ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ പീരുമേട് താലൂക്കിന്റെ പരാതി പരിഹാര അദാലത്തും കുടുംബസംഗമവും സംഘടിപ്പിച്ചു. പീരുമേട് മരിയഗിരി കുടുംബ സംഗമം ആഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ 30ലധികം സർക്കാർ വകുപ്പുകൾ പങ്കെടുത്തു. അദാലത്തിൽ ലഭിച്ച 254 അപേക്ഷകളിൽ 109 അപേക്ഷകൾ തത്സമയം തീർപ്പാക്കി. പൊതുജനങ്ങളുടെ പരാതികൾ ജില്ലാ കളക്ടർ, സബ് കളക്ടർ, എ.ഡി.എം, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എന്നിവർ നേരിട്ട് കേട്ട് പരിഹരിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ സാധിക്കാത്തത് അതാത് വകുപ്പുകൾക്ക് കൈമാറി നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
2019 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പെരിയാർ വില്ലേജിൽ പ്ലാമൂട്ടിൽ വീട്ടിൽ പൊന്നമ്മയ്ക്ക് സാങ്കേതിക തടസ്സങ്ങൾ മൂലം നൽകുവാൻ കഴിയാതിരുന്ന വീട് വയ്ക്കുവാൻ സ്ഥലം വാങ്ങുന്നതിനായുളള 6 ലക്ഷം രൂപ ജില്ലാ കളക്ടർ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു നൽകി. കൂടാതെ സാങ്കേതിക പ്രശ്നങ്ങളാലും നിയമപരമായ തടസ്സങ്ങളാലും 43 വർഷമായി പോക്ക് വരവ് ചെയ്യാതെ ഉണ്ടായിരുന്ന പെരിയാർ വില്ലേജിൽ കണ്ണംമ്പളളിൽ വീട്ടിൽ കെ.എം.ചാക്കോയുടെ സ്ഥലം പോക്ക് വരവ് ചെയ്ത് കരം അടച്ച് അദാലത്തിൽ ജില്ലാ കളക്ടർ ഉത്തരവാകുകയും പെരിയാർ വില്ലേജ് ഓഫീസർ വേദിയിൽ തന്നെ കരം സ്വീകരിച്ച് രസീത് കൈമാറുകയും ചെയ്തു.
2021 ഒക്ടോബർ മാസത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച് കൊക്കയാർ, പെരുവന്താനം വില്ലേജിൽപ്പെട്ട 5പേർക്ക് 149050/-രൂപ വീതം അനുവദിച്ച ഉത്തരവ് കക്ഷികൾക്ക് ജില്ലാ കളക്ടർ കൈമാറി. ജില്ലാ സാമൂഹിക നീതി വകുപ്പിൽ നിന്നും 8 പേർക്ക് ഗ്ലൂക്കോമീറ്റർ ഇടുക്കി ജില്ലാ കളക്ടർ അദാലത്തിൽ വിതരണം ചെയ്തു.
എ ഡി എം ഷൈജു പി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അരുൺ എസ്.നായർ , ഡപ്യൂട്ടി കളക്ടർ മനോജ്, തഹസിൽദാർ പി എസ് സുനിൽകുമാർ, ഷാജി ജോസ് എന്നിവർ സംസാരിച്ചു.
