ഡോ. എൻ ജയരാജ് (ഗവ. ചീഫ് വിപ്പ്)
2023-24 ലെ സംസ്ഥാന ബഡ്ജറ്റ് രണ്ടാം തലമുറയുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട വർത്തമാനകാല സാഹചര്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പരിമിതികളും വെല്ലുവിളികളും ഏറെ ഉണ്ടായിട്ടുകൂടി അതൊന്നും വികസന-ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് ഈ ബഡ്ജറ്റ് പുലർത്തിയത്.
ഫെഡറലിസം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജി.എസ്.ടി. നടപ്പിലാക്കിയതു മുതൽ സംസ്ഥാനങ്ങൾക്ക് നികുതി നിർണ്ണയത്തിലുണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇല്ലാതായി. ജി.എസ്.ടി. നഷ്ടപരിഹാരംകൂടി നിർത്തലാക്കിയതോടെ ഖജനാവിന് വലിയ ചോർച്ചയുണ്ടായി. നോട്ടുനിരോധനം മുതൽ അടുത്തിടെ നടപ്പിലാക്കിയ വായ്പാ നിയന്ത്രണമുൾപ്പെടെ നിരവധി വെല്ലുവിളികളാണ് ഇതോടൊപ്പം കേരളം അഭിമുഖീകരിക്കേണ്ടി വന്നത്. കോവിഡും പ്രളയവുമുണ്ടാക്കിയ സാമ്പത്തികമാന്ദ്യവും പ്രവാസികളുടെ തിരിച്ചുവരവുമൂലം റെമിറ്റൻസിലുണ്ടായ കുറവും സംസ്ഥാനത്തിന്റെ വരുമാനം കുറയാൻ കാരണമായി. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് അധിക വിഭവ സമാഹരണം കൂടിയേതീരൂ. ഈ പശ്ചാത്തലത്തിൽ മാത്രമെ ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ഈ ബഡ്ജറ്റിനെ വിലയിരുത്താനാകൂ.

മുന്നേറുന്ന സമ്പദ്‌വ്യവസ്ഥ
പ്രതിസന്ധികളെ അതിജീവിച്ച് സമ്പദ് വ്യവസ്ഥയുടെ വളർച്ച തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നാണ് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-22 ൽ ആഭ്യന്തരോത്പാദനം 9.07 ലക്ഷം കോടി രൂപയാണ്(ജി.എസ്.ഡി.പി- സ്ഥിരവിലയിൽ).
ഇത് 12.01 ശതമാനം വളർച്ചയാണെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തുവിട്ട സാമ്പത്തിക റിവ്യൂ വ്യക്തമാക്കുന്നത്. 2020-21 കാലഘട്ടത്തിലെ നെഗറ്റീവ് വളർച്ചയിൽനിന്നാണ് (7.71 ലക്ഷം കോടി രൂപ) ഈ നേട്ടമെന്നത് എടുത്തുപറയേണ്ട ഒന്നാണ്. 2022-23 ലെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം ജി.എസ്.ഡി.പി. 10.18 ലക്ഷം കോടി രൂപയായും 2023-24 ബഡ്ജറ്റ് എസ്റ്റിമേറ്റ്
പ്രകാരം 11.32 ലക്ഷം കോടി രൂപയായും ഉയരും. ഇതൊരു ശുഭസൂചനയാണ് നൽകുന്നത്. കോവിഡും മഹാമാരിയും സൃഷ്ടിച്ച വളർച്ചാ മുരടിപ്പിൽനിന്നും കേരളം പുറത്തുവന്നു എന്നതിന്റെ കൃത്യമായസൂചനകളാണിത്.
ധനഃസ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്
കോവിഡും പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്തിന്റെ വിഭവ സമാഹരണത്തിൽ വലിയ വിള്ളലുണ്ടാക്കുകയും ചെലവുകൾ കുത്തനെ ഉയരുകയും ചെയ്തു. ഇത് നേരിടുന്നതിന് ആവശ്യമായ
കേന്ദ്ര സഹായം ലഭിക്കാഞ്ഞതിനാൽ കടമെടുക്കാൻ സംസ്ഥാനം നിർബന്ധിതമായി.
