1994-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കൊളറാഡോയിലുള്ള ഫ്‌ളോറൻസിൽ 60 മില്യൻ ഡോളർ മുടക്കി 37 ഏക്കർ സ്ഥലത്ത് 490 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഒരു വലിയ കെട്ടിടം നിർമ്മിക്കപ്പെട്ടു. ഇപ്പോൾ ഇവിടെ അന്തേവാസികളായി 404 പേരുണ്ട്. സ്റ്റാഫുകളുടെ എണ്ണം 47. ഓരോ ചെറിയ മുറിയിലും ഒരു ചെറിയ മേശ, സ്റ്റൂൾ, ഒരു കിടക്ക, ടോയ്‌ലറ്റ്, ഷവർ, ഒരു ലൈറ്റ്, ഒരു റേഡിയോ, ചിലപ്പോൾ ഒരു ടെലിവിഷൻ തുടങ്ങിയവ. ആഹാരം ഓരോരുത്തർക്കും മുറിയിൽ നൽകപ്പെടും. റിമോട്ട് കൺട്രോളർ കൊണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സ്റ്റീൽ വാതിലുകൾ. വൃത്തിയുള്ള നരകമെന്ന് ഇവിടം അറിയപ്പെടുന്നു. ഇത്രയും വിവരിച്ചതിൽ നിന്ന് ഇതൊരു സ്റ്റാർഹോട്ടലാണെന്ന് കരുതിയോ? എങ്കിൽ തെറ്റി. ഇതാണ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പെനിറ്റെൻഷ്യറി അഡ്മിനിസ്‌ട്രേറ്റീവ് മാക്‌സിമം അഥവാ എഡിഎക്‌സ്. ലോകത്തിലെ ഏറ്റവും മോശമായ പത്തു ജയിലുകളിലൊന്ന്. വളരെ അപകടകാരികളും അക്രമസ്വഭാവമുള്ളവരുമായ കുറ്റവാളികളെ പാർപ്പിക്കുന്ന സ്ഥലം. വേറെയും പ്രത്യേകതകളുണ്ട് ഈ സൂപ്പർമാക്‌സ് ജയിലുകൾക്ക്. ഇതുവരെ ഒരു കുറ്റവാളി പോലും ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഓരോ കുറ്റവാളികളെയും ഒറ്റയ്ക്ക് ഓരോ മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തിന്റെ 23 മണിക്കൂറും അവർ ഇതിനകത്തായിരിക്കും. ഒരു മണിക്കൂർ വായുസഞ്ചാരമുള്ള മറ്റൊരു ഹാളിലേക്ക് കൊണ്ടുപോകും. വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച കുറ്റവാളികൾ ഇവിടെയുണ്ട്.

