കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി വിദ്യാര്‍ത്ഥി പ്രവേശന അനുപാതം 43.2 ശതമാനമായി. ഇത് 75% ത്തില്‍ എത്തിക്കാനാണ് ശ്രമം. ശാസ്ത്രസാങ്കേതിക എന്‍ജിനീയറിങ് മെഡിക്കല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൂതന വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. മെഡിക്കല്‍, നിയമവിദ്യാര്‍ത്ഥികളുടേതിന് സമാനമായി എല്ലാ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര, സാങ്കേതിക രംഗത്തെ മുന്നേറ്റത്തിനായി ഗവേഷണത്തിനും വികസനത്തിനുമായി 3500 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം വികസിപ്പിക്കാനായി മെഡിക്കല്‍ ടെക്‌നോളജി ഇന്നവേഷന്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി 10 കോടിയും ഐ ടി മേഖലയ്ക്കായി 559 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഉത്പാദനോന്മുഖമായി കേരളത്തെ മാറ്റുന്നതിനൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉറപ്പാക്കും. അതിനായി വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാവരിലുമെത്തിക്കും മുഖ്യമന്ത്രി പറഞ്ഞു.