ധനസൂചികകളെ വിലയിരുത്തുമ്പോൾ ഈ വസ്തുതകൾ മനസ്സിലുണ്ടാവണം. 2003-ലെ കേരള ധന ഉത്തരവാദിത്ത നിയമം മുന്നോട്ട് വച്ച ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ റവന്യൂ-ധന കമ്മികളും, കടം-ജി.എസ്.ഡി.പി. അനുപാതവും
കൂടൂതൽ മെച്ചപ്പെടേണ്ടതുണ്ട്. ഇതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധവുമാണ്.
ധനകമ്മി ആത്യന്തികമായി വരുതിയിലാക്കാൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലൂടെ മാത്രമെ സാധിക്കു. 2023-24 ലെ ബഡ്ജറ്റ് ധന കമ്മി 3.5 ശതമാനത്തിൽ നിജപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 2022-23 ബഡ്ജറ്റ് കണക്കാക്കിയ 3.91 ശതമാനത്തിൽനിന്നും 2022-23 ലെ പുതുക്കിയ ബഡ്ജറ്റിലേക്കെത്തുമ്പോൾ ധനകമ്മി 3.61 ശതമാനമായി കുറയ്ക്കാൻ സാധിച്ചത് നേട്ടമാണ്. 2025-26 വർഷമെത്തുമ്പോഴേയ്ക്കും സംസ്ഥാന ധനകമ്മി 3 ശതമാനമെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
2023-24 ലെ ബഡ്ജറ്റ്എസ്റ്റിമേറ്റ് പ്രകാരം റവന്യൂ കമ്മി 2.11 ശതമാനമാണ്. ഇത് 2022-23 ലെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം 1.96 ശതമാനമായിരുന്നു. 2025-26 ആകുമ്പോഴേയ്ക്കും ഇത് 1.79 ശതമാനത്തിൽ നിജപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
2023-24 ലെ ബഡ്ജറ്റ്പ്രകാരം കടവും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 36.05 ശതമാനമാണ്. ഇത് നടപ്പുവർഷത്തെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം 36.38 ശതമാനമാണ്. 2025-26 ൽ ഇത് 34.60 ശതമാനത്തിൽ നിയന്ത്രിക്കാനാണ് ബഡ്ജറ്റ് ലക്ഷ്യമിടുന്നത്.
റവന്യൂ വരുമാനം ഉയർന്നത്
ശുഭസൂചന
2023-24 വർഷം സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,76,088 കോടി രൂപയാണ്. നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം ഇത് 1,66,719
കോടി രൂപയാണ്. റവന്യൂവരുമാനവും മറ്റ് വായ്പകളും ഉൾപ്പെടുന്നതാണിത്.
2023-24 വർഷം റവന്യൂ വരുമാനം 2022-23 ലെ പുതുക്കിയ ബഡ്ജറ്റിനെ അപേക്ഷിച്ച് 6,150 കോടി രൂപ വർദ്ധിച്ച് 1,35,418 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഗ്രാന്റ്-ഇൻ-എയിഡ് പകുതിയായി കുറഞ്ഞിട്ടും ഈ വളർച്ച നേടാനാകുന്നത് വലിയ നേട്ടമാണ്.

