വിഭജിക്കപ്പെട്ട പ്രഭാതത്തിൽനിന്ന് കരുത്താർജിച്ച 75 വർഷങ്ങൾ

India Politics


ജോഷി ജോർജ്


സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാൻ ശ്രമിക്കുകയാണിവിടെ. ജനാധിപത്യത്തോടും വികസനത്തോടും കൂറു പ്രഖ്യാപിച്ച സ്വതന്ത്ര്യസമരഭടന്മാർതന്നെ മുന്നണിയിൽ നിന്ന് വാർത്തെടുത്ത രാഷ്ട്രമായി ഇന്ത്യ. സ്വതന്ത്ര്യ ഇന്ത്യയുടെ 75-ാം വാർഷികവേളയിൽ നമ്മുടെ
ചരിത്രത്തെ നിശിതവും വ്യത്യസ്തവുമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമമാണിവിടെ.

സ്വാതന്ത്ര്യാനന്തരകാലഘട്ടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ, കൊടുംക്രൂരതകൾ, ഭാഷയേയും ജാതിയേയും ചൊല്ലിയുള്ള കലാപങ്ങൾ, സാമ്പത്തികമായ കർക്കശനിയന്ത്രണങ്ങൾ — ഇതിനെല്ലാമിടയിൽനിന്നാണ് ഇന്ത്യ വളർച്ച കൈവരിച്ചത്. പിന്നീട് ഉദാരവൽക്കരണത്തിന്റെ കാലമായെങ്കിൽ അതും കഴിഞ്ഞുള്ള കാലം സഖ്യകക്ഷി രാഷ്ട്രീയത്തിൻ്റെതായി. വീണ്ടും ഏകകക്ഷിഭരണത്തിലേക്ക് വരുമോ..? അങ്ങിനെ സംഭവിച്ചാൽ ഇന്ത്യയുടെ ഭാവി എങ്ങിനെ യായിരിക്കും? എങ്ങിനെ ആയിരിക്കണം. ഇങ്ങനെയുള്ള ഗൗരവമേറിയ ചർച്ചകളൊക്കെ നടക്കേണ്ടതാണ്.
ഇക്കണ്ട കാലമത്രയും ഇന്ത്യ വിജയത്തിൻ്റെ മന്ത്രവുമായി മുന്നോട്ടുപോയി. കടുത്ത വെല്ലുവിളിയുണ്ടായിട്ടും ജനാധിപത്യ ഇന്ത്യയുടെ അടിവേരുകൾ സ്പർശിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. കേരളീയസമൂഹത്തിലും ആഴമുള്ള വേരുകൾ സൃഷ്ടിച്ച വർഷങ്ങളായിരുന്നു അവ. സർ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂർവാദവും അമേരിക്കൻ മോഡലും തള്ളിക്കളഞ്ഞുകൊണ്ടാണ് തിരുവിതാംകൂറിലും കൊച്ചിയിലും സ്വതന്ത്ര മന്ത്രിസഭകൾ രൂപംകൊള്ളുന്നത്. മലബാറാകട്ടെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. 1956-ഓടെയാണ് ഐക്യകേരളം എന്ന ഇന്നത്തെ കേരളത്തിന്റെ രൂപീകരണം. ചരിത്രം സൃഷ്ടിച്ച ദശകങ്ങളായിരുന്നു പിന്നീടെല്ലാം.
1933 ചൗധരി റഹ്മത്ത് അലി പാകിസ്ഥാൻ എന്ന പേര് സൃഷ്ടിച്ചു. 1940 മുസ്ലീം ലീഗ് പാകിസ്ഥാൻ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാഹോർ പ്രമേയം പാസാക്കി.
