7000 തൊഴിലാളികളെ ഡിസ്‌നി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.കമ്പനിയിലുടനീളമുള്ള 5.5 ബില്യണ്‍ ഡോളര്‍ ചിലവ് ലാഭിക്കുകയാണ് ഈ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഏകദേശം 1,90,000 ജീവനക്കാര്‍ ഡിസ്‌നിയിലുണ്ട്.
പുതിയ സിഇഒ റോബര്‍ട്ട് ഇഗര്‍ ചുമതലയേറ്റ ഉടന്‍ തന്നെ ഡിസ്നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി തുടങ്ങിയതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ യുഎസിലും കാനഡയിലും അടുത്തിടെ 200,000 വരിക്കാരെ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി. ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള അന്താരാഷ്ട്ര തലത്തിലെ സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം അംഗങ്ങളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം പിരിച്ചുവിടല്‍ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.
2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഡിസ്‌നി പ്ലസ് ലാഭത്തില്‍ എത്തുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിസ്നി എന്റര്‍ടൈന്‍മെന്റ്, ഇഎസ്പിഎന്‍ ഡിവിഷന്‍, പാര്‍ക്കുകള്‍, എക്സ്പീരിയന്‍സ് ആന്‍ഡ് പ്രൊഡക്ട്സ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളായി കമ്പനി പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

