു മാത്രമാണെന്നും അതുകൊണ്ടു തന്നെ അവർക്കു വേണ്ടി നിർഭയം നിരന്തരം ശബ്ദമുയർത്തേണ്ട ബാധ്യത തനിക്കുണ്ടെന്നും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം പോലൊരു വേദിയിൽ വന്ന് ഉറക്കെ വിളിച്ചുപറയാൻ നമുക്ക തമിഴ്‌നാട്ടിൽ നിന്ന് ഉറച്ച നട്ടെല്ലുള്ള പ്രകാശ് രാജിനെപ്പോലൊരു നടനെ ക്ഷണിച്ചു കൊണ്ടുവരേണ്ടി വന്നുവെന്ന കാര്യമോർക്കുക.
വെളിച്ചത്തിൽ ചിത്രീകരിച്ച് ഇരുട്ടിൽ പ്രദർശിപ്പിക്കുന്നതു പോലുള്ള വൈരുദ്ധ്യത്തോടൊപ്പം പ്രധാനമാണ്, സിനിമയിലൂടെ നേടുന്ന താരപദവി നിലനിർത്താൻ ഇതര മാധ്യമങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നത്. ദൃശ്യമാധ്യമമെന്ന നിലയ്ക്ക് സ്വതന്ത്ര സ്വത്വം സംസ്ഥാപിക്കുമ്പോൾത്തന്നെ, സിനിമയുടെ നില നിൽപ്പിലും പ്രചാരത്തിലും മറ്റു മാധ്യമങ്ങളുടെ സ്വാധീനം ഒട്ടും ചെറുതല്ല. എത്ര മികച്ച സിനിമയേയും താരപ്രകടനത്തെയും ജനസമക്ഷമെത്തിക്കാൻ അച്ചടി/ദൃശ്യ/ശ്രാവ്യ മാധ്യമങ്ങളുടെ സഹായം കൂടിയേ തീരൂ. ചിത്രനിർമാണണത്തിന്റെ തുടക്കം തൊ ട്ടുള്ള വാർത്തകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുകയും, പുറത്തിറങ്ങുമ്പോൾ ചുവരെഴുത്തുകൾക്കു പുറമേ പ്രത്യക്ഷവും പരോക്ഷവുമായ മാധ്യമപരസ്യങ്ങളും പ്രചാരണപരിപാടികളു മെല്ലാം പ്രത്യക്ഷപ്പെടുന്നത് അതിന്റെ തെളിവാണ്.
പത്രപ്രവർത്തനത്തിൽ ചലച്ചിത്രപ്രസിദ്ധീകരണം എന്നൊരു അവാന്തരവിഭാഗം രൂപപ്പെടുന്നതിൽ, സിനിമയ്ക്കുള്ള ജനപ്രീതി വലിയൊരു കാരണമാണ്. എന്നാൽ സ്പോർട്സിനോ സാഹിത്യത്തി നോ ഇല്ലാത്തൊരു പരാശ്രിതത്വം സിനിമയ്ക്കുണ്ട്. കാരണം കളിക്ക ളത്തിലെ നേട്ടം ഒരു കായികതാരത്തെ പൂർണമാക്കും. പുസ്തകം പ്രസിദ്ധീകൃതമാവുന്നതോടെ എഴുത്തും സാർത്ഥകമാവും. എന്നാൽ സിനിമ കൂടുതൽ ആളുകളിലേക്കെത്ത ണമെങ്കിൽ, യഥാർത്ഥ ലക്ഷ്യത്തിലെത്തണമെങ്കിൽ പരസ്യ പ്രചാരണങ്ങൾ അത്യന്താപേക്ഷിതമാണ്. അതിന് മാധ്യമങ്ങൾ കൂടിയേ തീരൂ. കുറച്ച് ആയിരങ്ങളോ ലക്ഷങ്ങളോ മാത്രം പ്രചാരമു ള്ള അച്ചടിമാധ്യമങ്ങളുടെയും, ദൃശ്യബദൽ തന്നെയായ ടെലിവിഷ ന്റെയും, ഇവയുടെയെല്ലാം സംയുക്തവും പൊതുബദലുമായ സമൂഹമാധ്യമ ങ്ങളുടെയും പിന്തുണ വേണം കോടികളുടെ മുടക്കി നിർമിക്ക പ്പെടുന്ന ഒരു സിനിമ പ്രദർശനവിജയമാകാൻ. വിജയ സിനിമയ്ക്കും സിനിമാപ്രവർത്തകർക്കുമാവട്ടെ മറ്റു മാധ്യമങ്ങളെ നിഷ്പ്രഭമാക്കുന്ന ജനസ്വാധീനവും താരപദവിയുമാണ് കൈവരുന്നത് എന്നതാണ് വൈരുദ്ധ്യം.
ചലച്ചിത്ര നിർമാണതസ്തികകളിൽ പ്രമുഖമാണ് പബ്ളിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ.) ഒരു സിനിമയുടെ ബീജാ വാപത്തോടൊപ്പം അതിന്റെ മാധ്യമപരാശ്രിതത്വവും ആരം ഭിക്കുന്നു. കഥയും താരങ്ങളും സാങ്കേതികവിദഗ്ധരുമെല്ലാം നിശ്ചയിക്കപ്പെടുന്നതുമുതൽ വാർത്താപ്രചാരണവും ആരംഭി ക്കുകയായി. തുടർന്ന് പൂജ, ചിത്രീകരണം, റിലീസ് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ മാധ്യമങ്ങളിലൂടെ പലവിധത്തിലുമുള്ള വാർത്താവിതരണം സംഭവിക്കുന്നു. ചുരുക്കത്തിൽ സിനിമയ്ക്കും അതിന്റെ ഉപഭോക്താക്കളായ പ്രേക്ഷകർക്കും തമ്മിലുള്ള സജീവമായ ഒരു ഇടനിലക്കാരന്റെ വേഷമാണ് മാധ്യമങ്ങൾ നിർവഹിച്ചുപോരുന്നത്. സിനിമാ പത്രപ്രവർത്തനത്തിന്റെ ആദ്യകാലത്ത് വിളംബരത്തിലും സിനിമാ നിരൂപണത്തിലും മാത്രമൊതുങ്ങിയിരുന്നെങ്കിൽ പിന്നീടത് താരങ്ങളും സാങ്കേതി കവിദഗ്ധരുമായുള്ള അഭിമുഖങ്ങളിലും ഗോസിപ്പുകളിലേക്കുമായി വളർന്നു. സിനിമയ്ക്കൊപ്പമോ അതിലുമധികമോ സ്വാധീനം വായനക്കാരിൽ വിനോദവാർത്തകൾക്കും വർത്തമാനങ്ങൾക്കും സാധ്യമായി.