തനത് നികുതി വരുമാനം ഉയരുന്നത് നേട്ടം
2023-24 ലെ ബഡ്ജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനം 81039 കോടി രൂപയാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 10851 കോടി രൂപ കൂടുതലാണ്. കോവിഡ് ഉയർത്തിയ മാന്ദ്യത്തിൽനിന്നും വ്യാപാര വ്യവസായ മേഖലകൾ
കരകയറുന്നതിന്റെ സൂചനയാണിത്. തനത് വരുമാനത്തിന്റെ
സിംഹഭാഗവും ജി.എസ്.ടി.യിൽനിന്നാണ്. ഇത് ആകെ തനത് നികുതി വരുമാനത്തിന്റെ 44 ശതമാനമാണ് (35983 കോടി രൂപ), വില്പനനികുതി 35 ശതമാനം (28646 കോടി രൂപ), സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും 8 ശതമാനം (6112 കോടി രൂപ), വാഹന നികുതി 7 ശതമാനം (5858 കോടി രൂപ) ആണ്. 2023-24 ലെ ബഡ്ജറ്റ് പ്രകാരം നികുതിയേതര വരുമാനം
17089 കോടി രൂപയാണ്. മുൻവർഷത്തെ പുതുക്കിയ ബഡ്ജറ്റിനെ അപേക്ഷിച്ച് 1734 കോടി രൂപയുടെ വർദ്ധനവാണിത്. ഇതിന്റെ സിംഹഭാഗവും ലഭിക്കുന്നത് ലോട്ടറിയിൽനിന്നാണ് (12479 കോടി രൂപ).

കേന്ദ്ര നികുതിക്ക്
ആനുപാതികമായി
സംസ്ഥാനവിഹിതം വർദ്ധിക്കുന്നില്ല
2023-24 വർഷം കേന്ദ്ര നികുതി വിഹിതമായി 21425 കോടി രൂപയാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇത് മുൻവർഷത്തെ പുതുക്കിയ ബഡ്ജറ്റിനെ അപേക്ഷിച്ച് 3641 കോടി രൂപ കൂടുതലാണെങ്കിലും കേന്ദ്രത്തിന്റെ നികുതി വർദ്ധനവിന് ആനുപാതികമായ വർദ്ധനവല്ല എന്നതാണ് വാസ്തവം. 15-ാം
ധനകാര്യ കമ്മീഷന്റെ നികുതി വിഭജന ഘടന അനുസരിച്ച് കേന്ദ്ര നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്.
എന്നാൽ സെസ്സും സർച്ചാർജ്ജുകളും മൂലം ഡിവിസിബിൾ പൂളിൽ വലിയ കുറവുണ്ടാകുന്നതിനാൽ ഇത് ഫലത്തിൽ 29 ശതമാനത്തിൽ താഴെ മാത്രമെ വരുന്നുള്ളു. ഈയിനത്തിൽ 3000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും. കൂടാതെ കേരളത്തിന്റെ നികുതി വിഹിതം 1.925 ശതമാനമാക്കി കുറച്ചതുമൂലം പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് എല്ലാ വർഷവും കേരളത്തിന് ഉണ്ടാകുന്നത്.
കേന്ദ്ര ഗ്രാന്റ്-ഇൻ-എയിഡുകൾ
പകുതിയാക്കി
2023-24 ൽ കേന്ദ്ര സർക്കാർ ഗ്രാന്റ്-ഇൻ-എയിഡായി 15866 കോടി രൂപയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. നടപ്പു വർഷത്തെ
ബഡ്ജറ്റ് പ്രകാരമുണ്ടായിരുന്ന 30,510
കോടി രൂപയാണ് ഇത്രകണ്ട് കുറഞ്ഞത്. 14,644 കോടി രൂപയുടെ വലിയ കുറവാണ്
ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതായതുമൂലമുള്ള 5200 കോടി രൂപയുടെ കുറവും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിലുണ്ടാകുന്ന 8400 കോടി രൂപയുടെ കുറവുമാണ് ഈ വൻ ഇടിവിന് കാരണം.