1947 ഇന്ത്യ സ്വതന്ത്ര്യയായി. എന്നാൽ വിഭജിക്കപ്പെട്ടു. 1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ തന്നെ ഭരണഘടനാനിർമ്മാണസഭയിൽനിന്നുകൊണ്ട് തൻ്റെ കാവ്യാത്മകമായ ഭാഷയിൽ നെഹ്‌റു ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ‘വളരെ വർഷങ്ങൾക്കു മുമ്പ് നാം വിധിയുമായൊരു സമാഗമം കുറിച്ചു. നാം ആ വാക്കുപാലിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.’ കോളനിവാഴ്ചയുടെ നീണ്ട കാളരാത്രികൾക്കുശേഷം വന്ന സ്വാതന്ത്ര്യപ്പുലരി പക്ഷേ ചോര ചിന്തിയതായിരുന്നു. സ്വാതന്ത്ര്യം എന്നാൽ രാഷ്ട്രത്തിന്റെ വിഭജനം എന്നായി അർത്ഥം. ഭൂപ്രദേശം മാത്രമല്ല മനുഷ്യന്റെ മനസ്സും കീറിമുറിക്കപ്പെട്ടു. ഈ വിദ്വേഷം പിന്നീട് പല രൂപത്തിലും ഇന്ത്യയിൽ ആവർത്തിക്കപ്പെട്ടു. വിഭജനം സൃഷ്ടിച്ച മനസ്സിലെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണിത്.
1950 വരെ ഉത്തർപ്രദേശിൽനിന്നും ദിനംതോറും ആയിരക്കണക്കിന് മുസ്ലീങ്ങൾ തീവണ്ടികളിൽ പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ആശയങ്ങളിലൊന്നാണ് 1948 ജനുവരി-30ന് വൈകുന്നേരം 5.30ന് കൊലചെയ്യപ്പെട്ടത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധി. പ്രതിഷേധരൂപങ്ങളെക്കറിച്ചുള്ള ലോകത്തിന്റെ ധാരണകളെ മാറ്റിമറിച്ച മഹാത്മാവ്. ഡൽഹിയിൽ ബിർല മന്ദിരത്തിലെ തോട്ടത്തിലേക്ക് വൈകുന്നേരത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാനായി നടന്നുവരികയായിരുന്നു. അവിടെ കൂടിയിരുന്ന മുന്നൂറോളം ആളുകളിൽ ഒരാൾ നാഥുറാം വിനായക് ഗോഡ്‌സേ എന്ന ആർ എസ് എസ് കാരൻ ആയിരുന്നു. ഗാന്ധിജിയുടെ സമീപത്തേക്കു ചെന്ന് അദ്ദേഹത്തിന്റെ നെഞ്ചിനുനേരെ തന്റെ 9 എം എം കൈത്തോക്കുകൊണ്ട് അയാൾ നിറയൊഴിച്ചു. ‘വിഭജനത്തിന്റെ സ്രഷ്ടാവി’നെ ഗോഡ്‌സെ തന്റേതായ രീതിയിൽ അഭിവാദ്യം ചെയ്യുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു അത്. രാഷ്ട്രീയക്കാരിലെ നിഷ്‌കാമ കർമ്മയോഗിയും അക്രമരാഹിത്യത്തിന്റെ പ്രവാചകനുമായ ഒരു മഹാത്മാവിന്റെ അന്ത്യം.
എന്നാൽ ദുരന്തം അവിടെ അവസാനിക്കുന്നില്ല. പിൽക്കാലത്ത് ഗാന്ധിസത്തിന്റെ പ്രതിപുരുഷന്മാരായി മാറിയവർ രാഷ്ട്രപിതാവിനെ വീണ്ടും വീണ്ടും കൊലചെയ്യുകയായിരുന്നു. അക്രമവും വർഗീയവികാരവും രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു.