ഇലക്ട്രോണിക് മാധ്യമങ്ങളിൽ വിനോദ പരിപാടികളിലൂടെയും മറ്റും സിനിമയുടെ/സിനിമാക്കാരുടെ പ്രചാരവേല അഭംഗുരം ഭംഗിയായി തുടർന്നു. കാലത്തിനൊത്ത് അതിന്റെ കെട്ടും മട്ടും അലകും പടലും മാറുകയും പുതിയ സാധ്യതകൾ തേടുകയും ചെയ്തു. സ്വാഭാവികമായി, സിനിമയിൽ താരതമ്യേന ഭേദപ്പെട്ടൊരു വേഷം കയ്യാളുന്ന ഒരാളെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധയിലേക്കു യർത്താൻതക്ക ശേഷി മാധ്യമൾക്കുണ്ടായി. അതോടെ അവയുമായി നല്ല ബന്ധത്തിലേർപ്പെടാനും അവയുപയോഗിച്ചു തങ്ങളുടെ പ്രതിച്ഛായ പരമാവധി ഉയർത്തിയെടുക്കാനും താരപദവിയിലേക്കെ ത്തിപ്പെടാനും നടീനടന്മാർ കൂടുതൽ ശ്രദ്ധിച്ചു. ക്രമേണ അതു പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇഴ യടുപ്പമായി വളർന്നു.
മലയാള സിനിമയിൽ, സത്യനും പ്രേംനസീറും മുതൽ മമ്മൂട്ടിയും മോഹൻലാലും വരെയുള്ള താരങ്ങൾക്കു മാധ്യമങ്ങളോടുണ്ടായിരുന്ന ആരോഗ്യകരമായ ബന്ധവും ബഹുമാനവും രഹസ്യമല്ല. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ ഒരു കുറിപ്പു വന്നത് അഭിനയജീവിതത്തിൽ സത്യൻ എന്ന അനശ്വര നടൻ എത്രമാത്രം വിലപ്പെട്ടതായി കണക്കാക്കിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തിൽ മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി വിവരിച്ചിട്ടുണ്ട്. അതു പോലെ തന്നെയാണു പ്രേംന സീറിനെപ്പോലെ, അഭിനയത്തിൽ ഇനിയും തകർക്കപ്പെട്ടിട്ടില്ലാത്ത ഒന്നിലധികം ലോകറെക്കോർഡുകൾ സ്ഥാപിച്ചിട്ടുള്ള താര രാജാവിന്റെ കാര്യവും.
തൊണ്ണൂറുകളുടെ ഉത്തരപാദത്തിൽ, പരമ്പരാഗത മാധ്യമങ്ങളെ പിന്തള്ളി ഇലക്ട്രോണിക് മാധ്യമങ്ങൾ, പ്രത്യേകിച്ചു നവമാധ്യമ ങ്ങൾ ശക്തമാവുകയും പുതുതലമുറ ചലച്ചിത്രതാരങ്ങളിലേക്കു സിനിമ ചെന്നുചേരുകയും ചെയ്യുന്നതോടെയാണു സിനിമയും മാധ്യമപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടാവു ന്നത്. കോർപറേറ്റ് നിർമാണരീതിയും ഇതിന് ഉപോൽബലകമായി. തങ്ങൾ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനങ്ങളിൽ ഏകതാന മായ വാർത്തകളും വിവരങ്ങളും മാത്രം മാധ്യമൾക്കു നൽകുകയും, ചിത്രീകരണസ്ഥലങ്ങളിലേക്ക് മാധ്യമങ്ങൾക്കു കർശന വിലക്കേ ർപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അതിനു തുടക്കമായത്. അതു വരെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ ചിത്രീകരണസ്ഥല ങ്ങളിൽ നേരിട്ടു ചെന്ന് ചിത്രവിശേഷങ്ങളും പിന്നാമ്പുറക്കഥകളും താരസല്ലാപങ്ങളുമൊക്കെയായി പ്രത്യക്ഷവും പരോക്ഷവുമായി ചിത്രത്തിനു പ്രചാരം കിട്ടുന്ന ഉള്ളടക്കങ്ങൾ സ്വന്തം മനോധർമത്തി നനുസരിച്ച് എക്സ്‌ക്ലൂസീവായി ഉണ്ടാക്കുകയായിരുന്നു. പിന്നീടു സിനിമയുടെ റിലീസിനോടനുബന്ധിച്ച് പന്തിഭോജനസമാനമായ പ്രചാരണപരിപാടികളുമായി താരസംഘങ്ങളും അണിയറപ്രവർ ത്തകരും മാധ്യമങ്ങളിൽ ഒരേസമയത്ത് ഒരുപോലെ സജീവമാകുക യായിരുന്നു. ഈ മാറ്റമുൾക്കൊള്ളാനാവാത്ത അച്ചടിമാധ്യമപ്രവർ ത്തകർ, തങ്ങളിൽ നിന്ന് താരങ്ങളും സിനിമാക്കാരും അകലം പാലിക്കുന്നതിൽ പരിഭവിച്ചെങ്കിൽ, നവമാധ്യമങ്ങൾ തങ്ങളുടെ രചനകൾക്കെതിരേ ദുഷ്ടലാക്കോടെയും നിക്ഷിപ്ത താൽപര്യ ത്തോടെയും കുപ്രചരണങ്ങളഴിച്ചുവിടുന്നതിനെതിരേ ചലച്ചിത്ര ലോകവും പരിഭവിക്കുന്നന്ന വൈരുദ്ധ്യമാണുണ്ടായത്.