കുത്തനെ ഉയരുന്ന റവന്യൂ ചെലവ്
വർദ്ധിച്ചുവരുന്ന റവന്യൂ ചെലവുകൾ സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2023-24 സാമ്പത്തിക വർഷം 1,59,361 കോടി രൂപയാണ് വായ്പാ തിരിച്ചടവുൾപ്പെടെയുള്ള റവന്യൂ ചെലവുകൾക്കായി പ്രതീക്ഷിക്കുന്നത്. നടപ്പുവർഷത്തെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം ഇത് 1,49,184 കോടി രൂപയാണ്. 10,177 കോടി രൂപയുടെ വർദ്ധനവാണ് ഈയിനത്തിലുണ്ടാകുന്നത്. റവന്യൂ ചെലവിന്റെ സിംഹഭാഗവും പോകുന്നത് ശമ്പളം(40042 കോടി രൂപ), പെൻഷൻ(28240 കോടി രൂപ), പലിശ തിരിച്ചടവ് (26247 കോടി രൂപ) തുടങ്ങിയ ബാധ്യതപ്പെട്ട ചെലവുകൾക്കാണ്. 2020-21 ൽ ശമ്പളവും പെൻഷനും നൽകാനായി വേണ്ടിവന്നത് 46,754 കോടി രൂപയായിരുന്നെങ്കിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ ബാധ്യതപ്പെട്ട ചെലവുകൾ 71,393 കോടി രൂപയായി ഉയർന്നു.
മൂലധന വിഹിതം വർദ്ധിപ്പിച്ചേ മതിയാകൂ
2023-24 വർഷം വായ്പാ വിതരണമൊഴികെയുള്ള മൂലധന ചെലവ് 14,606 കോടി രൂപയാണ്. ഇത് നടപ്പുവർഷത്തെ
പുതുക്കിയ ബഡ്ജറ്റിനെ അപേക്ഷിച്ച് 288 കോടി രൂപയുടെ കുറവാണ് കാണിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. സാമ്പത്തിക വളർച്ച മൂലധന നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ് അടിസ്ഥാന സാമ്പത്തികശാസ്ത്രം
നമ്മെ പഠിപ്പിക്കുന്നത്. സംസ്ഥാനം സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതുവരെ മൂലധന നിക്ഷേപം വച്ചുതാമസിപ്പിക്കാനാകില്ല. ഈ ചിന്തയിൽ നിന്നാണ് കിഫ്ബിയുടെ ഉത്ഭവം.
എന്നാൽ അടുത്തിടെ കേന്ദ്രം കൊണ്ടുവന്ന കടുത്ത വായ്പാ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകും. ഉത്പാദന മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ബദൽ മാർഗ്ഗത്തിലൂടെ മൂലധന നിക്ഷേപം ഉയർത്തുവാനുള്ള ശ്രമത്തിലാണ് കേരളം. എം.എസ്.എം.ഇ.കൾക്ക് ബഡ്ജറ്റിൽ നൽകിയ പ്രാധാന്യം ഈ ദിശയിലുള്ളതാണ്.
ജി.എസ്.ടി യിൽ ഘടനാമാറ്റം അനിവാര്യം
നികുതി നിരക്കിലെ അശാസ്ത്രീയതയും വിഹിതം വീതംവയ്പിലെ കുറവുംമൂലം ജി.എസ്.ടി.യിൽനിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല. നഷ്ടപരിഹാരം ലഭിച്ചതുകൊണ്ട് മാത്രമാണ് സംസ്ഥാനം ഇത്രയുംനാൾ പിടിച്ചുനിന്നത്. ഇത് 2022 ജൂലായിൽ അവസാനിച്ചതോടെ കാതലായ ഘടനാമാറ്റമില്ലാതെ ഒരു മുന്നോട്ടുപോക്ക് അസാധ്യമായിരിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വരുമാനം തുല്യമായി പങ്കിടുന്ന നിലവിലെ രീതിക്കുപകരം 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ലഭിക്കണം. അല്ലെങ്കിൽ ‘ഫ്‌ളെഡ്ഡ് സെസ്സ്’ മാതൃകയിൽ സംസ്ഥാനങ്ങൾക്ക് മാത്രമായി വരുമാനം ലഭിക്കുന്ന സംവിധാനങ്ങളുണ്ടാകണം. എന്നാൽ ഈ ദിശയിൽ പ്രതീക്ഷ നൽകുന്ന സമീപനമല്ല ജി.എസ്.ടി. കൗൺസിലിന്റേത്. സഹകരണ ഫെഡറലിസത്തിന്റെ ഉത്തമോദാഹരണം എന്ന് കൊട്ടിഘോഷിച്ച ജി.എസ്.ടി കൗൺസിൽ ഇന്ന് കേന്ദ്ര സർക്കാരിന്റെ ഒരു പരിച്ഛേദമായി ചുരുങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്അടുത്തിടെ മോഹിത് മിനറൽ കേസ്സിൽ സുപ്രീം കോടതിപുറപ്പെടുവിച്ച വിധി പ്രതീക്ഷ നൽകുന്നത്. ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങൾ അതേപടി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയില്ലെന്നും ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തു
മാത്രമെ തീരുമാനങ്ങൾ എടുക്കാവൂ എന്നുമാണ് വിധിയുടെ അന്തഃസത്ത.