റിപ്പബ്ലിക്കിന്റെ ജനനം
1950 സ്വാതന്ത്ര്യദിനത്തിൽ ജവഹർലാൽ നെഹ്‌റു ചെയ്ത പ്രസംഗത്തോളംതന്നെ വികാരോദ്ദീപകമായിരുന്നു മൂന്നു വർഷത്തിനുശേഷം 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായി മാറിയ വേളയിൽ ഡോ. രാജേന്ദ്ര പ്രസാദ് നടത്തിയ പ്രസംഗവും. ‘ആത്മവിശ്വാസത്തോ’്വയും സത്യസന്ധമായും സമാധാനത്തോടേയും നമുക്കീ സ്വതന്ത്രറിപ്പബ്ലിക്കിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള തുടക്കം കുറിക്കാം…’ ഇന്ത്യൻ ഭരണഘടനയോ സ്വതന്ത്ര ജനാധിപത്യറിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക മുദ്രയാക്കി മാറ്റുന്ന രേഖയിൽ ഒപ്പുവയ്ക്കവെ അദ്ദേഹം പറഞ്ഞു, ഇന്നത്തെ രാഷ്ട്രപതി ഭവനായ ഗവൺമെന്റ് ഹൗസിലെ ദർബാർ ഹാളിൽ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. പുതിയ ഭരണഘടനയിൽ വിവക്ഷിച്ചിരുന്ന മൂല്യങ്ങളിലും പ്രതിജ്ഞകളിലും പോയ കാലങ്ങളിൽ വെള്ളം ചേർത്തിരിക്കാം. എന്നാൽ ഒരു വഴിത്തിരിവിന്റെ നിമിഷമായി മാറുന്ന, വർഷംതോറും നടന്നുവരുന്ന ജനുവരി 26-ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് അത് വഴിവെച്ചു. നാഷണൽ സ്റ്റേഡിയത്തിൽ നിന്ന് പിന്നീട് വേദി മാറ്റിയെങ്കിലും ഇന്നും പരേഡ് ദേശീയാഭിമാനത്തിൻ്റെ പ്രതീകമായി, നാടിന്റെ വൈവിധ്യം പ്രദർശിപ്പിക്കാനുള്ള വേദിയായി മാറുകയും ചെയ്യുന്നു.
രാജഭരണത്തിന്റെ അസ്തമയം
1950 അവരുടെ ആഡംബരവും ആഭിജാത്യവും അനുപമമായിരുന്നു. അവരുടെ സ്വത്തും നടപടികളും ചരിത്രമാവുകയായിരുന്നു. ആഡംബര കൊട്ടാരങ്ങളും ആഭരണശേഖരങ്ങളും കൂറ്റൻ ദർബാറുകളും ആഡംബരകാറുകളുടെ നിരയുമൊക്കെ ‘മഹാരാജ’വിനെ ധൂർത്തമായ ആഥിദേയത്വത്തിന്റേയും പ്രത്യേകം അവകാശപ്പെട്ട ജീവിതരീതികളുടേയും പ്രതീകമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള വർഷങ്ങളിൽ സമ്പന്നമായ സംസ്ഥാനങ്ങളിൽനിന്നുള്ള രാജാക്കന്മാർ അന്താരാഷ്ട്രനിരയുടെ ഭാഗമായി മാറുകയും യൂറോപ്യൻ രാജപരമ്പരകളുമായി തോളുരുമ്മി നിൽക്കുകയും ചെയ്തു. ഹൈദരാബാദിലെ നൈസാമിനെപ്പോലുള്ളവർ അമൂല്യമായ വജ്രങ്ങൾ ഉപയോഗിച്ചു. 1971-ൽ സോഷ്യലിസത്തിന്റെ മുഖാവരണം എടുത്തണിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ ഈ അസൂയാവഹമായ ജീവിതത്തിന് അന്ത്യം കുറിച്ചു. ഇന്ത്യയിലെ ഓരോ രാജ്യങ്ങൾ ഭരിച്ചിരുന്നവർക്ക് നൽകിപ്പോന്ന ധനസഹായമായ പ്രിവി പേഴ്‌സ് അവർ നിർത്തലാക്കി. പെട്ടെന്നുണ്ടായ ഈ മാറ്റം ഏറെ ദുരന്തജനകമായി. അവർ മിക്കവരും രാഷ്ടീയത്തിൽ ചേർന്നു. മറ്റുള്ളവർ തങ്ങളുടെ കൊട്ടാരങ്ങൾ ഹോട്ടലുകളാക്കി മാറ്റി ആഡംബരജീവിതം തുടർന്നു. ഇന്ന് അവരുടെ ഭൂതകാലം പുനസൃഷ്ടിക്കുന്നത് ഒരു മുഖ്യവിനോദസഞ്ചാര ആകർഷണമായിരിക്കുന്നു. രാജകീയത ഇന്നും മരിക്കാതെ നിലനിൽക്കുന്നു എന്ന് ചുരുക്കം.