ഹോളിവുഡ്ഡിലും ഹിന്ദിയിലും മറ്റും താരങ്ങൾ ലഭ്യമായ എല്ലാ മാധ്യമവേദികളും പത്രസ്ഥലവും, അനുകൂല/ പ്രതികൂല പ്രചാരണ നേട്ടങ്ങൾക്കായി ബുദ്ധിപൂർവം വിനിയോഗിക്കുകയും തമിഴ് നാട്ടിലും മറ്റും അത്തരത്തിൽ രാഷ്ട്രീയത്തിൽവരെ താരങ്ങൾ സ്ഥാനമുറപ്പി ക്കുകയും ചെയ്ത ചരിത്രമുള്ളപ്പോൾ കേരളത്തിൽ അങ്ങനെയുള്ള വർ പോലും പിൽക്കാലത്ത് മാധ്യമങ്ങളോടു നിശ്ചിത അകലം കാത്തുസൂക്ഷിക്കുകയോ സ്വാർത്ഥലാഭത്തോ ടെയുള്ള വാണിജ്യ സഹകരണത്തിൽ ഏർപ്പെടുകയോ ആയിരുന്നു. കുടുംബംകലക്കി ഗോസിപ്പുകളെയും കിംവദന്തികളെയും ഭയന്നിട്ടല്ല താരങ്ങളുടെ ഈ മാധ്യമപഥ്യം. ഒരർത്ഥത്തിൽ അതവരുടെ അസഹിഷ്ണുതയുടെ കൂടി പ്രത്യക്ഷീകരണമാണ്. എന്തുകൊണ്ടാണ്/എന്നു മുതൽക്കാണ് മാധ്യമങ്ങളും സിനിമാവ്യവ സായവും തമ്മിലുള്ള ഈ വിചിത്രമായ അകലമുണ്ടായത്? കുറച്ചുകാലം മുമ്പു കേരളസമൂഹം ഏറെ ചർച്ച ചെയ്ത ഒരു പ്രമുഖ നടി ആക്രമിക്കപ്പെടുകയും അതിൽ മുൻനിര താരനടന്മാരിലൊരാൾ പ്രതിചേർക്കപ്പെട്ടു ജയലിലടയ്ക്കപ്പെടുകയും ചെയ്ത സംഭവവികാസങ്ങളിൽ ചലച്ചിത്ര താരങ്ങൾ രൂക്ഷമായ മാധ്യമ വിചരാണയ്ക്കു വിധേയരാവേണ്ടിവന്നതിന്റെ പശ്ചാത്തല ത്തിലാണ് ഈ വിശകലനം പ്രസക്തി നേടുന്നത്.
മലയാളത്തിൽ സ്വകാര്യ ടെലിവിഷന്റെ വരവോടെയാണു തിരയ്ക്കപ്പുറമുളള താരവ്യക്തിത്വം പൊതുസമക്ഷം കൂടുതൽ വെളിവാക്കപ്പെട്ടത്. ഏഷ്യാനെറ്റ് മാത്രമായിരുന്ന കാലത്ത് ദൂരദർശനിലും ഏഷ്യാനെറ്റിലുമായി പങ്കുവയ്ക്കപ്പെട്ട ചലച്ചിത്രങ്ങ ൾക്കു പരിധിയുണ്ടായിരുന്നു. അന്നത്തെ ചാനലുകളുടെ ഫിക്സ്ഡ് ടൈം ചാർട്ടുകളിൽ 24 മണിക്കൂറിൽ എത്ര ചലച്ചിത്ര/ ചലച്ചിത്രാധി ഷ്ഠിത പരിപാടികളുണ്ടായിരുന്നു എന്നു നോക്കുക. ആഴ്ചയിൽ ഒരു സിനിമ. രണ്ടു ദിവസം അരമണിക്കൂർ ചലച്ചിത്രഗാനരംഗങ്ങൾ. ഒന്നോ രണ്ടോ താരാഭിമുഖങ്ങൾ. ആഴ്ചയിൽ അരമണിക്കൂർ നീളുന്ന ചലച്ചിത്രവാർത്താപരിപാടി.
ചാനലുകളുടെ എണ്ണം കൂടുകയും റേറ്റിങിൽ കിടമത്സരമു ണ്ടാവുകയും ചെയ്യുന്നതോടെയാണ് താര/ചലച്ചിത്ര/ചലച്ചിത്രാ ധിഷ്ഠിത പരിപാടികളുടെ എണ്ണം കൂടുന്നത്. ആഴ്ചയിൽ മൂന്നും നാലും ദിവസം സിനിമ, നിത്യവും സിനിമാ ധിഷ്ഠിത പരിപാടികൾ, രണ്ടു ദിവസമെങ്കിലും അഭിമുഖം, തമാശ, ഗാനപരിപാടികൾ, ക്യാംപസ് /വിനോദവാർത്താ ചർച്ചകൾ… അങ്ങനെ ഉള്ളടക്കത്തിന്റെ ഭീമഭാഗവും സിനിമനുബന്ധമായപ്പോൾ ടിവിക്ക് സിനിമ പ്രധാന അസംസ്‌കൃതവസ്തുവാ ണെന്ന സ്ഥിതി വന്നു. ഉത്സവ/വിശേഷദിനങ്ങൾക്കായി കരുതിവച്ചിരുന്ന താരാ ഭിമുഖങ്ങൾ നിത്യക്കാഴ്ചകളായി. (എല്ലാ ദിനങ്ങളും വിശേഷദിനങ്ങളായി വിപണനം ചെയ്യപ്പെട്ടു. ഫ്രൈഡേ പ്രോഗ്രാംസ് ബ്രോട്ട് ടു യൂ ബൈ… എന്നും മറ്റുമുള്ള ടിവി പരസ്യപ്രചാരണങ്ങൾ ശ്രദ്ധിക്കുക) അതുക്കും മേലേ അതുക്കും മേലേ എന്ന മട്ടിൽ സിനിമയേയും സിനിമാക്കാരേയും വിൽപനച്ചരക്കാക്കുന്നതിൽ ചാനലുകൾ മത്സരിച്ചു. സ്വാഭാവികമായി ടിവി വഴി കിട്ടുന്ന പ്രചാരം തങ്ങളുടെ ഉൽപ്പന്നത്തിനും പ്രതിച്ഛായയ്ക്കും അനുകൂലമാക്കി മാറ്റാൻ ചലച്ചിത്രസമൂഹവും ഉത്സാഹിച്ചു. ടിവി/പത്രമാധ്യമങ്ങളുടെ നിലനിൽപിനു താരനിശകൾ പോലുള്ള ഇവന്റുകൾ അത്യന്താ പേക്ഷിതമാണെന്നു വന്നു. സിനിമയുമായി നേരിട്ടു ബന്ധമില്ലാത്ത മാധ്യമങ്ങൾ പോലും വിപണനസാധ്യത മുൻനിർത്തി വർഷം തോറും താരമാമാങ്കങ്ങൾക്കായി മത്സരിച്ചു. റിയാലിറ്റി ഷോകളിലെ വിധി കർത്താക്കളുടെയും അതിഥികളുടെയും രൂപത്തിൽ ചാനലുകൾ താരസാന്നിദ്ധ്യം ഉറപ്പാക്കി. താരങ്ങൾക്കു സാംസ്‌കാരിക നായകത്വം ചാർത്തിക്കൊടുത്ത മാധ്യമങ്ങൾ അവരുടെ താരപ്രഭാവം തങ്ങളുടെ പ്രചാരം കൂട്ടാൻ വാണിജ്യ താൽപര്യ ത്തോടെ പ്രതിഫലത്തിനും അല്ലാതെയും വിനിയോഗി ച്ചു.