കേരളം കട്ടപ്പുറത്തെന്ന കുപ്രചരണം
2023-24 ലെ ബഡ്ജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ കടബാദ്ധ്യത 4,18,729 കോടി രൂപയാണ്. ഇതിൽ ആഭ്യന്തര കടം 2,61,952 കോടി രൂപയും പബ്ലിക് അക്കൗണ്ട്‌സിൽനിന്നുമുള്ള വായ്പ 1,44,383 കോടി രൂപയുമാണ്. 2022-23 ലെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം കടബാദ്ധ്യത 3,78,768 കോടി രൂപയാണ്.
അസാധാരണ സാഹചര്യങ്ങൾ നേരിടാനായി മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ കടമെടുക്കാൻ കേരളവും നിർബന്ധിതരായി. പക്ഷെ ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ധനകാര്യസ്ഥിതി വിശകലനം ചെയ്തശേഷം കേന്ദ്രം അനുവദിച്ച
വായ്പാ പരിധിക്കുള്ളിൽ തന്നെയായിരുന്നു എന്നത് മറക്കരുത്. കേരളത്തേക്കാൾ ഉയർന്ന കടബാദ്ധ്യതയുള്ള നിരവധി
സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. കേന്ദ്രത്തിന്റെ കടമെടുപ്പും
ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 2023-24 വർഷം വരുമാനത്തിന്റെ 34 ശതമാനവും വായ്പകളിലൂടെയാണ് കേന്ദ്രം
കണ്ടെത്തുന്നത്. കടമെടുക്കുന്നത് മോശമാണെന്ന നിലപാട് സംസ്ഥാനത്തിനില്ല. ഇത് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായവും. പക്ഷെ വായ്പാ തിരിച്ചടവിനുള്ള പലിശ നിരക്കിനേക്കാൾ ഉയർന്ന തോതിലായിരിക്കണം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ
നിരക്ക് എന്ന നിബന്ധന പാലിക്കപ്പെടണം. ഇത്
സംസ്ഥാനം പാലിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളം കടക്കെണിയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ‘കേരളം കട്ടപ്പുറത്തല്ല’ മറിച്ച് കാലത്തോടൊപ്പം മുന്നേറുന്നു എന്നതാണ് സത്യം.
കേരളത്തിന്റെ ഇടത് ബദൽ
ശക്തമായ പൊതുവിതരണ സമ്പ്രദായം: രാജ്യം മുഴുവൻ വിലക്കയറ്റത്തിന്റെ പിടിയിലായപ്പോൾ ഇത് പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചത് ശക്തമായ പൊതുവിതരണ സംവിധാനം നിലനിൽക്കുന്നതുകൊണ്ടാണ്. 2023-24 ബഡ്ജറ്റ് 2000 കോടി രൂപയാണ് ഈയിനത്തിൽ നീക്കിവച്ചിരിക്കുന്നത്. ഭക്ഷ്യ സബ്‌സിഡി വെട്ടിക്കുറച്ചതും അരി വിഹിതം കുറച്ചതും പ്രളയ കാലത്ത് വിതരണം ചെയ്ത അരിയുടെ പണം ആവശ്യപ്പെട്ടതുമെല്ലാം സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പക്ഷെ കേരളം അതിനെയെല്ലാം അതിജീവിക്കുകയാണുണ്ടായത്.