പഞ്ചവത്സരപദ്ധതികൾ
ഇന്ത്യ റിപ്പബ്ലിക്കായി രണ്ടു മാസത്തിനുള്ളിൽ ത്തന്നെ ഭാവി ഇന്ത്യയെ കരുപ്പിടിപ്പിക്കാൻവേണ്ട മാർഗരേഖ തയ്യാറാക്കാൻ ആസൂത്രണക്കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കാലാവധി 5 വർഷം. എന്നാൽ ആദ്യപഞ്ചവത്സരപദ്ധതിയൊഴികെ എല്ലാത്തിലും കൈവിട്ടുപോയ ലക്ഷ്യങ്ങളായിരുന്നു ഏറെയും. എന്നിട്ടും ആസൂത്രണത്തിന്റെ രീതി മാറിയില്ല. ഇന്ത്യയെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാനായിരുന്നു പദ്ധതികളെല്ലാം എന്നോർക്കണം..!
ഇന്ത്യ-ചൈനായുദ്ധം
അമ്പതുകളുടെ അവസാനത്തോടെ ഇന്ത്യയിലെങ്ങും ‘ഹിന്ദി ചീനി ഭായി ഭായി’ എന്ന വിളികൾ മുഴങ്ങി. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. തുടർന്നുള്ള സമാധാനക്കരാർ. 1962 ഇന്ത്യാ-ചൈനായുദ്ധം എല്ലാം തകിടംമറിച്ചു. നമുക്കു നേരിടേണ്ടിവന്ന പരാജയവും വലിയൊരു പാഠമായി. അതിൽ ഖിന്നനായ നെഹ്‌റു രണ്ടുവർഷം പിന്നിട്ടതോടെ മരിക്കുകയും ചെയ്തു. ഇന്ത്യയുടെ സായുധസേനാനയത്തിൽ അതോടെ കാര്യമായ മാറ്റംവന്നു. ഇന്നും അതിർത്തിപ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നു.
ധവളവിപ്ലവം
ധവളവിപ്ലവത്തിലൂടെ വലിയൊരു മുന്നേറ്റം നമുക്കുണ്ടാക്കാൻ സാധിച്ചു. പാൽപ്പൊടി ഇറക്കുമതിചെയ്യുന്നൊരു രാജ്യം എന്ന നിലയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദകർ എന്ന നിലയിലേക്ക് ഇന്ത്യ വളർന്നു. മലയാളിയായ വർഗീസ് കുര്യന്റെ സേവന കരങ്ങളായിരുന്നു അതിന്റെ പിന്നിലെന്നതിൽ നമുക്കഭിമാനിക്കാം.
ഹരിതവിപ്ലവം
1966-67 ൽ ഇന്ത്യ രണ്ടു കോടി ടൺ ഭക്ഷ്യസാമഗ്രികൾ ഇറക്കുമതിചെയ്തിരുന്നു.പിന്നീടാണ് കൃഷി മന്ത്രിയും ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ സി. സുബ്രഹ്മണ്യം രംഗത്തെത്തുന്നത്. നല്ല വിത്തിനങ്ങളും ഇരട്ടി വിളവെടുപ്പും ബാങ്കുകൾ ദേശസാൽകൃതമായതോടെ വായ്പകൾ സുതാര്യമായതും ഒരു ദശാബ്ദംകൊണ്ട് ഭക്ഷ്യോൽപാദനം 70% ആക്കി വർദ്ധിപ്പിച്ചു.