മാധ്യമങ്ങൾ തമ്മിൽ നിലനിന്ന അദൃശ്യസന്തുലനം കൈ മോശം വന്നതോടെയാണ് മാധ്യമ/സിനിമ ബന്ധത്തിൽ വൈരുദ്ധ്യ ങ്ങൾ തുടങ്ങുന്നത്. തങ്ങളുടെ പ്രതിച്ഛായയും നിർമിതിയും ടെലിവിഷൻ ചൂഷണം ചെയ്യപ്പെടുകയാണോ എന്നു സന്ദേഹിച്ച തോടെ അതിനെ പ്രതിരോധിക്കാനുള്ള നിലപാടുകളിലേക്കും നടപടികളിലേക്കും ചലച്ചിത്രസമൂഹം കടന്നു. താരങ്ങൾ താര നിശകളിലും ടിവിഷോകളിലും പ്രത്യക്ഷപ്പെടുന്നതു വിലക്കി ക്കൊണ്ടു താരസംഘടന മുന്നോട്ടുവന്നതിനെത്തുടർന്നു ചാനലു കളുമായുണ്ടായ സംഘർഷവും തുടർന്നുണ്ടായ സംഘടനാത്തർക്ക ങ്ങളും പ്രതിസന്ധികളും ഓർക്കുക. അവസാനം താരസംഘടന സ്വന്തമായി സംഘടിപ്പിക്കപ്പെട്ട താരനിശയും റെക്കോർഡ് തുകയ്ക്കു ചാനലിനു തന്നെ വിൽക്കുകയായിരുന്നുവെന്നതും ശ്രദ്ധേയം. അതുപോലെ തന്നെയാണ്, ഗാനരംഗങ്ങൾ ലഭ്യമാക്ക ണമെങ്കിൽ പകരം സിനിമയുടെ സൗജന്യ ട്രെയ്ലർ സംപ്രേഷണം ചെയ്യണമെന്ന നിലയ്ക്കുള്ള ചില ധാരണകൾ നിലവിൽ വന്നതും.
ബുദ്ധിപൂർവമായ ചില ഇടപെടലുകൾ കൊണ്ടാണ് ഇല ക്ട്രോണിക് മാധ്യമങ്ങൾ ഈ വിലപേശലിൽ അന്തിമ വിജയം കരസ്ഥ മാക്കിയത്. ടേബിൾ പ്രോഫിറ്റ് പദ്ധതികളായി മാറിയ കുറേയേറെ ചലച്ചിത്ര സംരംഭങ്ങൾക്കു ധനസഹായം നൽകിക്കൊ ണ്ടായിരുന്നു അത്. സാറ്റലൈറ്റ് റൈറ്റ് എന്ന പേരിൽ സിനിമയുടെ നിർമാണാ രംഭത്തിൽത്തന്നെ വൻ തുക നിശ്ചയിച്ചു സംപ്രേഷണാ വകാശം സ്വന്തമാക്കക്കിക്കൊണ്ടായിരുന്നു ഇത്. ഇങ്ങനെ നേടിയ സിനിമകൾ അവരുടെ എക്സ്‌ക്ളൂസീവുകളാക്കി പ്രൈംടൈമിൽ സംപ്രേഷണം ചെയ്ത് ടാം റേറ്റിങിൽ മുന്തിയ സ്ഥാനം നേടി പരസ്യങ്ങളിലൂടെ ചാനലുകൾ വൻ ലാഭം നേടിയപ്പോൾ, മുൻപരിച യമില്ലാത്തവർ പോലും നിർമാതാക്കളായി. മലയാളസിനിമയെ അനിവാര്യമായൊരു പ്രതിസന്ധിയിലേക്ക് ചവിട്ടിത്താഴ്ത്തിയ ഈ പ്രവണതയ്ക്ക് ചാനലുകളും ചലച്ചിത്രപ്രവർത്തകരും ആത്മ വിമർശനപരമായി ഇടപെട്ടു സ്വയം തിരുത്തലിനു തയാറായതു കൊണ്ടാണ് അറുതിയായത്. അതേസമയം ടേബിൾ പ്രോഫിറ്റ് വ്യാജനിർമിതകളെ മാത്രമല്ല, ആത്മാർത്ഥ ചലച്ചിത്ര സംരംഭങ്ങ ളെയും വ്യാജ പ്രചാരണങ്ങളിലൂടെ നിലംപരിശാക്കാൻ സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകൾക്കു സാധിച്ചു. വാ ളെടുത്തവരെല്ലാം ചലച്ചിത്രനിരൂപകരായി സ്വയമവ രോധിക്കുന്ന സൈബർ ഇടനാഴികളിൽ ഏതു സിനിമയുടെയും ഭാഗധേയം ആദ്യ ഷോയുടെ ഇടവേളയിൽ നിർണയിക്കപ്പെടുന്ന അവസ്ഥ. മാത്രമല്ല, ഓൺലൈൻ പ്രമോഷൻ എന്ന പേരിൽ വാണി ജ്യാടിസ്ഥാനത്തിൽ സൈബർപ്രചാരണ മാഫിയകൾ സജീവവുമാ യി. ഇവരെ ഒഴിവാക്കിയൊരു സ്വതന്ത്രവിജയം ശരാശരി സിനിമയ്ക്ക് അന്യമായി.
