എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്.
മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം.സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂർ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേർത്ത് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ സംഘം കേസ് അന്വേഷിക്കുന്നത്.സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