പിന്നീടുള്ള കാലം ഇന്ത്യ ഒരുമണി നെല്ലോ, ഗോതമ്പോ ഇറക്കുമതി ചെയ്തിട്ടില്ല.
ബാങ്കുകളുടെ ദേശസാൽക്കരണം
1969-ന് 50 കോടി നിക്ഷേപാടിത്തറയുള്ള 14 ബാങ്കുകൾ സ്വകാര്യബിസിനസ്സുകാരിൽനിന്ന് സർക്കാർ ഏറ്റെടുത്തു. എന്താണതിന്റെ നേട്ടം? സ്വകാര്യസംരംഭകർ അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ഈ ബാങ്കുകൾ സാധാരണക്കാർക്ക് തുറന്നുകിട്ടി. 1980-ൽ 6 ബാങ്കുകൾ കൂടി ദേശസാൽക്കരിച്ചു.
ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം
1971 ബംഗ്ലാദേശ് സൃഷ്ടിക്കാനായി ഇന്ത്യ പാകിസ്ഥാനുമായി നടത്തിയ നിർണ്ണായകയുദ്ധം മൂലം ഇന്ത്യ അത്ര ദുർബ്ബല രാഷ്ട്രമല്ലെന്ന് തെളിയിക്കാനായി. അതിനുശേഷം ഇന്ത്യ-പാക് ബന്ധം അത്ര സുഗമമായിരുന്നില്ല. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ സിംല കരാറിന് കാശ്മീർ പ്രശ്‌നം തീർക്കാനുമായില്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിശുദ്ധമൂല്യങ്ങളെ മുൻനിർത്തി ജയപ്രകാശ് നാരായണൻ 1974-ൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ഒരു ജനകീയപ്രക്ഷോഭം അഴിച്ചുവിട്ടു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന അദ്ദേഹം ആദ്യമായി കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തി. ജനതാസർക്കാരിന്റെ ശില്പികളിലൊരാളായ അദ്ദേഹം ഗാന്ധിജിയെപ്പോലെ അധികാര രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉപയോഗപ്പെടുത്തി അധികാരത്തിലേറിയവർ വാഗ്ദാനങ്ങൾകൊണ്ട് ജീവിക്കുന്നു. എന്നാൽ പ്രവൃത്തിയിലില്ലായിരുന്നു.
ഇന്ദിരാഗാന്ധി വധം
അതൊരു യുഗത്തിന്റെ അന്ത്യമായിരുന്നു. 1984-ൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷമേറ്റ കനത്ത പരാജയത്തിനുശേഷം ഇന്ദിരാഗാന്ധി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ 1984 ഒക്ടോബർ 31-ന് രാവിലെ അംഗരക്ഷകരാൽ ദാരുണമായി കൊലചെയ്യപ്പെടുകയാണുണ്ടായത്. ഇന്ദിരയുടെ അധികാരശക്തിയും മേധാവിത്തവും അവരുടെ മരണശേഷവും നിലനിന്നു. അതുകൊണ്ടുകൂടിയാണ് രാജീവ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി ആയത്. പിന്നീട് രാജീവ് ഗാന്ധിയും തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിൽവച്ച് മനുഷ്യബോംബുകളാൽ കൊല്ലപ്പെടുകയാണുണ്ടായത്.
ഉദാരവൽക്കരണം രണ്ടാം സ്വാതന്ത്ര്യലബ്ധി
1991-ലെ സാമ്പത്തിക ഉദാരവൽക്കരണം ഭാരതീയചരിത്രത്തിലെ ഏറ്റവും സുപ്രധാനമുഹൂർത്തങ്ങളിലൊന്നാണ്. ഇന്ത്യയുടെ നയങ്ങളിൽ ഗണ്യമായ മാറ്റംവരുത്തിയതിനൊപ്പം ഇന്ത്യൻ ചിന്താഗതിതന്നെ അപ്പാടെ മാറിപ്പോയി. ലൈസൻസ് രാജിന് അന്ത്യംകുറിച്ചു. സത്യത്തിൽ സ്വാതന്ത്ര്യം നേടി 44 വർഷത്തിനുശേഷം ഇന്ത്യ സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങിയതപ്പോഴായിരുന്നു.