സിനിമയും സിനിമാക്കാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധ ത്തിൽ വാണിജ്യതാൽപര്യം കടന്നുവന്നതാണ് ഈ പ്രവണതകൾ ക്കെല്ലാം കാരണം. പ്രത്യേകിച്ചു താരങ്ങളും മാധ്യമങ്ങളും തമ്മിലുള്ള ഇരിപ്പുവശം വഷളാവുന്നതിൽ വാണിജ്യവ്യവസ്ഥയ്ക്കു ചെറുതല്ലാത്ത പങ്കാണുള്ളത്. സത്യനെക്കുറിച്ചോ നസീറിനെ ക്കുറിച്ചോ ഒരു റൈറ്റപ്പോ അഭിമുഖമോ പ്രസിദ്ധീകരിക്കാൻ പത്രാധിപർ താരത്തിനോ താരം പത്രസ്ഥാപനത്തിനോ പ്രതി ഫലമൊന്നും കൊടുത്തിട്ടില്ല. മറിച്ച്, സ്വന്തം മാധ്യമ സ്ഥാപന ത്തിന്റെ ഒരുൽപ്പന്നത്തിന്റെ/പദ്ധതിയുടെ/സംരംഭത്തിന്റെ പ്രചാരകനായി ഒരു താരത്തെ പ്രതിഫലം നൽകി ഉപയോഗി ക്കുമ്പോൾ സ്വാഭാവികമായി അയാളുടെ താൽപര്യങ്ങളെ കൂടി സംരക്ഷിക്കേണ്ടതോ കുറഞ്ഞപക്ഷം ഹനിക്കാതിരിക്കേണ്ടതോ ആയ ബാധ്യത ഇക്കാലത്തു മാധ്യമങ്ങൾക്കു വന്നു ചേരുന്നു. ചാനലുകൾക്കു സ്വന്തം താരനിശകൾ വൻവിലയ്ക്ക് വിൽക്കാനും ലാഭം കൈവരിക്കാനും വമ്പൻ താരസാന്നിദ്ധ്യം നിർബന്ധമായി. അവർക്ക് അതിവിചിത്ര അവാർഡുകളുടെ രൂപത്തിൽ വൻ തുക നൽകേണ്ടിയും വന്നു. ഇതു തങ്ങളുടെ താരപ്രഭാവത്തിന്റെ വിപണനമാണെന്ന ധാരണ താരങ്ങൾക്കുമുണ്ടായി. തങ്ങളില്ലാതെ എങ്ങനെ താരനിശ നടത്തുമെന്ന ചിന്ത അവർക്കുണ്ടായതു സ്വാഭാവികം. ടിവിയിൽ ചലച്ചിത്രതാരങ്ങൾ ചെയർമാന്മാർ വരെയായി. സിനിമ നിലനിൽപിന് ആശ്രയിച്ചിരുന്ന മാധ്യമങ്ങൾ സ്വന്തം നിലനിൽപിനു വേണ്ടി സിനിമയെത്തന്നെ ആശ്രയിക്കുന്ന വൈരുദ്ധ്യം.
സിനിമാമാധ്യമപ്രവർത്തനത്തിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ രണ്ടു ധാരകൾ അതിൽ അന്തർലീനമായിരുന്നു. ചലച്ചിത്രങ്ങൾക്കു മാത്രമായ പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ സിനിമാ
പംക്തികളും. സിനിമയെ അടിസ്ഥാനമാക്കി, സിനിമാക്കാരുടെ അപദാനങ്ങൾ വാഴ്ത്തുന്ന ഉള്ളക്കമായിരുന്നു ചലച്ചിത്രപ്രസിദ്ധീകരണങ്ങലേറെയും. അവയുടെ നിലനിൽപുതന്നെ സിനിമാപരസ്യങ്ങളിലും ആരാധകരായ വായനക്കാരിലും ഊന്നിയായിരുന്നു. അതുകൊണ്ടുതന്നെ താരവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന, സിനിമയുടെ നടപ്പുശീലങ്ങളെ വിമർശിക്കുന്ന യാതൊന്നും അത്തരം പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. കലാകൗമുദി ഫിലിം മാഗസിനും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ചില ഒറ്റപ്പെട്ട സംരംഭങ്ങ ളുമല്ലാതെ സമാന്തര സിനിമയേയോ കലാസിനിമയേയോ പ്രോത്സാഹിപ്പിക്കുന്ന ഗൗരവമുള്ള പ്രസിദ്ധീകരണങ്ങൾ പോലും കുറവായിരുന്നു. മുഖ്യധാരയിൽ വിമർശനപരമായ ചില ധൈര്യമുള്ള വേറിട്ട സമീപനങ്ങൾ കൈ ക്കൊണ്ട മാത്രഭൂമിയുടെ ചിത്രഭൂമിയെപ്പോലും പരസ്യം വിലക്കി ക്കൊണ്ടു വരുതിയിലാക്കി ക്കാൻ സിനിമയ്ക്കു സാധിച്ചു.ഒരു സിനിമ പുറത്തിറങ്ങി 50 ദിവസം എന്ന സ്വാഭാവിക സമയം നൽകിയശേഷം നിഷ്പക്ഷമായൊരു പോസ്റ്റ്‌മോർട്ടം വിമർശനം എന്ന ആശയവുമായി ചിത്രഭൂമി ഒരു പംക്തി തുടങ്ങിയതാണ് ആ പ്രസിദ്ധീകരണത്തിന്റെ തന്നെ നിലനിൽപിനു ദോഷമായത് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. മാതൃഭൂമിയുമായി ഹൃദയബന്ധമുള്ള ഒരു സംവിധായകന്റെ സൂപ്പർതാരചിത്രത്തെ അതിന്റെ അമ്പതാം ദിവസം വിമർശിച്ചപ്പോൾ തൊട്ടടുത്ത ലക്കത്തിലേക്കു നൽകിയ പരസ്യം വരെ പിൻവലിച്ചുകൊണ്ടായിരുന്നു സിനിമാരംഗം പ്രതിഷേധിച്ചത്. അങ്ങനെതുടങ്ങിയ പടലപ്പിണക്കങ്ങളാണ് ചില വർഷങ്ങൾക്കകം ചിത്രഭൂമിയുടെ അകാല ചരമത്തിലേക്കു നയിച്ചത്.
