ഇലക്ട്രിക് കാര്‍ നിര്‍മാണം; തമിഴ്‌നാട്ടില്‍കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ഒല

BUSSINESS


പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല തമിഴ്‌നാട്ടില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാരും ഒലയും ഒപ്പുവച്ചിട്ടുണ്ട്. 2024 ഓടെ നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഒലയുടെ നീക്കം. കൃഷ്ണഗിരി ജില്ലയില്‍ 20 ജിഗാ വാട്ട് ബാറ്ററി നിര്‍മ്മാണ യൂണിറ്റാണ് കമ്പനി ആരംഭിക്കുക. നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒല ഇലക്ട്രിക് മൊബിലിറ്റി പദ്ധതിക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് സര്‍ക്കാരുമായുള്ള സഹകരണം.
ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ 7,614 കോടി രൂപയാണ് ഒല നിക്ഷേപിക്കുക. മൊത്തം നിക്ഷേപത്തില്‍ ഏകദേശം 5,114 കോടി രൂപ സെല്‍ നിര്‍മ്മാണ പ്ലാന്റിലേക്കും, ബാക്കി 2,500 കോടി രൂപ ഫോര്‍ വീലര്‍ നിര്‍മ്മാണ യൂണിറ്റിലേക്കുളള ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
പ്രതിവര്‍ഷം 1,40,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുക. ഈ പ്ലാന്റില്‍ നിന്നും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന കാറുകളാണ് ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പുതിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതോടുകൂടി, ഏകദേശം 3,111 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിക്കും. ഇതോടെ, ടൂ വീലര്‍, കാര്‍, ലിഥിയം സെല്‍ ഗിഗാ ഫാക്ടറികള്‍ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബായി തമിഴ്‌നാട് മാറും.

Leave a Reply

Your email address will not be published. Required fields are marked *