ബി ജെ പി അധികാരത്തിൽ
1996 ഇന്ത്യയിലെ ആദ്യത്തെ ബി ജെ പി സർക്കാരിന് 13 ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. എന്നാൽ ആ ചെറിയ കാലയളവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് വഴിവെച്ചു. ഇടത് അനുഭാവമുള്ള കോൺഗ്രസിസം മാത്രം കണ്ടിരുന്ന ഇന്ത്യയിൽ അതൊരു വലതു ചായ്‌വിനിടയാക്കി. മൂന്നു വർഷത്തിനുശേഷം അത് സ്ഥാപിതവൽക്കരിക്കപ്പെട്ടു.
ഗുജറാത്ത് കലാപങ്ങൾ
2002-ൽ ആണ് ഗോദ്രയിൽ തീവണ്ടി അഗ്‌നിക്കിരയാക്കപ്പെട്ടത്. ഈ സംഭവം ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശമായ കാലാപത്തിന് തിരികൊളുത്തി. കലാപാഗ്‌നിയിൽ ആയിരത്തോളം ജീവൻ ബലികഴിക്കപ്പെട്ടു. അവിടെ ജീവിക്കുന്നവരുടെ മനസ്സിൽ അതിപ്പോഴും എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
നരേന്ദ്ര മോദിയുടെ വരവ്
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ദേശീയജനാധിപത്യസഖ്യം മോദിയെ പ്രധാനമന്ത്രിയാക്കി. 2019-ൽ വീണ്ടും പ്രധാനമന്ത്രിയായി.
പൗരത്വഭേദഗതിബിൽ
2019 ഡിസംബർ 10-ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബർ 11-ന് രാജ്യസഭയിലും പാസാക്കി. പൗരത്വഭേദഗതിബിൽ. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽവന്നു.
ബിൽ പാസാക്കിയത് വൻ പ്രതിഷേധത്തിന് കാരണമായി. ബില്ലിനെ എതിർക്കുന്ന നിവേദനത്തിൽ ആയിരത്തിലധികം ഇന്ത്യൻ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഒപ്പിട്ടു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കൻ കമ്മീഷനും ബില്ലിനെ വിമർശിച്ചു. ബില്ലിന്റെ ചില വിമർശകർ ഇത് മതപരമായ വിവേചനം നിയമവിധേയമാക്കുന്നുവെന്ന് വിശ്വസിക്കുന്നു.
ഇന്ത്യൻ കർഷകപ്രക്ഷോഭം
2020 സെപ്റ്റംബറിൽ നരേന്ദ്ര മോഡി സർക്കാർ കേന്ദ്രമന്ത്രി സഭയിൽ പാസാക്കിയ ഒന്നിലധികം ബില്ലുകളാണ് കർഷകബില്ലുകൾ 2020 എന്നറിയപ്പെടുന്നത്.
എന്നാൽ കർഷകരുടെ ആവശ്യങ്ങളെ അവഗണിച്ചും മൗനംപാലിച്ചും സമരവീര്യം കെടുത്താമെന്ന മോദി സർക്കാരിന്റെ സമീപനത്തോട് കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ മറുപടി നൽകാൻ കർഷകർക്ക് സാധിച്ചു. സമരം 358 ദിവസം നീണ്ടുനിന്നു. 719 മരണത്തിന് ഇടയാക്കിയ വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളും ഒടുവിൽ ജനരോഷം ഭയന്ന് പിൻവലിക്കേണ്ടിവന്നു

Leave a Reply

Your email address will not be published. Required fields are marked *