സിനിമയുടെ സംവേദനശീലത്തിലും സ്വരൂപത്തിലും ആസ്വാദന ശീലത്തിലുമെല്ലാം മാറ്റം വന്നുകഴിഞ്ഞും പുറത്തിറങ്ങിയ പുത്തൻ തലമുറചലച്ചിത്ര പ്രസിദ്ധീകരണങ്ങളും, അച്ചടി നിലവാരത്തിലും ഗ്ളാമർ പുറംമോടിക്കുമപ്പുറം ഉള്ളടക്കത്തിൽ ഏറെ വ്യത്യസ്തമല്ല. ഓരോ ലക്കവും മാറി മാറി താരവിലയുള്ള നടനെയോ നടിയേയോ സമൂലം അവതരിപ്പിച്ചുകൊണ്ട് പ്രചാരവും പരസ്യവും നേടിയെടുക്കുകയെന്ന വിപണനതന്ത്രമാണവയുടേത്. ഒപ്പം, വർഷാവർഷം അതതു മാധ്യമസ്ഥാപനങ്ങൾക്കു നടത്തി ലാഭത്തിലാക്കേണ്ടതായ മെഗാ താരനിശയിലേക്ക് ഈ താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കാനുള്ള പബ്ളിക് റിലേഷൻസ് സംരംഭമായും ഇവ ഉപയോഗിക്കപ്പെടുന്നു. ചിത്രഭൂമി നിർത്തി പത്രത്തിനൊപ്പമുള്ള വെള്ളിയാഴ്ച സപ്‌ളിമെന്റ് മാത്രമാക്കിയ മാതൃഭൂമി, സ്റ്റാർ ആൻഡ് സ്റ്റൈൽ എന്ന പ്രീമിയം ചലച്ചിത്ര ജീവിതശൈലീപ്രസിദ്ധീകരണമാരംഭിച്ചതും, സ്വന്തമായൊരു ചലച്ചിത്ര പ്രസിദ്ധീകരണമില്ലാത്ത മലയാള മനോരമ അവരുടെ സ്ത്രീ പ്രസിദ്ധീകരണ ത്തിലൂടെ നിർവഹിക്കുന്നതും മറ്റൊന്നല്ല. സ്ത്രീ പ്രസിദ്ധീകരണം സിനിമാ അവാർഡ് നൽകുന്നതെന്തിന് എന്ന യുക്തി ഉന്നയിക്കപ്പെടു ന്നതേയില്ല.
സിനിമാനിരൂപണങ്ങളിലൂടെയാണു ദിനപത്രങ്ങളുടെ സിനിമാ ബാന്ധവത്തിനു തുടക്കം കുറിക്കുന്നത്. ചലച്ചിത്ര പ്രസിദ്ധീകരണ ങ്ങളുടെ വായനക്കാരിൽ നിന്നു വ്യത്യസ്തമായിരുന്നു വർത്തമാന പത്രങ്ങളുടേത്. അതുകൊണ്ടുതന്നെ വർത്തമാനപത്രങ്ങൾ പ്രതിവാര സിനിമാപേജുകൾക്കു തുടക്കമിട്ടു. പരസ്യം തരുന്നതും തരാനിടയുള്ളതുമായ സിനിമകളെപ്പറ്റിയുള്ള കുറിപ്പുകൾ, ചലച്ചിത്ര പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ എന്നിവയായിരുന്നു ഉള്ളടക്കം.സ്പോർട്സും ക്രൈമും കോടതിയും കൃഷിയും പോലെ മറ്റൊരു സ്പെഷലൈസേഷൻ മാത്രമായിട്ടാണു വൃത്താന്ത പത്ര പ്രവർത്തനത്തിൽ സിനിമ കണക്കാക്കപ്പെട്ടത്. സ്വാഭാവികമായി അതിന്റെ ലേഖകർ സിനിമാപത്രപ്രവർത്തകരിൽ നിന്നു വിഭിന്നമായി നിക്ഷിപ്തതാൽപര്യങ്ങൾക്കുപരി വസ്തുനിഷ്ഠ നിലപാടുകൾ വച്ചുപുലർത്തുന്നവരായിരുന്നു. വിനോദാധിഷ്ഠിത പരിപാടികളെ മാത്രമാശ്രയിക്കുന്ന എന്റർടെയ്ൻമെന്റ് ചാനലുക ളുടെ സ്ഥാനത്ത് വാർത്താ ചാനലുകളും അത്യവശ്യം റേറ്റിങ് നേടി ശ്രദ്ധിക്കപ്പെട്ട തോടുകൂടി ദൃശ്യമാധ്യമങ്ങളിൽ അവഗണിക്കാവാത്ത ഒരു വിഭാഗ ത്തിന്റെ മുൻഗണനാപ്പട്ടികയിൽ നിന്നു സിനിമ പിന്തള്ളപ്പെട്ടതും ഇതിന് ആക്കം കൂട്ടി.
പക്ഷേ, കാലങ്ങളായി സിനിമാപത്രപ്രവർത്തകരുമായുള്ള നിരന്തരസമ്പർക്കം അനുശീലിച്ചു പോന്ന താരങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കും പ്രൊഫഷനലായി പരിശീലിച്ചു പത്ര മാധ്യമ ങ്ങളിൽ ജോലിയെടുക്കുന്ന മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ രീതിശീലങ്ങൾ അത്രവേഗം ദഹിക്കുന്നതായില്ല. അതിന്റെ പ്രതിഫലനമയാണു സമകാലിക കേരളം ഏറെ ചർച്ച ചെയ്ത നടിയുടെ പീഡനക്കേസിന്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്കു നേരെയുണ്ടായ താരങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തെ കാണേണ്ടത്.