പൊതുമേഖല സംരക്ഷിക്കൽ യജ്ഞം: പൊതുമേഖലയെ വിറ്റഴിക്കുന്ന കേന്ദ്ര നയത്തിന് ബദലാണ് കേരളം. സംസ്ഥാനത്ത് നിലവിലുള്ള 153 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുക കൂടിയാണ് സംസ്ഥാനം. 145.6 കോടി രൂപ മുടക്കിയാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുത്തത്.
ക്ഷേമ പെൻഷനുകൾ: പ്രതിമാസം 1600 രൂപ വീതം 50.66 ലക്ഷം പേർക്ക് സംസ്ഥാനം സാമൂഹ്യ ക്ഷേമപെൻഷനുകൾ നൽകുന്നു. ക്ഷേമനിധി ബോർഡുകളിലെ 11 ലക്ഷത്തോളം അംഗങ്ങളുൾപ്പെടെ മൊത്തം 62 ലക്ഷം പേർക്കാണ് സംസ്ഥാനം പെൻഷൻ നൽകുന്നത്.
പ്രധാന നികുതി നിർദ്ദേശങ്ങൾ
$മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തി 400 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ പെട്രോൾ-ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തി 750 കോടി രൂപ അധിക വിഭവ സമാഹരണം ലക്ഷ്യമിടുന്നു.
$ മൈനർ മിനറൽസിന് ഏർപ്പെടുത്തിയിട്ടുള്ള റോയൽറ്റി വിപണിയിലെ പ്രവണതകൾക്കനുസൃതമായി പരിഷ്‌കരിക്കും.
$ മൈനിംഗ് ആന്റ് ജിയോളജി മേഖലയിൽ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ 600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതിയും അനുബന്ധ ഫീസുകളും വർദ്ധിപ്പിച്ച് 1000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ അണക്കെട്ടുകളിൽനിന്നും മണൽ ഖനനം നടത്തി വരുമാനം കണ്ടെത്താൻ സമഗ്ര പദ്ധതി ആസൂത്രണം ചെയ്യും.
$ വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമായി ഉയർത്തി 200 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ 1959 ലെ കേരള കോർട്ട് ഫീസ് ആന്റ് സ്യൂട്ട് വാല്യുവേഷൻ നിയമം ഭേദഗതി ചെയ്യുന്നതുവഴി ഏകദേശം 50 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ പുതുതായി വാങ്ങുന്ന 2 ലക്ഷം വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 % വർദ്ധനവ് വരുത്തുക വഴി 92 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും സ്വകാര്യ പ്രൈവറ്റ് സർവ്വീസ് വാഹനങ്ങളുടെയും നികുതി നിരക്കിൽ വർദ്ധനവ് വരുത്തുന്നതിലൂടെ 340 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
$ മോട്ടോർ വാഹന നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനും അബ്കാരി കുടിശ്ശിക തീർപ്പാക്കുന്നതിനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കും.
$ ചരക്കുസേവന നികുതി പ്രകാരമുള്ള അപ്പീൽ ഫയൽ ചെയ്യുന്നതിന് ബാധകമായ 1% അഡീഷണൽ കോർട്ട് ഫീ പരമാവധി 20000 രൂപയെന്ന പരിധി നിശ്ചയിക്കും.
$ സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 20 % വർദ്ധിപ്പിക്കും. വിപണി മൂല്യം വർദ്ധിച്ച പ്രദേശങ്ങളിൽ ന്യായവില 30% വരെ വർദ്ധിപ്പിക്കുന്നതിനായി മാനദണ്ഡങ്ങൾ കൊണ്ടുവരും.
$ കുടിശ്ശികയുള്ള അണ്ടർവാല്യുവേഷൻ കേസ്സുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി തുടരുകയും അതോടൊപ്പം ബദൽ മാർഗ്ഗങ്ങൾ അനേ്വഷിക്കുകയും ചെയ്യും.
$ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കെട്ടിട നമ്പർ ലഭിച്ച് ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫഌറ്റുകളുടെ മുദ്രവില 5% ത്തിൽനിന്നും 7% ആക്കും.
$ ഗഹാനുകളും ഗഹാൻ ഒഴിവുകുറികളും ഫയൽ ചെയ്യുന്നതിന് 100 രൂപ നിരക്കിൽ സർവ്വീസ് ചാർജ് ഏർപ്പെടുത്തും.
$ 1932 ലെ ഇന്ത്യൻ പാർട്ട്‌നർഷിപ്പ് നിയമം, 1955 ലെ തിരുവിതാംകൂർ കൊച്ചി ശാസ്ത്ര-സാഹിത്യ-ധർമ്മ സംഘങ്ങൾ എന്നീ നിയമപ്രകാരമുള്ള ഫീസ് നിരക്കുകൾ പരിഷ്‌കരിക്കും.
പിന്നോട്ടടിച്ച കേന്ദ്ര നയങ്ങൾ
$ 15-ാം ധനകാര്യ കമ്മീഷൻ നികുതി വിഹിതം 41 ശതമാനമായി കുറച്ചതും കേരളത്തിന്റെ വിഹിതം 1.925 ശതമാനമാക്കി കുറച്ചതുംമൂലം 10000 കോടി രൂപയ്ക്ക് മുകളിൽ ഓരോ വർഷവും കുറവുണ്ടാകും.
$ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 2022-23 നെ അപേക്ഷിച്ച് 8400 കോടി രൂപ കുറയും. അടുത്തവർഷം മുതൽ അതും ഇല്ലാതാകും.
$ ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതുമൂലം നടപ്പ് സാമ്പത്തിക വർഷം 7,000 കോടി രൂപയുടെ കുറവും, 2023-24 സാമ്പത്തിക വർഷം ഏകദേശം 5200 കോടി രൂപയുടെ കുറവുമുണ്ടാകും.
$ പബ്ലിക് അക്കൗണ്ട്‌സ് കടബാധ്യതയായി കണക്കാക്കിയ
കേന്ദ്രനയം മൂലം ഒരു വർഷം ഏകദേശം 10,000 കോടി രൂപയുടെ
വായ്പാ നഷ്ടമുണ്ടാകും.
$ സെസ്സും സർച്ചാർജ്ജുകളുംമൂലം സംസ്ഥാനങ്ങൾക്കുള്ള
കേന്ദ്ര നികുതിവിഹിതം ഗണ്യമായി കുറയുന്ന അവസ്ഥയാണ്. ഇവരണ്ടും ഡിവിസിബിൾ പൂളിലായിരുന്നെങ്കിൽ 2023-24 വർഷം 6634 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമായിരുന്നു.
$ കടമെടുക്കാവുന്ന പരിധി മൊത്തം സംസ്ഥാന ആഭ്യന്തരോത്പാദനത്തിന്റെ 4 ശതമാനമാക്കി ഉയർത്തണമെന്ന ആവശ്യം
പരിഗണിച്ചില്ല.
$ കിഫ്ബി, സാമൂഹ്യസുരക്ഷാ പെൻഷൻ ബോർഡ് എന്നിവ
മുഖേന എടുത്ത വായ്പകൾ സംസ്ഥാനത്തന്റെ മൊത്തം കടത്തിലുൾപ്പെടുത്തിയതുമൂലം ഈ വർഷംമാത്രം 3100 കോടി രൂപ
കടമെടുപ്പിൽ കുറവുണ്ടാകും.
$ വിപണിയിൽ നിന്നുള്ള കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതു
മൂലം 4000 കോടി രൂപയുടെ കുറവാണുണ്ടായത്.
$ നാഷണൽ ഹൈവേ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ 25% സംസ്ഥാനം വഹിക്കണമെന്ന നിബന്ധനമൂലം 5580 കോടി രൂപ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ചെലവാക്കേണ്ടിവന്നു.
$ കേന്ദ്രപദ്ധതികളിൽ സംസ്ഥാനം അവഗണിക്കപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഘടനാമാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം ഉയർത്തി.
