കേരളത്തില്‍ തിരുവനന്തപുരത്ത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 29 ശാഖകള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും എന്‍ക്യാഷ് ചെയ്യാനുമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നവംബര്‍ 9 മുതല്‍ 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് അനുമതി നല്‍കും. രാഷ്ട്രീയ ഫണ്ടിംഗുകളില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്ന ധന സംഭാവനകളെയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്നു പറയുന്നത്. ഇതു വഴി ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും എന്‍ക്യാഷ് ചെയ്യാനും എസ്ബിഐയെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് ലിസ്റ്റിലുള്ളത്.
ഇഷ്യൂ ചെയ്ത തീയതി മുതല്‍ 15 ദിവസത്തേക്ക് ഉപയോഗിക്കാനാകുന്നതാകും ഇലക്ടറല്‍ ബോണ്ടുകള്‍. എന്നാല്‍ കാലാവധി അവസാനിച്ചതിനു ശേഷം ഇലക്ടറല്‍ ബോണ്ട് നിക്ഷേപിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പണം നല്‍കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. യോഗ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഇലക്ടറല്‍ ബോണ്ട് അതേ ദിവസം തന്നെ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി, ചണ്ഡിഗഡ്, ഷിംല, ശ്രീനഗര്‍, ഡെറാഡൂണ്‍, ഗാന്ധിനഗര്‍, ഭോപ്പാല്‍, ചണ്ഡിഗഡ്, ജയ്പൂര്‍, മുംബൈ, നോര്‍ത്ത് ഗോവ, ലക്‌നൗ, ഖുര്‍ദ, പട്‌ന, റാഞ്ചി, ഗാംഗ്‌ടോക്ക്, ഇറ്റാനഗര്‍, കൊഹിമ, ഗുവാഹത്തി, ഇംഫാല്‍, ഷില്ലോംഗ്, ഐസ്വാള്‍, അഗര്‍ത്തല, വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ എസ്ബിഐ ശാഖകള്‍ക്കാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
2018 ലാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സ്‌കീം വിജ്ഞാപനം ചെയ്തത്. വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യന്‍ പൗരനായ അല്ലെങ്കില്‍ ഇന്ത്യയില്‍ വളര്‍ന്ന ഒരു വ്യക്തിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഒരു വ്യക്തിക്ക് ഒറ്റക്കോ മറ്റ് വ്യക്തികളുമായി കൂടിയോ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു.