മുഖ്യധാരാ വൃത്താന്ത മാധ്യമപ്രവർത്തകരുടെ യുക്ത്യധിഷ്ഠി തമായ ചോദ്യങ്ങൾക്കുമു ന്നിൽ താരങ്ങൾക്ക് ഉത്തരം മുട്ടിയതും അസഹിഷ്ണുക്കളായതും അതുകൊണ്ടാണ്. അതവരുടെ തത്സമയ സ്വാഭാവിക പ്രതികരണമായിരുന്നു. പതിവുപോലെ താര ക്കൂട്ടായ്മകളുടെ രസകരമായ സിനിമയിലല്ല നിമിഷങ്ങളും കൊച്ചുവർത്തമാനങ്ങളുടെ ദൃശ്യങ്ങളും പകർത്തി അവർ വച്ച ുനീട്ടുന്ന വിരുന്നുമുണ്ട് അടുത്ത ലക്കത്തിലേക്ക് ഒരു കവർ ഫീച്ച റൊപ്പിച്ചു മടങ്ങുന്ന ചലച്ചിത്രപത്ര പ്രവർത്തകരുടെ സ്ഥാനത്ത്, വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടു വാർത്താലേഖക രെത്തിയ പ്പോഴാണു താരങ്ങൾ കുഴഞ്ഞത്. കാരണം, റിപ്പോർട്ടിങി നെത്തിയവർ സിനിമാ ബീറ്റ് നോക്കുന്ന ലേഖകരായിരുന്നില്ല. സ്റ്റുഡിയോകളിലും ഡസ്‌കുകളിലുമിരിക്കുന്നവരുടെയും താൽപര്യം വേറേയായിരുന്നു.
പൊതുസമൂഹവും രാഷ്ട്രീയരംഗവും ഒരുപോലെ താരസംഘ ടനയ്ക്കെതിരേ അണിനിരക്കാനിടയായതു വാസ്തവത്തിൽ സംഘടന സംഘടിപ്പിച്ച വാർത്താസമ്മേളനത്തോടെയാണെന്നോർ ക്കുക. സംഘടനാതലപത്തുള്ള ജനപ്രതിനിധികൾ കൂടിയായ മൂന്നു മുതിർന്ന താരങ്ങൾക്കെതിരേ സ്വന്തം രാഷ്ട്രീയ കക്ഷി കളിൽപ്പെട്ട പ്രാദേശികതലം വരെയുള്ള ബഹുഭൂരിപക്ഷവും യുവജനവിഭാഗവും വിമർശനവുമായി മുന്നോട്ടു വന്നതിനു പിന്നിലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷ രാഷ്ട്രീയസാഹചര്യമായിരുന്നു. ഇതിനു പിന്നിൽ ഉത്തരവാദിത്ത ത്തോടെയുള്ള മാധ്യമജാഗ്രതയുണ്ടായിരുന്നു.
സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ പലപ്പോഴും മാധ്യമങ്ങളെ തമസ്‌കരിക്കാനോ വിലക്കാനോ ബഹിഷ്‌കരിക്കാനോ ഒക്കെയുള്ള നീക്കങ്ങളാണു നടന്നുകണ്ടിട്ടുള്ളത്. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായതിനു സമാനമായ നീക്കങ്ങളാണു സിനിമാക്കാർ മുമ്പു താരവിലക്കിന്റെ കാലത്തും ഇപ്പോൾ അനൗപചാരികമായി ചില മാധ്യമങ്ങളോടും വച്ചു പുലർത്തിപ്പോന്നത്. നവമാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്വതന്ത്ര വാർത്തിവിനിമയത്തിന്റെ വിളംബരസാധ്യതകൾ പരമാവധി ഉപയോഗിക്കുക വഴി പരമ്പരാഗത മാധ്യമങ്ങളെ തന്നെ ഒഴിവാക്കാ നാവുമെന്നാണ് അവരുടെ ധാരണ. എന്നാൽ അത്തരം മാധ്യമങ്ങളി ലൂടെയുള്ള ഒട്ടുമേ സംശോധിക്കപ്പെടാത്ത അഭിപ്രായപ്രകടന ങ്ങളിലും സ്വതന്ത്രവിനിമയങ്ങളിലും കൂടി കൂടുതൽ അബദ്ധ ങ്ങളിലേക്കു സംഘടനകൾ ചെന്നെത്തുന്നതായിട്ടാണ് കണ്ടു വരുന്നത്. മറുവശത്ത്, ദൃശ്യമാധ്യമങ്ങളുടെ അന്തിച്ചർച്ചകളിൽ ചൂടുള്ള വിഭവങ്ങളാവുക വഴി ജനകീയ വിചാരണ തന്നെ നട ക്കുന്നു. ചലച്ചിത്രാനുബന്ധ പരിപാടികളുടെ സ്ഥാനത്ത് ഹിന്ദി ചാനലുകളെ പ്പോലെ വിൽപനസാധ്യതയുള്ള മറ്റു രസക്കൂട്ടുകളും ഫോർമുല കളും പരിചയപ്പെടുത്തിയാൽ തീർക്കാവുന്ന ആശ്രിതത്വമേയുള്ളൂ ടിവിക്കു സിനിമയോടുള്ളത്. ബൗദ്ധിക വ്യായാമമേറെ ആവശ്യമുള്ള ആ പ്രയത്നത്തിനു നിൽക്കാതെ എളുപ്പവഴിക്കു പരിപാടികൾ അണിനിരത്താനുള്ള മാധ്യമ വ്യഗ്രതയാണു മലയാളടെലിവിഷന്റെ ഏറ്റവും വലിയ ദൗർബല്യ മായിത്തീരുന്നത്
പുതുതലമുറ യുവതാരങ്ങൾ പുലർത്തുന്ന മാധ്യമവിരുദ്ധ നിലപാടുകൾ ഇതിന്റെ മറുപുറമാണ്. സ്വന്തം സിനിമയുടെ റിലീസി നോടനുബന്ധിച്ച്, തങ്ങൾക്ക് ആവശ്യമുള്ളപ്പോഴല്ലാതെ, മാധ്യമങ്ങ ൾക്കു നിന്നു കൊടുക്കുകയോ ചിത്രമെടുക്കാനോ സംസാരിക്കാ നോ പോലും തയാറാവുകയോ ചെയ്യാത്ത ന്യൂ ജനറേഷൻ നിഷേധാ ത്മകത സത്യത്തിൽ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ സാധ്യത കളാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിലകുറഞ്ഞ ഊഹാ പോഹങ്ങളിൽ ഒതുക്കപ്പെടുകയാണവർ. മറിച്ചു ഗൗരവമുള്ള ഒരു സംവാദം, സംഭാഷണം പൊതുസമൂഹവുമായോ ആരാധ കരുമായോ ഉത്തരവാദിത്തമുള്ള മാധ്യമങ്ങളിലൂടെ അവർക്കു സാധ്യ മാവുന്നില്ല. മറിച്ചു സിനിമയുടെ റിലീസിനോടടുപ്പിച്ച ആൾക്കൂട്ട ചർച്ചകളിലോ അഭിമുഖങ്ങളിലോ ആവട്ടെ, പ്രസ്തുത സിനിമയെപ്പറ്റിയല്ലാതെ യാതൊന്നും പ്രസിദ്ധീകൃതമാവുന്നുമില്ല.
ഏതായാലും ഈ മാധ്യമ-താര പോരാട്ടം കൊണ്ടു കേരളത്തിൽ സംഭവിച്ച രണ്ടുമൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് താരപ്രഭാവം എന്നത് സാമൂഹികവിചാരണയ്ക്കും വിമർശനത്തിനുമുള്ള ഒരു പ്രതിരോധപരിചയാണെന്ന ബോധത്തിനുണ്ടായ തിരിച്ചടിയാണ്.താരചെയ്തികൾ ചോദ്യം ചെയ്യപ്പെടാമെന്ന അവസ്ഥയുണ്ടായി. മറ്റൊന്ന്, വിമർശിച്ചാൽ പരസ്യം നിഷേധിച്ചുകൊണ്ടുള്ള ചലച്ചിത്രമേഖലയുടെ സമ്മർദ്ദങ്ങളെ അതിലംഘിച്ചുകൊണ്ട്, ആ പരസ്യവരുമാനം വേണ്ടെന്നു വച്ച്, സമൂഹമാധ്യമങ്ങൾക്കു സമാനമായി സ്വതന്ത്രവും നിഷ്പക്ഷവും രൂക്ഷവുമായ വിമർശനങ്ങൾക്ക് സിനിമകളെ വിധേയമാക്കാൻ ചിത്രഭൂമി സപ്‌ളിമെന്റിനെ അർത്ഥപൂർവം വിനിയോഗിക്കാൻ മാതൃഭൂമി പോലൊരു മാധ്യമസാമ്രാജ്യം ധൈര്യപ്പെട്ടുവെന്നതാണ്.മൂലധന-വിപണി-വാണിജ്യ ബന്ധം അറ്റുപോകുന്നിടത്താണ് നിഷ്പക്ഷത ഉടലെടുക്കുക. എന്നാൽ എത്രകാലം ഈ നിഷ്പക്ഷത നിലനിർത്താൻ മാതൃഭൂമി തയാറാകും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. മറിച്ച് സിനിമാക്കാരെ വരുതിയിലാക്കാനുള്ള മറുസമ്മർദ്ദമായി ഖണ്ഡനവിമർശനം മാറിയാൽ ചോദ്യം ചെയ്യപ്പെടുക മാധ്യമവിശ്വാസ്യതയാണു താനും.
ടിവിയെ തങ്ങളുടെ അനുബന്ധമായി കണക്കാക്കുയും അതിലൂടെ കിട്ടുന്ന അവസരങ്ങൾ തങ്ങളുടെ സാഹോദര്യത്തിന്റെ കൂടി പ്രതിഫലനമായും കണക്കുന്നവരാണ് അന്യഭാഷാ താരങ്ങൾ. അതുകൊണ്ടാണ് ജീന ഇസ് കാ നാം ഹെ, കപിൽ ശർമ ഷോ പോലുള്ള മെഗാ പ്രതിവാര പരിപാടികൾ താരപ്രഭാവത്തോടെ ഹിന്ദി ചാനലുകളിൽ സുസാധ്യമാവുന്നത്. ഷാരൂഖ് ഖാനും ആമിർ ഖാനുമടങ്ങുന്ന താരരാജാക്കന്മാർ ആകാംക്ഷയോടെ വീണ്ടും വീണ്ടും പങ്കെടുക്കാനാഗ്രഹിക്കുന്ന പരിപാടിയാണു കപിൽ ശർമ്മ ഷോയെന്നോർക്കുക. തന്താങ്ങളുടെ തൊഴിലിൽ ആത്മവിശ്വാസം പുലർത്തുകയും പരസ്പരം മറ്റുള്ളവരുടെ തൊഴിലിനെ ബഹുമാനി ക്കുകയും ചെയ്യുന്നതുകൊണ്ടാണ് അമിതാഭ് ബച്ചനെയും ജാക്കി ചാനെയും പോലുള്ള ഉലകനായകന്മാർക്കു സ്വന്തം താര പ്രഭാവ മുയർത്തിപ്പിടിക്കാനും സ്വന്തം തൊഴിൽമേഖലയുടെ പ്രചാരണ നേട്ടങ്ങൾക്കുമായി ഇതര മാധ്യമങ്ങളെ ഫലപ്രദമായി ഉപയോ ഗിക്കാനാവുന്നത്. കേരളത്തിലെ താരസൂര്യന്മാർക്ക് ഇല്ലാതെ പോകുന്നതും ഒരു പക്ഷേ ഈ വകതിരിവാണ്‌

Leave a Reply

Your email address will not be published. Required fields are marked *